വാതിൽ കൊട്ടിയടച്ച് കാനഡ; ഇനി രക്ഷ എവിടെ? ഓസ്ട്രേലിയയോ അമേരിക്കയോ മികച്ചത്?..മലയാളികൾ പറയുന്നു
വിദേശ പഠനം എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ച്, പ്രത്യേകിച്ച് കേരളക്കാരെ സംബന്ധിച്ച് അത് കാനഡയാണ്. മികച്ച ജീവിത സാഹചര്യം, ജോലി സാധ്യത, സാമൂഹിക അന്തരീക്ഷം എന്നിവയെല്ലാമാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. മാത്രമല്ല ഉപരിപഠനം പൂർത്തിയാക്കി കഴിഞ്ഞാൽ പിആർ നേടിയെടുക്കുകയെന്നത് താരതമ്യേന എളുപ്പമാണെന്നതും കാനഡയെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നുണ്ട്.
എന്നാൽ ഇത്തരം സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം നടപ്പാക്കാൻ ഒരുങ്ങുകയാണ് കാനഡ. ഈ വര്‍ഷം സ്റ്റുഡന്‍റ് വീസ 35 ശതമാനം കുറയ്ക്കാനാണ് തീരുമാനം. വേണ്ടത്ര വീടുകളോ ഹോസ്റ്റലുകളോ ഇല്ലാത്തതാണ് അടിയന്തര ഇടപെടലിന് കാരണമെന്നാണ് കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയത്.

കാഡന തീരുമാനം കടുപ്പിച്ചതോടെ വിദേശ പഠനത്തിനായി മറ്റ് രാജ്യങ്ങളിലെ സാധ്യതകൾ പരിശോധിക്കുകയാണ് പലരും. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ പ്രധാനമായും പരിഗണിക്കുന്നത്. ഇവയിൽ എവിടെ പോകുന്നതായിരിക്കും മികച്ചത്? ഇവിടങ്ങളിൽ കഴിയുന്ന മലയാളികൾ തന്നെ അതിന് ഉത്തരം നൽകുകയാണ്.
'മലയാളികൾ അമേരിക്കയിലേക്ക് പൊതുവെ വരാറുള്ളത് കുടുബം കുടിയേറിയതിനാലോ വിവാഹം വഴിയോ ഒക്കെയാണ്. എന്നാൽ ഇന്ന് ഉപരിപഠനത്തിന് എത്തുന്ന മലയാളികൾ കൂടുതലാണ്. ബിരുദാനന്തര ബിരുദത്തിനാണ് കൂടുതൽ പേർ എത്തുന്നത്. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ് തന്നെ കുട്ടികൾ ഇവിടേക്ക് വരുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും മികച്ച ജീവിത സൗകര്യങ്ങളും ആണ് വിദ്യാർത്ഥികളെ ഇവിടേക്ക് എത്തിക്കുന്നത്', യുഎസ്എ കെവിടിവി ചെയർമാൻ സാജു കണ്ണംപള്ളി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.
'നഴ്സിങ് മേഖലയായിരുന്നു ആദ്യ കാലങ്ങളിൽ വിദേശത്തുള്ളവരെ അമേരിക്കയിൽ എത്തിച്ചതെങ്കിൽ ഇന്ന് വിദഗ്ദ പഠനം പൂർത്തിയാക്കിയവർക്കൊക്കെ ഇവിടെ അവസരങ്ങൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ അവബോധം ലഭിക്കുന്നില്ല. അതുകൊണ്ടാണ് പലരും അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. അമേരിക്കയെ സംബന്ധിച്ചെടുത്തോളം ഓരോ സർവ്വകലാശാലകളിലും കൗൺസിലർമാരുണ്ട്. ഇവരോട് ഇമെയിൽ വഴി ബന്ധപ്പെട്ട് കോളേജിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. ഇത് തട്ടിപ്പിന് ഇരയാകാതിരിക്കാൻ നിങ്ങളെ സഹായിക്കും.
ജിവീത സാഹചര്യങ്ങൾ, മികച്ച വിദ്യാഭ്യാസം , കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും മലിനമാകാത്ത അന്തരീക്ഷം, ജോലിയും ബിസിനസും ചെയ്യാനുള്ള അവസരങ്ങൾ , അതിന് തയ്യാറായാൽ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സംവിധാനമാണ് അവിടെ ഉള്ളത്, ജീവിതം ആസ്വദിക്കണമെന്ന ചിന്ത തരുന്ന ഒരു രാജ്യം കൂടിയാണ് അമേരിക്ക. ഇതൊന്നും ഒറ്റ ദിവസം കൊണ്ട് നേടിയെടുക്കാം എന്ന് കരുതരുത്. ഇവിടുത്ത സാഹചര്യങ്ങളപമായി പൊരുത്തപ്പെടുന്നത്. ഇവിടെ പണം ലഭിക്കുന്നത് 16 മണിക്കൂർ ജോലി ചെയ്തേക്കാമെന്ന് കരുതരുത്. അപ്പോൾ ജീവിതം എന്നത് വെറും ജോലിയായി മാറും. ജീവിത സൗകര്യങ്ങൾ ആസ്വദിക്കാൻ പഠിക്കണം', അദ്ദേഹം പറഞ്ഞു.
നഴ്സുമാർ കൂടുതലായി എത്തിയിരുന്ന ഓസ്ട്രേലിയയിൽ ഇപ്പോൾ പല മേഖലയിൽ നിന്നുള്ളവർ എത്തുന്നുണ്ടെന്ന് പറയുകയാണ് ഓസ്ട്രേലിയ ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റ് റെജി പാറയ്ക്കൽ. 'ടൂൾ മേക്കേഴ്സ് ആയിട്ടാണ് ആദ്യകാലത്ത് ഓസ്ട്രേലിയയിലേക്ക് ആളുകൾ വന്നത്. പിന്നീട് ഉണ്ടായത് നഴ്സുമാരാണ്. ടീച്ചേഴ്സ് പിന്നെ എത്തി. ഇപ്പോൾ കൂടുതലായി വിദ്യാർത്ഥികളാണ് എത്തുന്നത്. ആദ്യകാലങ്ങളിൽ ബിരുദാനന്തര ബിരുദത്തിനാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്. എന്നാൽ ഇന്ന് അത് പ്ലസ്ടു കഴിഞ്ഞ ഉടനെ എത്തുന്ന അവസ്ഥയിലായി. നഴ്സിങ് ഒക്കെ പഠിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. പഠനത്തോടൊപ്പം വരുമാനം എന്നതാണ് അവരുടെ ആകർഷണം. എവിടേയും ജോലി എന്നൊരു സാധ്യതയും അവർക്കുണ്ട്.
അമേരിക്ക പോലെ തന്നെ ഓസ്ട്രേലിയയിൽ നഴ്സിങ് മേഖലയിലാണ് ആദ്യം കൂടുതൽ പേർ എത്തിയത്. എന്നാൽ ഇന്ന് ഓസ്ട്രേലിയ ഇപ്പോൾ എല്ലാ മേഖലയിലേക്കും ആളുകൾ വരുന്നുണ്ട്. മാത്രമല്ല സംരഭങ്ങൾ തുടങ്ങാനുള്ള സാധ്യതകളും ഇവിടെ ഉണ്ട്. ജീവിത രീതി, കാലാവസ്ഥ, ജോലി സാധ്യത എല്ലാം തന്നെയാണ് ഓസ്ട്രേലിയയിലെ മികച്ച കാര്യങ്ങൾ. എന്നാൽ ഇതൊക്കെ കണ്ട് ഇവിടേക്ക് വരുമ്പോൾ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications