കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്കാർക്കും എട്ടിന്റെ പണി; വിസകൾ കൂട്ടത്തോടെ നിരസിക്കുന്നു
കാനഡയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ പഠന ലക്ഷ്യസ്ഥാനമായി ഓസ്ട്രേലിയയെ ആശ്രയിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ. മികച്ച ജോലി സാധ്യതയും പഠന സൗകര്യങ്ങളുമെല്ലാം തന്നെയാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ ഇന്ത്യക്കാർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്.
വിദേശ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ നിരസിക്കുന്നത് ഓസ്ട്രേലിയയിൽ കൂടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2023 ൽ അഞ്ചിൽ ഒരാളുടെ അപേക്ഷ നിരസിക്കപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.സിഡ്നി മോണിങ് ഹെരാൾഡ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷം വിദ്യാർത്ഥി വിസ അനുവദിക്കുന്നിൽ 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും സിഡ്നി മോണിങ് ഹെരാൾ റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥി വിസകൾ നിരസിച്ചത് ഈ വർഷത്തെ കുടിയേറ്റക്കാരുടെ എണ്ണവും കുറയാൻ കാരണമായി. കഴിഞ്ഞ വർഷം 375,000 പേരാണ് രാജ്യത്ത് എത്തിയതെങ്കിൽ അടുത്ത വർഷം ഇത് 250,000 ആയി കുറയുമെന്നാണ് പ്രവചനങ്ങൾ.
ഓസ്ട്രേലിയയിലെ കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ വിസ നിരസിക്കുന്നതിനോടൊപ്പം തന്നെ, വിസ പ്രോസസിങിലെ മെല്ലെ പോക്ക്, ഓഫർ ലെറ്ററുകൾ റദ്ദ് ചെയ്യുന്ന അവസ്ഥ എന്നിവയിലേക്കെല്ലാം നയിച്ചിരിക്കുകയാണ്. പുതിയ മൈഗ്രേഷൻ ക്രമീകരണങ്ങൾ പ്രകാരം വിദ്യാർത്ഥികൾ തങ്ങളുടെ അക്കൗണ്ടുകളിൽ കൂടുതൽ തുക കാണിക്കേണ്ടതുണ്ട്. മാത്രമല്ല ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസിന്റെ സ്കോറുകൾ വർധിപ്പിക്കുകയും ചെയ്തു. പുതിയ തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നിരുന്നാലും, വിസ അപ്രൂവൽ നടപടികളിൽ സുതാര്യതയില്ലായ്മ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ മാതൃരാജ്യങ്ങളും ഓസ്‌ട്രേലിയയും തമ്മിലുള്ള തൊഴിൽ സാധ്യതകളിലെ അസമത്വവുമായിരിക്കാം കാരണം എന്നാണ് ചില വിലയിരുത്തലുകൾ.
ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് വിസ പ്രോസസിങ്ങിനും മറ്റ് നടപടികൾക്കും കൂടുതൽ സമയം വേണ്ടി വന്നേക്കും. അതിൽ തന്നെ ലെവൽ 3യിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ അനിശ്ചിത്വം ഉണ്ടാകും. ഇതാകാം വിസ നിരസിക്കൽ കൂടുതലാകാൻ മറ്റൊരു കാരണമെന്ന വിലയിരുത്തലുകൾ ഉണ്ട്.
സർക്കാർ 'റിസ്ക് ലിസ്റ്റ്' അപ്ഡേറ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് കൂടുതൽ വിസ നിരസിക്കാൻ കാരണമായേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications