ഓസ്ട്രേലിയയിലേക്ക് ബാഗ് പാക്ക് ചെയ്തോളൂ.. മാസം 5 ലക്ഷം വരെ ശമ്പളം, 600,000 ഒഴിവുകൾ
സിഡ്നി; വിദേശത്തൊരു ജോലി സ്വപ്നം കാണുന്ന യുവാക്കളുടെ ലക്ഷ്യ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. മികച്ച ജീവിത നിലവാരം, ഉയർന്ന ശമ്പളം, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാമാണ് ഇവിടേക്ക് ആളുകളെ പ്രധാനമായും ആകർഷിക്കുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയ സ്വപ്നം കാണുന്നവരെ തേടി ഒരു ശുഭ വാർത്ത എത്തിയിരിക്കുകയാണ്. 2030 ഓടെ രാജ്യത്ത് 1.2 മില്യൺ ഒഴിവുകൾ നികത്തപെടുമെന്നാണ് റിപ്പോർട്ട്. വിശദമായി അറിയാം
സാങ്കേതിക മേഖലയിൽ 2030-ഓടെ 1.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ മുന്നേറുകയാണെന്ന് വ്യവസായ, ശാസ്ത്ര മന്ത്രി എഡ് ഹുസിക്, നൈപുണ്യ വികസന വകുപ്പ് മന്ത്രി ബ്രെൻഡൻ ഒ കോണർ എന്നിവർ പാർലമെന്റ് ഹൗസിൽ അവതരിപ്പിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക മേഖലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉള്ളത്. രാജ്യത്തെ ഏഴാമത്തെ വലിയ തൊഴിൽ ദാതാവാണ് ഈ മേഖല.

ഈ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച് മേഖലയിലെ നിലവിലെ തൊഴിലാളികളുടെ എണ്ണം 935,000 ആണ്. ഈ വർഷം മാർച്ചിനുള്ളിൽ മാത്രം 10,500 ഓളം പേർക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. റീട്ടെയിൽ, ബാങ്കിംഗ്, പ്രൊഫഷണൽ സേവനങ്ങൾ, ഖനനം തുടങ്ങി വിവിധ വകുപ്പുകളിലെ സാങ്കേതിക വിഭാഗങ്ങളിലാണ് ഇവയിൽ പലതും. ജോലി മാറ്റം, വിരമിക്കൽ എന്നീ കാരണങ്ങളാൽ കൂടുതൽ ഒഴിവുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നാണ് ഇപ്പോൾ ടെക് കൗൺസിൽ വ്യക്തമാക്കുന്നത്. അതായത് 2030 ഓടെ 1.2 ദശലക്ഷം എന്ന ലക്ഷ്യം പൂർത്തിയാകണമെങ്കിൽ ഇനിയും 6 ലക്ഷത്തോളം നിയമനങ്ങൾ സാങ്കേതിക മേഖലയിൽ മാത്രം നടത്തേണ്ടതുണ്ടെന്ന് സാരം.
ഇത്തരത്തിൽ ഒഴിവുകൾ നികത്തപ്പെടുമ്പോൾ സർവ്വകലാശാലകളിൽ നിന്നും നേരിട്ട് 160,000 പേർക്ക് അവസരം ലഭിച്ചേക്കും. 300,000 ആളുകൾ മറ്റ് പരിശീലന പരിപാടികളിലൂടെയും നിയമനങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിചയ സമ്പന്നരായ 150,000 വിദേശ തൊഴിലാളികൾക്കും നിയമനം ലഭിച്ചേക്കുമെന്നാണ് ടെക് കൗൺസിൽ വ്യക്തമാക്കുന്നത്.
ഉയർന്ന ശമ്പളം എന്നതാണ് സാങ്കേതിക മേഖലയിലെ തൊഴിലുകളുടെ മറ്റൊരു ആകർഷണം. പ്രതിവർഷം ശരാശരി 132,000 ഡോളർ വരെ ( 70 ലക്ഷം ഇന്ത്യൻ രൂപ, മാസം അഞ്ച് ലക്ഷത്തോളം) പ്രതിഫലമായി ലഭിക്കുമെന്നും കണക്കുകൾ വ്യക്കമാക്കുന്നു.












Click it and Unblock the Notifications