2.5 കോടി ശമ്പളമുള്ള ജോലി... എസ്ബിഐ വിളിക്കുന്നു; ഈ യോഗ്യതകളുണ്ടോ?
ഗ്രൂപ്പ് സിഐഎസ്ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ് ബി ഐ. ബാങ്കിന്റെ സൈബര്‍ സുരക്ഷാ നയങ്ങളും ദൈനംദിന സുരക്ഷാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക എന്നതാണ് ഈ തസ്തികയുടെ പ്രധാന ചുമതല. എസ്.ബി.ഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 4 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 24 ആണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടി മേഖലയില്‍ പ്രസക്തമായ പ്രവൃത്തിപരിചയവും നിശ്ചിത പ്രായപരിധിയും ഉണ്ടായിരിക്കണം. 2026 ഓഗസ്റ്റ് 31-ലെ കണക്കനുസരിച്ച് അപേക്ഷകരുടെ പരമാവധി പ്രായപരിധി 57 വയസാണ്.

കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളിലോ അല്ലെങ്കില്‍ ഇവയ്ക്ക് തുല്യമായ വിഷയങ്ങളിലോ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബി.ടെക് അല്ലെങ്കില്‍ ബി.ഇ ബിരുദം ഉണ്ടായിരിക്കണം.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദമോ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളില്‍ എം.ടെക്/എം.എസ്.സി ബിരുദമോ (അല്ലെങ്കില്‍ തുല്യമായ ബിരുദം) ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ക്ക് ഐ ടി മേഖലയില്‍ 15 മുതല്‍ 20 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. പ്രതിവര്‍ഷം 2.5 കോടി രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് ബി ഐയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകള്‍ വഴി സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. തുടര്‍ന്ന്, എസ്ബിഐയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷോര്‍ട്ട്ലിസ്റ്റിംഗ് നടത്തുകയും, തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവൃത്തിപരിചയ ആവശ്യകതകള്‍, അപേക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവ പരിശോധിക്കുകയും വേണം.
ഉയര്‍ന്ന തലത്തിലുള്ള സൈബര്‍ സുരക്ഷാ തസ്തികയിലേക്കുള്ള നിയമനമാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ എസ്ബിഐയുടെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഈ തസ്തികയുടെ മുതിര്‍ന്ന പദവി കണക്കിലെടുത്ത്, നിശ്ചിത പ്രൊഫഷണല്‍ പരിചയസമ്പത്തും യോഗ്യതകളും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications
