ഡിഗ്രിക്കാര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അവസരം.. കേരളത്തിലും ഒഴിവുകള്‍!
ബാങ്ക് ഓഫ് ബറോഡ അപ്രന്റീസ് ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രാജ്യത്താകമാനം 2700 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. 52 ഒഴിവുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 1 ആണ്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. യോഗ്യതാനന്തര പരിശീലനമോ ജോലി പരിചയമോ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. 2025 നവംബര്‍ 1 എന്ന തിയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക. നാല് വര്‍ഷത്തിനുള്ളില്‍ യോഗ്യത നേടിയവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.

അപേക്ഷകരുടെ പ്രായ പരിധി 20 വയസിനും 28 വയസിനും ഇടയില്‍ ആയിരിക്കണം. 2025 നവംബര്‍ 1 എന്ന തിയതി കണക്കാക്കിയാണ് പ്രായ പരിധി നിശ്ചയിക്കുന്നത്. അതേസമയം സംവരണ വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. പട്ടിക വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.
ഭിന്ന ശേഷിക്കാര്‍ക്ക് പ്രായ പരിധിയില്‍ പത്ത് വര്‍ഷവും ഇളവ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ടക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ, ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അതേസമയം പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു തലത്തില്‍ പ്രാദേശിക ഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകര്‍ക്കു ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
800 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. ഭിന്ന ശേഷിക്കാര്‍ 400 രൂപയാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ ആയിട്ടാണ് ഫീസ് അടയ്‌ക്കേണ്ടത്. നാഷണല്‍ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്‌കീം ( എന്‍ എ ടി എസ് ) വെബ്‌സൈറ്റിലും ( www.nats.education.gov.in ) എന്‍ എ പി എസ് പോര്‍ട്ടലിലും ( www.apprenticeshipindia.gov.in ) രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ക്കുമായി www.bankofbaroda.bank.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications