സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള ഒഴിവുകളിലേക്ക് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്കിംഗ് മേഖലയില്‍ അവസരം തേടുന്നവര്‍ക്ക് ഇത് മികച്ചൊരവസരമാണ്.
അപേക്ഷകര്‍ക്ക് 2026 ജനുവരി 31-ന് 30 വയസ് കവിയരുത്. അതായത് അപേക്ഷകര്‍ 1996 ഫെബ്രുവരി 1-നോ അതിനു ശേഷമോ ജനിച്ചവരാകണം. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായ പരിധി ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാര്‍ഷിക സി.ടി.സി 7.56 ലക്ഷം രൂപയാണ്. ഇതില്‍ 4.20 ലക്ഷം രൂപ സ്ഥിര വേതനം (NPS ഉള്‍പ്പെടെ), 2.88 ലക്ഷം രൂപ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേരിയബിള്‍ പേ, 48,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം (കവറേജ് 5.25 ലക്ഷം രൂപ) എന്നിവ ഉള്‍പ്പെടുന്നു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, ബാങ്കുകള്‍/എന്‍ബിഎഫ്‌സികള്‍/ധനകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധമാണ്. മുമ്പ് ജൂനിയര്‍ ഓഫീസര്‍ റോളിലേക്കുള്ള ഗ്രൂപ്പ് ചര്‍ച്ചയിലോ അഭിമുഖത്തിലോ തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ഇല്ല.
തിരഞ്ഞെടുപ്പ് ഗ്രൂപ്പ് ചര്‍ച്ചയുടെയും അല്ലെങ്കില്‍ വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. ഗ്രൂപ്പ് ചര്‍ച്ച എലിമിനേഷന്‍ റൗണ്ടാണ്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം അഭിമുഖത്തിനായി പരിഗണിക്കും. അപേക്ഷാ യോഗ്യത മാത്രം നിയമന പ്രക്രിയ ഉറപ്പുവരുത്തുന്നില്ല.
അപേക്ഷകരുടെ എണ്ണം പരിഗണിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്താനും അന്തിമ നിയമനത്തിനുള്ളവരുടെ എണ്ണം നിശ്ചയിക്കാനും ബാങ്കിന് അധികാരമുണ്ട്. യോഗ്യതയിലും തിരഞ്ഞെടുപ്പിലുമുള്ള ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ അന്വേഷണങ്ങള്‍ അനുവദനീയമല്ല.
ഉദ്യോഗാര്‍ത്ഥികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.southindianbank.com വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിലെ Recruitment / Career / Advertising Menu വിഭാഗത്തില്‍ വിജ്ഞാപനം കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യുക. വിജ്ഞാപനം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക. ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പൂരിപ്പിക്കുക. നിര്‍ദ്ദേശിച്ച ഫോര്‍മാറ്റില്‍ രേഖകള്‍ അപ്ലോഡ് ചെയ്തു വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കി അപേക്ഷ സമര്‍പ്പിക്കുക. പ്രിന്റൗട്ട് എടുത്ത് ഭാവി റഫറന്‍സിനായി സൂക്ഷിക്കുക.












Click it and Unblock the Notifications