ബെംഗളൂരിൽ നിന്നും ഗോവയ്ക്ക് പോയാലോ? 5 ദിവസം അടിച്ച് പൊളിക്കാം; ഇതാ പാക്കേജ്
ബെംഗളൂരു: ഗോവയിൽ പോയി നാല് ദിവസം അടിച്ചുപൊളിച്ചാലോ?. എങ്ങനെ പോകും, എവിടെ കഴിയും ഏതൊക്കെ സ്ഥലങ്ങൾ കാണും എന്നൊക്കെയാണോ ആലോചിക്കുന്നത്? യാതൊരു ആശങ്കയും വേണ്ട ,വളരെ എളുപ്പത്തിൽ ഗോവ കറങ്ങി തിമർത്ത് വരാനുള്ള ഒരു കിടിലം പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. പണമടച്ച് ടിക്കറ്റെടുത്താൽ യാത്രയിൽ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഐ ആർ സി ടി സി നോക്കിക്കോളും. പാക്കേജ് വിശദാംശങ്ങൾ എങ്ങനെയെന്ന് അറിയാം
ബാംഗ്ലൂർ പരമാവധി ആസ്വദിച്ച് കഴിഞ്ഞാൽ പിന്നെ ആളുകൾ ഇവിടെ നിന്ന് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഗോവയാണ്. മുപ്പതോളം ബീച്ചുകൾ, നൈറ്റ് ലൈഫ്, അതിപുരാതനായ പള്ളികൾ, ലോക പൈതൃക വാസ്തു വിദ്യ, റിസോർട്ടുകൾ, കോട്ടകൾ എന്നിങ്ങനെ ഗോവയിൽ കണ്ടുതീർക്കാൻ പറ്റാത്തത്ര കാഴ്ചകൾ ഉണ്ട്. സഞ്ചാരികളെന്ന നിലയിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നം ഗോവയിൽ എവിടെ തുടങ്ങുമെന്നാണ്. സ്വകാര്യ ടൂറിസ്റ്റ് പാക്കേജുകളെ ആശ്രയിച്ചാൽ കഴുത്തറുപ്പൻ തുക ഈടാക്കും. ഗൈഡിനെ ആശ്രയിക്കമെന്നാണെങ്കിൽ അവരും കാര്യമായി തന്നെ സഞ്ചാരികളെ പിഴിയും. അവിടെയാണ് ഐ ആർ സി ടി സി പാക്കേജിന്റെ ഗുണം. നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന പാക്കേജിൽ ഭക്ഷണം ഉൾപ്പെടെ എല്ലാം സഞ്ചാരികൾക്ക് ലഭിക്കും.

ഗോവ-കാർണിവൽ പാക്കേജ് എക്സ് ബെംഗളൂരു എന്നാണ് പാക്കേജിന്റെ പേര്. യശ്വന്ത്പൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് വൈകീട്ട് മൂന്നിനാണ് ട്രെയിൻ എടുക്കുന്നത്. രണ്ടാം ദിവസം പുലർച്ചെ അഞ്ച് മണിയോടെ വാസ്കോ റെയിൽ സ്റ്റേഷനിൽ ട്രെയിൻ എത്തും. അവിടെ നിന്നും നേരെ ഹോട്ടലിലേക്ക്. പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിയാൽ അൻജുനാ ബീച്ച്, വാഗറ്റോർ ബീച്ച്, ഫോർട്ട് അഗൗഡ, കാലൻഗുട്ടെ ബീച്ച് എന്നിവ കാണാം. വൈകീട്ട് ഹോട്ടലിൽ തിരിച്ചെത്തി രാത്രി ഭക്ഷണവും കഴിച്ച് അവിടത്തന്നെ താമസം. മൂന്നാം ദിവസം സൗത്ത് ഗോവയാണ് പ്രധാനമായും കാണുന്നത്. മംഗുഷി ക്ഷേത്രം, പഴയ ഗോവ പള്ളികൾ, മിരാമർ ബീച്ച്, ഡോണപോള ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക.
നാലാം ദിവസം പഞ്ചിമിൽ ഷോപ്പിങ്, അതുകഴിഞ്ഞാൽ വൈകുന്നേരം മണ്ഡോവി നദി ക്രൂയിസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകഴിഞ്ഞാൽ രാത്രിയോടെ വാസ്കോ സ്റ്റേഷനിൽ തിരികെ എത്തിക്കും. 10:55 ന് ട്രെയിൻ കയറി കഴിഞ്ഞാൽ 12.35 ഓടോ യശ്വന്ത്പൂരിൽ മടങ്ങിയെത്താം. ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 18,900 രൂപയാണ് പാക്കേജ്. ഡബിൾ ഷെയറിങ്ങിന് 19,460 ഉം, സിംഗിൾ ഒക്യുപെൻസിക്ക് 25,770 രൂപയുമാണ് ഈടാക്കുന്നത്. ഫെബ്രുവരി 9 നാണ് അടുത്ത പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/pacakage_description?packageCode=SBR012












Click it and Unblock the Notifications