ഓസ്ട്രേലിയയിൽ പോയാൽ തിരഞ്ഞെടുക്കേണ്ടത് ഈ പാർട്ട് ടൈം ജോലികൾ; കാരണം ഇതാണ്
ഉന്നത പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പോകുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മികച്ച ജീവിതവും ഉന്നത വിദ്യാഭ്യാസ നിലവാരവുമാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നിരുന്നാലും വിദേശത്ത് പഠിക്കുമ്പോൾ ജീവിതച്ചെലവ് കൈകാര്യം ചെയ്യുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.
അതുകൊണ്ട് തന്നെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും വിദ്യാർത്ഥികൾ കണ്ടെത്താറുണ്ട്. പാർട്ട് ടൈം ജോലി എന്നത് ചെലവുകൾ കണ്ടെത്താൻ സഹായിക്കുക മാത്രമല്ല, വിവിധ തൊഴിലുകളിൽ പ്രവൃത്തിപരിചയം നേടിയെടുക്കാനും നിങ്ങളെ സഹായിക്കും. ഓസ്‌ട്രേലിയയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പാർടൈം ജോലികൾ ഏതൊക്കെയെന്ന് നോക്കാം

റീട്ടെയിൽ അസിസ്റ്റന്റ്
സൂപ്പർമാർക്കറ്റുകൾ, വസ്ത്ര വിൽപനശാലകൾ അല്ലെങ്കിൽ ഇലക്ട്രോണിക്സ് കടകൾ പോലുള്ള റീട്ടെയിൽ സ്റ്റോറുകളിൽ വിദ്യാർത്ഥികൾ ജോലി കണ്ടെത്താറുണ്ട്. ജോലി സമയം ഫ്ലക്സിബിൾ ആയത് കൊണ്ട് തന്നെ വിദ്യാർത്ഥികളെ സംബന്ധിച്ച് ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നതാണ് ഇത്തരം ജോലികളുടെ ഗുണം.
ഹോസ്പിറ്റാലിറ്റി ആന്റ് ഫുഡ് സർവ്വീസ്
റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉണ്ട്. കസ്റ്റമേഴ്സിൽ നിന്നും ഓഡറുകൾ സ്വീകരിക്കുക, ഭക്ഷണങ്ങൾ തയ്യാറാക്കുക, ക്ലീനിങ് തുടങ്ങിയ ജോലികളാണ് ഇവർക്ക് ലഭിക്കുക. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഫ്ലെക്സിബിൾ ഷിഫ്റ്റുകൾ ലഭിക്കുമെന്നത് കൊണ്ട് തന്നെ കൂടുതൽ വിദ്യാർത്ഥികളും ഇത്തരം ജോലികൾ തിരഞ്ഞെടുക്കാറുണ്ട്.
ട്യൂട്ടറിങ് ആന്റ് അക്കാഡമിക് അസിസ്റ്റൻസ്
ഗണിതം, ശാസ്ത്രം, ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ട്യൂട്ടറിങ് ജോലികൾ മികച്ച വരുമാനം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നു. ട്യൂട്ടറിംഗ് സെന്ററുകൾ, ഓൺലൈൻ ട്യൂട്ടറിംഗ് സേവനങ്ങൾ അല്ലെങ്കിൽ പ്രാദേശിക പരസ്യങ്ങൾ പോലുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ അവസരം ലഭിക്കും.
അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട ബിസിനസുകൾ, കോർപ്പറേറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും അഡ്മിനിസ്ട്രേറ്റീവ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡാറ്റാ എൻട്രി, ഓസീഫ് സേവനങ്ങൾ എന്നിവയായിരിക്കും പ്രധാന ജോലികൾ.
ഡെലിവറി, കൊറിയർ സേവനങ്ങൾ
ഫുഡ് ഡെലിവറി സേവനങ്ങൾക്കോ കൊറിയർ കമ്പനികൾക്കോ വേണ്ടി പ്രവർത്തിക്കുന്നത് മറ്റൊരു മികച്ച ഓപ്ഷനാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ സമയം തിരഞ്ഞെടുക്കാം എന്നത് ഏറെ സൗകര്യപ്രദമാണ്.
ഇവന്റ് സ്റ്റാഫിംഗ്
കോൺഫറൻസുകൾ, കച്ചേരികൾ, സ്‌പോർട്‌സ് മത്സരങ്ങൾ ഉത്സവങ്ങൾ എന്നിവ പോലുള്ള ഇവന്റുകൾക്ക് ടിക്കറ്റിംഗ്, അഷറിംഗ്, ഇവന്റ് സജ്ജീകരണം, ഉപഭോക്തൃ സേവനം തുടങ്ങിയ റോളുകൾക്കായി താൽക്കാലിക ജീവനക്കാരെ നിയമിക്കാറുണ്ട്. ഇതും കൂടുതൽ വരുമാനം ഉറപ്പാക്കാനുള്ള മികച്ച വഴികളിലൊന്നാണ്.












Click it and Unblock the Notifications