കാനഡ കുടിയേറ്റം: വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്ത, ഐഇഎൽടിഎസ് ഇനിയൊരു വില്ലനല്ല, പുതിയ നിയമം
കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നവരുടെ പ്രധാന കടമ്പയാണ് ഐഇഎല്‍ടിഎസ്. എത്ര ഉയർന്ന മാർക്കുണ്ടെങ്കിലും ഐഇഎല്‍ടിഎസില്‍ മതിയായ ബാൻഡ് സ്കോർ നേടാനായില്ലെങ്കിൽ വിദേശ മോഹം എട്ടായി മടക്കി വെക്കേണ്ടി വരും. ചിലരാവട്ടെ ആറും ഏഴും തവണ എഴുതിയിട്ടാണ് ഐഇഎല്‍ടിഎസ് എന്ന കടമ്പ കടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഐഇഎല്‍ടിഎസില്‍ ചില ഇളവുകളോടെ കാനഡിയിലേക്ക് കുടിയേറാനുള്ള സുവർണ്ണാവസരമാണ് വിദ്യാർത്ഥികളെ തേടിയെത്തിയിരിക്കുന്നത്.
കാനഡയിലെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വഴി പഠനാനുമതി തേടുന്ന വിദ്യാർത്ഥികള്‍ക്ക് ഐഇഎൽടിഎസ് പരീക്ഷയില്‍ ഓരോ വിഭാഗത്തിലും കുറഞ്ഞത് 6.0 ബാൻഡ് സ്കോർ നേടേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ഈ വിദ്യാർത്ഥികള്‍ക്ക് ഓവറോള്‍ സ്കോറായി 6.0 നേടിയാല്‍ മതിയാവും. അതേസമയം മറ്റ് പ്രോഗ്രാമുകള്‍ വഴി അപേക്ഷിക്കുന്നവർക്ക് ഐഎല്‍ടിഎസിന് ഒരോ വിഭാഗത്തിനും 6.0 ബാന്‍ഡ് സ്കോർ നേടേണ്ടി വരും.

വ്യക്തിഗത ബാൻഡ് സ്‌കോറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ടെസ്റ്റ് എഴുതുന്നവരുടെ സമഗ്രമായ കഴിവുകൾ തിരിച്ചറിയാൻ പുതിയ മാറ്റം സഹായിക്കുമെന്ന് സൗത്ത് ഏഷ്യ ആൻഡ് മൗറീഷ്യസ് റീജിയണൽ ഡയറക്ടർ പിയൂഷ് കുമാർ പറഞ്ഞു. ഈ മാറ്റം ലോകമെമ്പാടുമുള്ള കഴിവുള്ള വിദ്യാർത്ഥികൾക്ക് കാനഡയിൽ അവരുടെ വിദ്യാഭ്യാസ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് അപേക്ഷാ പ്രക്രിയ എളുപ്പമാക്കുന്നതിന് മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് അപേക്ഷാ നടപടിക്രമം എളുപ്പമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നെന്നും ഐആർസിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ, കൂടാതെ മറ്റ് പല രാജ്യങ്ങളിലും പഠിക്കുന്നതിനോ ജോലിക്കോ പോവുന്ന വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎൽടിഎസ്) വിജയിച്ചിരിക്കണമെന്നാണ് ഓരോ രാജ്യങ്ങളും നിർദേശിക്കുന്നത്. പഠനത്തിനോ ജോലിയ്‌ക്കോ വേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്തേക്ക് മാറുന്നവരുടെ ഇംഗ്ലീഷിലെ എഴുത്ത്, സംസാരം, കേൾവി, വായന ശേഷി എന്നിവയാണ് ഐഎല്‍ടിഎസിലൂടെ പരിശോധിക്കുന്നത്.
എന്താണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം
കാനഡയിലെ പോസ്റ്റ്-സെക്കൻഡറി അംഗീകൃത പഠന സ്ഥാപനങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് പ്രോസസ്സിംഗ് സ്കീമാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിഭാഗം. ഈ പദ്ധതിയിലൂടെ പതിവായി യോഗ്യരായ വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠിക്കാനുള്ള കാര്യക്ഷമവും വേഗത്തിലുള്ളതുമായ അവസരം ഒരുക്കുന്നു. ഇത് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതൽ സുഗമമായി മാറാൻ വിദ്യാർത്ഥികളെ അനുവദിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications