കാനഡ വീണു, ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പോകുന്നത് ഈ രാജ്യത്തേക്ക്
ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശപഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യമായി അമേരിക്ക. 69 ശതമാനം പേരാണ് ഉപരിപഠനത്തിനായി യുഎസ് തിരഞ്ഞെടുക്കുന്നത്. യുഎസിന് പിന്നാലെ യുകെയാണ്, 54 ശതമാനം പേർ.ഓക്‌സ്‌ഫോർഡ് ഇൻ്റർനാഷണലിൻ്റെ സ്റ്റുഡൻ്റ് ഗ്ലോബൽ മൊബിലിറ്റി ഇൻഡക്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിദേശ കുടിയേറ്റവും യുവാക്കളുടെ താത്പര്യവും സംബന്ധിച്ചാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.
നേരത്തേ ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു കാനഡയോട് യുവാക്കൾക്ക് താത്പര്യം നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 43 ശതമാനം പേർ മാത്രമാണ് കാനഡയെ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയെ 27 ശതമാനം പേരും. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾ വിദേശ പഠനത്തിനായി തിരഞ്ഞെടുക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രാഥമിക ഘടകം ഈ രാജ്യങ്ങളിലെ മികച്ച സർവ്വകലാശാലകൾ തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. ആഗോളതലത്തിൽ തന്നെ പേരുകേട്ട സർവ്വകലാശാലകളാണ് ഇവിടങ്ങളിൽ ഉള്ളത്. ഇന്ത്യൻ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായുള്ള കരിക്കുലമാണ് സർവ്വകലാശാലകളിൽ ഉള്ളത്.

ഗുണനിരവാരമുള്ള വിദ്യാഭ്യാസവും സർവ്വകലാശാലകളും തന്നെയാണ് യുഎസിലേക്ക് വിദ്യാർത്ഥികളെ കൂടുതൽ ആയി ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസത്തിലെ ഗുണനിലവാരമാണ് യുകെയുടെ പ്രത്യേകതയെന്ന് 59 ശതമാനം വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നു. 61 ശതമാനം വിദ്യാർത്ഥികൾ യുകെയിലെ സർവ്വകലാശാലകൾക്ക് മാർക്ക് നൽകുന്നു. അതേസമയം പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാധ്യതയാണ് കാനഡയെ പ്രീയപ്പെട്ട ഇടമാക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം കാനഡ, യുകെ പോലുള്ള രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നിയമങ്ങൾ കർശനമാക്കിയതോടെ യൂറോപ്പിലേക്ക് ചേക്കേറുന്നുണ്ടെന്നത് വസ്തുതയാണ്. അയർലന്റ്, നെതർലന്റ്, റിൻലാന്റ് പോലുള്ള രാജ്യങ്ങളാണ് ഇന്ത്യക്കാർ ഇപ്പോൾ വിദേശപഠനത്തിനായി കൂടുതലായി തിരഞ്ഞെടുക്കുന്നത്. അതുപോലെ, ഏഷ്യയിൽ സിംഗപ്പൂരും ദക്ഷിണ കൊറിയയും വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനുമുള്ള ആകർഷകമായ ഇടമായി മാറുകയാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവും കാരണം നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് യൂറോപ്പ്.കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ലിത്വാനിയ, എസ്തോണിയ, ചിലി, തുർക്കി, മാൾട്ട തുടങ്ങിയ രാജ്യങ്ങളും വിദേശപഠനത്തിനായി തിരഞ്ഞെടുക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുകെ ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുമ്പോഴും ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടുവെന്നത് തിരിച്ചടിയാണ്. കാനഡയെ സംബന്ധിച്ച് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതോടെ കാനഡയിലേക്ക് പോകാൻ വിദ്യാർത്ഥികൾ വിമുഖത കാണിക്കുന്നുണ്ട്. താമസ സൗകര്യങ്ങളുടെ പരിമിതികളാണ് മറ്റൊരു വെല്ലുവിളി. ഉയർന്ന പഠനചെലവും കുറവ് തൊഴിൽ അവസരവുമാണ് യുഎസിൽ വെല്ലുവിളി തീർക്കുന്നത്.












Click it and Unblock the Notifications