താല്‍ക്കാലിക തൊഴിലുകളില്‍ ശമ്പളമുയർത്തി കാനഡ: പക്ഷെ ഇത് എട്ടിന്റെ പണി, വിദേശീയരെ പൂട്ടും
വിദേശ കുടിയേറ്റക്കാർക്ക് മേലുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഒരുവർഷമായി കാനഡ സർക്കാർ ശക്തിപ്പെടുത്തി വരികയാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട് ട്രൂഡോ ഭരണ കൂടം. കുടിയേറ്റക്കാർക്കെതിരായ പ്രാദേശിക വികാരം തിരഞ്ഞെടുപ്പില്‍ ട്രൂഡോ സർക്കാറിനെതിരായി മാറിയേക്കുന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴിതാ മറ്റൊരു നിയന്ത്രണം കൂടി നടപ്പില്‍ വരുത്തിയിരിക്കുകയാണ് സർക്കാർ.
താൽക്കാലിക വിദേശ തൊഴിലാളികളുടെ കാര്യത്തിലാണ് കർശനമായ നിയമങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടേയുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉദ്യോഗാർത്ഥികളേയും വിദ്യാർത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.

മികച്ച തൊഴിൽ വിപണി ഉറപ്പാക്കുക, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണമ കാനഡ താൽക്കാലിക ഫോറിൻ വർക്കർ പ്രോഗ്രാം (TFW) പരിഷ്കരിച്ചിരിക്കുന്നത്. പ്രാദേശിക ജനതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പ് വരുത്തുന്ന ഈ നിയമം മറുവശത്ത് വിദേശീയർക്ക് കാനഡയില്‍ തൊഴില്‍ നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും വിലങ്ങുതടി തീർത്തേക്കാം.
പരിഷ്കരിച്ച നിയമപ്രകാരം മതിയായ യോഗ്യതയുള്ള സ്വന്തം പൗരൻമാരെ ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ മാത്രമേ വിദേശ തൊഴിലാളികളെ താൽക്കാലിക തസ്തികകളിൽ നിയമിക്കാൻ തൊഴിലുടമകൾക്ക് സാധിക്കൂ. നവംബർ 8 മുതൽ ഓരോ പ്രവിശ്യയിലും മണിക്കൂർ വേതനം ശരാശരി 20 ശതമാനം ഉയരും. ഓരോ പ്രവിശ്യയേയും അടിസ്ഥാനമാക്കി 5 ഡോളർ മുതല്‍ 8 ഡോളർ വരെ വർധനവ് ഉണ്ടായേക്കും. ഈ സാഹചര്യത്തില്‍ വിദേശ തൊഴിലാളികളേക്കാള്‍ കാനേഡിയന്‍ തൊഴില്‍ ഉടമകള്‍ മുന്‍ഗണന നല്‍കുക തദ്ദേശീയരായ ആളുകള്‍ക്കായിരിക്കും. തദ്ദേശീയരേക്കാള്‍ കുറഞ്ഞ വേതനം എന്നതായിരുന്നു വിദേശ തൊഴിലാളികളെ നിയമിക്കൂന്നതിലൂടെ ഉടമകള്‍ക്ക് ഇതുവരെ കിട്ടിയ ആനൂകൂല്യം. നിയമം പരിഷ്കരിക്കുന്നതിലൂടെ ഇത് ഇല്ലാതാകും.
കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്ന കാരണത്താല്‍ പല ഉടമകളും കഴിവുള്ള കനേഡിയൻ തൊഴിലാളികളെ നിയമിക്കുന്നതിന് പകരം വിദേശ തൊഴിലാളികളെ നിയമിച്ചുകൊണ്ട് താൽക്കാലിക ഫോറിൻ വർക്കർ (TFW) പ്രോഗ്രാം ദുരുപയോഗം ചെയ്തതായി കനേഡിയൻ സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കനേഡിയൻ പൗരൻമാരെക്കാൾ കുറഞ്ഞ വേതനത്തിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയില്‍ വേതന വളർച്ചയും തൊഴിൽ ലഭ്യതയും കുറയുന്നതായുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. കുടിയേറ്റക്കാർക്കെതിരായ പ്രാദേശിക വികാരം ശക്തിപ്പെടുന്നതിനുള്ള പ്രാധന കാരണങ്ങളിലൊന്നായി ഈ പ്രവണത മാറുകയും ചെയ്തു.
പുതിയ നിയമത്തിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനേക്കാള്‍ തദ്ദേശീയർക്ക് ജോലി കൊടുക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഫലത്തില്‍ കാനഡയില്‍ താല്‍ക്കാലിക ജോലി നേടിയെടുക്കുക എന്നുള്ളത് വരും നാളുകളിൽ വിദേശീയർക്കും കൂടുതല്‍ ബുദ്ധിമുട്ടായി മാറിയേക്കും.












Click it and Unblock the Notifications