നാട്ടില്‍ മിലിട്ടറി ഡോക്ടർ; കാനഡയില്‍ ഊബർ ഡ്രൈവർ: വിദേശത്തേക്ക് പറക്കുന്നതിന് മുമ്പ് ഓർക്കാന്‍
കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം. നാട്ടിലെ ജോലി ഉപേക്ഷിച്ച് പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ കാനഡയിലെ സാഹചര്യങ്ങള്‍ മാറുകയും വിദേശ കുടിയേറ്റം വലിയ തോതില്‍ കുറയുകയും ചെയ്തു.
കുടിയേറ്റ നയത്തില്‍ കാനഡ വരുത്തിയ മാറ്റങ്ങളാണ് പ്രധാനമായും തിരിച്ചടിയായി മാറിയത്. വിദ്യാഭ്യാസ വിസ അനുവദിക്കുന്നത് ഉള്‍പ്പെടെ വലിയ തോതില്‍ വെട്ടിക്കുറച്ച കനേഡിയന്‍ സർക്കാർ പിആർ അനുവദിക്കുന്നതിലും കർശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ കാനഡയില്‍ എത്തിയവരും തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട ജോലി കണ്ടെത്താനാകാതെ വിഷമിക്കുന്നുണ്ട്.

നാട്ടില്‍ എഞ്ചിനീയറിങ് ജോലിയും ഡോക്ടറുമൊക്കെ ആയിരുന്നവർ കാനഡയില്‍ ഡെലിവറി സ്റ്റാഫ് ആയും കാബ് ഡ്രൈവറുമൊക്കെയായാണ് ജീവിച്ച് പോകുന്നത്. അത്തരത്തില്‍ ഒരു വ്യക്തിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കനഡയിലെ മിസിസാഗയിൽ നിന്ന് ടൊറോണ്ടോയിലേക്ക് യാത്ര ചെയ്യുമ്പോൾ ടാക്‌സി ഓടിച്ചിരുന്ന ഒരു ഡോക്ടറെ കണ്ട അനുഭവം പങ്കുവെച്ച യുവതിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള, ഇപ്പോൾ കനഡയിൽ താമസിക്കുന്ന മേഘ്ന ശ്രീനിവാസ് ആണ് വീഡിയോക്ക് മുന്നില്‍. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആ ഡോക്ടർ അമേരിക്കൻ സൈന്യത്തില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നുവെന്നാണ് ശ്രീനിവാസ് പറയുന്നു. ഇപ്പോൾ കാനഡയിൽ സ്ഥിരതാമസ (PR) പദവി നേടിയ അദ്ദേഹം, മെഡിക്കൽ ലൈസൻസ് നേടാൻ പഠിക്കുന്നതിനോടൊപ്ം തന്നെയാണ് ചിലവുകള്‍ക്കായി ടാക്‌സി ഓടിക്കുന്നത്.
ടാക്‌സി ഓടിച്ച് പ്രതിമാസം 4000 ഡോളർ വരുമാനം ലഭിക്കുന്നെങ്കിലും. ഒരു ബെഡ്റും മാത്രമുള്ള താമസ സ്ഥലത്തിനായി മാസം 3000 ഡോളർ നല്‍കണം. "കാനഡയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വിദ്യാഭ്യാസ യോഗത്യയും കൃത്യമായ പദ്ധതികളും വേണം. വിദ്യാഭ്യാസമോ നഗരങ്ങളോ മാത്രം നോക്കാതെ, ജീവിതച്ചെലവും തൊഴിൽ വിപണിയും കരിയർ പടുതുയർത്താനുള്ള ബുദ്ധിമുട്ടുകളും മനസിലാക്കണം. ആവശ്യമായ കഴിവുകൾ, പഠിക്കാനുള്ള മനസ്സ്, അധ്വാനിക്കാൻ തയ്യാറെടുപ്പ് എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഇവിടെ വിജയിക്കാൻ കഴിയൂ," എന്നും ഡോക്ടർ വ്യക്തമാക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. '35-40 വയസിനു ശേഷമാണ് വരുന്നതെങ്കിൽ, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ ഡോക്ടറാണെങ്കിൽ, കാനഡയിലേക്ക് വരേണ്ട. വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇവിടെ റെസിഡൻസിക്ക് യോഗ്യത നേടുന്നത് ഏറെ പ്രയാസമാണ്' എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
സ്വന്തം കഴിവിനും യോഗ്യതയ്ക്കും ഒത്ത ജോലിയ്ക്ക് എത്താൻ വർഷങ്ങൾ വേണ്ടിവരും. വിദേശത്തു നിന്നുള്ള ഡോക്ടർമാർക്ക് ഇവിടെ ജോലി കിട്ടുക തന്നെ ബുദ്ധിമുട്ടാണെന്ന് മറ്റൊരു വ്യക്തിയും പറയുന്നു. അതേസമയം ഊബർ ഓടിക്കുന്ന ഒരു വ്യക്തിക്ക് എന്തിനാണ് 3000 ഡോളർ വാടകയുള്ള താമസ സ്ഥലം എന്ന ചോദ്യത്തിന് നിർഭാഗ്യവശാല്‍ ടൊറന്റോയിലെ താമസം അത്രയും ചെലവേറിയതാണെന്നായിരുന്നു മേഘ്നയുടെ മറുപടി.












Click it and Unblock the Notifications