കാനഡയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി: അപ്രതീക്ഷിത പിരിച്ചുവിടല്‍, പെരുവഴിയിലായി ഇന്ത്യക്കാരന്‍
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാർ കാനഡയിലേക്ക് കുടിയേറാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അത് കൂടുതല്‍ ശക്തമായത്. ആദ്യം പഞ്ചാബില്‍ നിന്നുമായിരുന്നു കൂടിയേറ്റമെങ്കില്‍ പിന്നീട് കേരളം ഉള്‍പ്പെടേയുള്ള എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ശക്തിപ്പെട്ടു. വിദ്യാർത്ഥി വിസയാണ് കുടിയേറ്റത്തിന് കൂടുതലായി ആശ്രയിക്കുന്നതെങ്കിലും ഇന്ത്യയിലെ മികച്ച ജോലി ഉപേക്ഷിച്ച് വർക്ക് വിസയില്‍ കാനഡയിലേക്ക് എത്തുന്നവരുമുണ്ട്.
മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിലേക്ക് കുടിയേറുന്നത് എളുപ്പമാണെങ്കിലും ചിലവ് ഭാരിച്ചത് തന്നെയാണ്. ലോണ്‍ എടുത്തും മറ്റുമൊക്കെയാണ് പല ആളുകളും കാനഡയിലേക്ക് പോകുന്നത്. എന്നാല്‍ പഴയത് പോലെയല്ല ഇപ്പോള്‍ കാനഡയിലെ കാര്യങ്ങള്‍. വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സർക്കാർ നടപ്പിലാക്കുമ്പോള്‍ സ്വകാര്യ തൊഴില്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്.

അവസരങ്ങള്‍ ഇല്ലായ്മ മുതല്‍ പിരിച്ച് വിടല്‍ വരെ കാനഡയിലെ തൊഴില്‍ മേഖലയില്‍ ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ കാനഡയില്‍ പിരിച്ചുവിടപ്പെട്ട ഒരു ഇന്ത്യക്കാരന്റെ വാർത്തയാണ് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഈ യുവാവ് കാനഡയിലേക്ക് കുടിയേറിയത്.
ജോലി ആവശ്യത്തിന് മാത്രമായിട്ടായിരുന്നു കുടിയേറ്റം. ആമസോണില്‍ ഉയർന്ന ശമ്പളത്തില്‍ ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വർഷത്തിന് ശേഷം അപ്രതീക്ഷിതമായി ഒരു ദിവസം യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്. തുടർന്ന് മറ്റ് ജോലികള്‍ അന്വേഷിച്ചെങ്കിലും അത് കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ അക്ഷരാർത്ഥത്തില്‍ പെരുവഴിയിലായ അവസ്ഥയിലായി.
നൂറുകണക്കിന് തൊഴിലാളികളെയാണ് ആമസോണ്‍ അടുത്തിടെ പിരിച്ചുവിട്ടത്. ലിങ്കിഡ് ഇന്‍ ഉള്‍പ്പെടേയുള്ള ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച പ്രതികരണവുമായി നിരവധിയാളുകള്‍ എത്തുന്നുമുണ്ട്. കമ്പനി തന്ന അവസരത്തെക്കുറിച്ച് നന്ദി പറയുന്നതിനോടൊപ്പം തൻ്റെ കഴിവുകളും അനുഭവവും ഉപയോഗിച്ച് പുതിയ അവസരങ്ങൾക്കായുള്ള സജീവമായ അന്വേഷണം ആരംഭിച്ചതായും പറയുന്നുണ്ട്.
ആമസോണിൻ്റെ സമീപകാലത്തെ പിരിച്ചുവിടലുകള്‍ പരിശോധിക്കുകയാണെങ്കില്‍ കമ്പനിയിലെ വിവിധ വകുപ്പുകളിലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. പിരിച്ചുവിടലുകളില്‍ പ്രതികരിച്ചുകൊണ്ട് ആമസോണ്‍ വെബ് സർവ്വീസ് സീനിയർ വൈസ് പ്രസിഡന്റ് മാറ്റ് ഗാർമ്മന്‍ പറഞ്ഞു.
"നമ്മള്‍ പ്രവർത്തിക്കുന്നത് അവിശ്വസനീയമാംവിധം വേഗത്തിൽ ചലിക്കുന്ന ഒരു വ്യവസായത്തിലാണ്, ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ ഞങ്ങൾ ചടുലമായി നിലകൊള്ളേണ്ടത് പ്രധാനമാണ്. ഞങ്ങൾ വരുത്തുന്ന മാറ്റങ്ങൾ ഭാവിയിലേക്ക് ഓർഗനൈസേഷനെ തയ്യാറാക്കുന്നു, ഞങ്ങളുടെ തന്ത്രങ്ങളോടും മുൻഗണനകളോടും ഒപ്പം ഡ്യൂപ്ലിക്കേഷനും കാര്യക്ഷമതയില്ലായ്മയും കുറയ്ക്കുന്നു. ഓരോ വ്യക്തിയിലും ഇത് ചെലുത്തുന്ന സ്വാധീനം തിരിച്ചറിയേണ്ടതാണ് "മാറ്റ് ഗാർമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications