2024 ലും കാനഡയില്‍ രക്ഷയില്ല: കൂടുതല്‍ വിയർക്കും, കൂടാന്‍ പോകുന്നത് വിവിധ ഫീസുകള്‍
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കാനഡ. ടൈംസ് ഹയർ എഡ്യൂക്കേഷനും ക്യുഎസും നടത്തിയ സർവ്വേയില്‍ കനേഡിയൻ സർവ്വകലാശാലകളെ ലോകത്തിലെ ഏറ്റവും മികച്ചവയായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്, കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ 39.5% ഇന്ത്യൻ വിദ്യാർത്ഥികളാണ്.
വർഷത്തിലെ അവസാന മാസങ്ങളില്‍ നേരിയ ഇടിവുണ്ടായെങ്കിലും 2023 ലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വലിയ തോതില്‍ തന്നെ ഉയരും. ഇന്ത്യന്‍ വിദ്യാർത്ഥികളില്‍ ഏകദേശം 209,930 പേർ ബിരുദ കോഴ്സുകളാണ് ചെയ്യുന്നത്. 80270 പേർ ബിരുദാനന്തര ബിരുദവും 28930 പേർ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമാണ് ചെയ്യുന്നത്. കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ്യമായ വിശാലമായ അവസരങ്ങൾക്ക് അടിവരയിടുന്നതാണ് ഈ വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങളെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

സമീപകാലത്ത് നിരവധി പ്രതിസന്ധികള്‍ കാനഡയില്‍ ഉയർന്ന് വരുന്നുണ്ട്. ഇത് ഇന്ത്യക്കാർക്കിടയില്‍ മാത്രമല്ല, മറ്റ് വിദേശ വിദ്യാർത്ഥികള്‍ക്കിടയിലും വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ കനേഡിയന്‍ സർക്കാർ അടുത്തിടെ നടത്തിവരുന്നുണ്ട്. കനേഡിയൻ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം ഏകദേശം 10 ബില്ല്യൺ കനേഡിയന്‍ ഡോളറാണ് വിദേശ വിദ്യാർത്ഥികള്‍ സംഭാവന ചെയ്യുന്നത്.
വിദ്യാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള ഏതാനും പദ്ധതികളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS)
2022-ൽ, ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫാസ്റ്റ്-ട്രാക്ക് വിസ പ്രോസസ്സിംഗ് പ്രോഗ്രാമാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS). ഈ സ്കീമിലൂടെയുള്ള പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് ഒരു പോസ്റ്റ്-സെക്കൻഡറി നിയുക്ത പഠന സ്ഥാപനത്തിൽ നിന്നുള്ള ഓഫർ ലെറ്റർ, ഒന്നാം വർഷ ട്യൂഷൻ ഫീസ് അടച്ചതിന്റെ തെളിവ്, മറ്റ് ആവശ്യകതകൾക്കൊപ്പം ഗ്യാരണ്ടീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി) എന്നിവ ആവശ്യമാണ്.
ഈ പ്രോഗ്രാം വിസ അപേക്ഷാ പ്രക്രിയയും ലളിതമാക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കാനഡയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമുള്ളതുമാക്കുന്നു.
പോസ്റ്റ് ഗ്രാജ്യുവേഷന്‍ വർക്ക് പെർമിറ്റ് (PGWP) എക്സ്റ്റന്‍ഷന്‍
2023 ഏപ്രിലിലാണ് കനേഡിയൻ ഗവൺമെന്റ് പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) എക്സ്റ്റൻഷൻ പ്രോഗ്രാം അവതരിപ്പിച്ചു. ഇതിലൂടെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷം വരെ കാനഡയിൽ താമസിക്കാന്‍ സാധിക്കും.
പുതിയ വിസ നിയമങ്ങള്‍
തട്ടിപ്പില്‍ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും കാനഡയിൽ അവരുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിനുമായി കനേഡിയൻ ഗവൺമെന്റ് അടുത്തിടെ ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാമിൽ കാര്യമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കാനഡയുടെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനും യഥാർത്ഥ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നയങ്ങളെന്നാണ് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ കാനഡ (ഐആർസിസി) മന്ത്രി വ്യക്തമാക്കിയത്.
അതേസമയം 2024 ജനുവരി 1 മുതൽ, വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് നിലവിലെ 10,000 കനേഡിയൻ ഡോളറിൽ നിന്ന് 20,635 കനേഡിയൻ ഡോളറായി ഉയർത്തും. ഏകേദശം 6 ലക്ഷത്തോളം വരുന്ന ഈ തുക ലോണായി എടുത്താണ് പലരും കാനഡയിലേക്ക് എത്താറുള്ളത്. ഇതാണ് ഇപ്പോള്‍ 12 ലക്ഷത്തിന് മുകളിലേക്ക് ഉയർത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് തൽസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ഫീസ് നിരക്കും സർക്കാർ വർധിപ്പിച്ചിരുന്നു. ഡിസംബർ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 200 ഡോളർ ആയിരുന്ന ഫീസ് 229.77 ഡോളറായിട്ടാണ് പുതുക്കിയിരിക്കുന്നത്. ഒരു തൊഴിലാളി എന്ന നിലയിലുള്ള പദവി പുനഃസ്ഥാപിച്ച് പുതിയ വർക്ക് പെർമിറ്റ് നേടുന്നതിന് നേരത്തെ ഫീസ് 355 ഡോളർ ആയിരുന്നു. ഇത് 384.77 ഡോളറാമായിരുന്നു. വിദ്യാർത്ഥികളുടെ ഫീസ് 379.77 ഡോളറാക്കിയാണ് ഉയർത്തിയിരിക്കുന്നത്.












Click it and Unblock the Notifications