കാനഡയില്ലെങ്കിലെന്താ ഫ്രാന്‍സുണ്ടല്ലോ, അതും ചിലവ് കുറവില്‍: എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയാം
പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശീയരുടെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇതോടെ കാനഡയ്ക്ക് പുറമേയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് കൂടുതലായി ആലോചിക്കുകയാണ് വിദ്യാർത്ഥികള്‍. കാനഡയിൽ 10 ലക്ഷത്തിലധികം അന്താരാഷ്‌ട്ര വിദ്യാർത്ഥികളുള്ളപ്പോൾ ഇതില്‍ ഏകദേശം 37 ശതമാനവും ഇന്ത്യക്കാരാണ്.
കാനഡയുടെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഇതിന് നേർവിപരീതമായ മനോഭാവമാണ് ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഇന്ത്യ സന്ദർശിച്ചപ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാന്‍സിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്തു.

2030-ഓടെ ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 30000 ആയി ഉയർത്താനുള്ള പദ്ധതികളും ഇമ്മാനുവല്‍ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്വീകരിക്കാവുന്ന ആകർഷകമായ ബദല്‍ രാജ്യമായി ഫ്രാൻസിനെ മാറ്റിയെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ സാഹചര്യത്തില്‍ ഫ്രാൻസിലെയും കാനഡയിലെയും മികച്ച ഏതാനും സർവ്വകലാശാലകളേയും അവരുടെ ഫീസുകളെക്കുറിച്ചും ഇവിടെ പരിചയപ്പെടുത്തുകയാണ്. പിഎസ്എല്‍ യൂണിവേഴ്സിറ്റി പാരീസ്, പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് പാരീസ്, സോബോൺ യൂണിവേഴ്സിറ്റി പാരീസ്, യൂണിവേഴ്സിറ്റി ഓഫ് പാരീസ്-സാക്ലേ, എക്കോൾ നോർമൽ സുപ്പീരിയർ ഡി ലിയോൺ എന്നിവയാണ് ഫ്രാന്‍സിലെ പ്രശസ്തമായ സർവ്വകലാശാലകള്‍.
ടൊറൻ്റോ യൂണിവേഴ്സിറ്റി, മക്ഗിൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ,മോൺട്രിയൽ യൂണിവേഴ്സിറ്റി, ആൽബെർട്ട സർവകലാശാല എന്നിവയാണ് കാനഡയിലെ പ്രശസ്തമായ സർവ്വകലാശാലകള്‍.
സാമ്പത്തികപരമായ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വശം പരിശോധിക്കുമ്പോള്‍ ചിലവ് താരതമ്യേന ഭേദകരമാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കാമ്പസ് ഫ്രാൻസിൻ്റെ കണക്കനുസരിച്ച്, അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ശരാശരി ചിലവ് ബിരുദ പ്രോഗ്രാമുകൾക്ക് പ്രതിവർഷം 10,000 യൂറോയും (ഏകദേശം 9 ലക്ഷം രൂപ) മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് പ്രതിവർഷം 14,000 യൂറോയും (ഏകദേശം 12.6 ലക്ഷം രൂപ) ചിലവ് വരും.
പൊതു സർവ്വകലാശാലകളിൽ പഠിക്കുന്ന എല്ലാ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും ചെലവിൻ്റെ മൂന്നിൽ രണ്ട് ഭാഗവും ഫ്രഞ്ച് സർക്കാർ വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഫ്രാന്‍സില്‍ ബിരുദപഠനത്തിന് പ്രതിവർഷം 2,770 യൂറോ (ഏകദേശം 2,50,128 രൂപ)യും മാസ്റ്റേഴ്സിന് പ്രതിവർഷം 3,770 യൂറോ (ഏകദേശം 3,40,427 രൂപ)യും ചിലവ് വരും.
കാനഡയില്‍ ബിരുദ പഠനത്തിന് 36,100 കനേഡിയൻ ഡോളറും (22.35 ലക്ഷം രൂപ) മാസ്റ്റേഴ്സിന് പ്രതിവർഷം 21,100 കനേഡിയൻ ഡോളറും (13 ലക്ഷം രൂപ) ചെലവ് വരും. ഫ്രാൻസ് ഇന്ത്യൻ വിദ്യാർത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിത ട്യൂഷൻ ഫീസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനാൽ കാനഡ ലക്ഷ്യം വെക്കുന്ന പലരും ഫ്രാന്‍സിലേക്ക് കുടിയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications