കാനഡ ഉപരിപഠനം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വായ്പ അനുവദിക്കാൻ മടിച്ച് ബാങ്കുകൾ? തിരിച്ചടി
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. വിദ്യാർത്ഥികൾക്കുള്ള വിസ കാനഡ ഇനി അനുവദിക്കുമോ, കാലതാമസം നേരിടുമോ എന്നതെല്ലാമാണ് ഉയരുന്ന ചോദ്യങ്ങൾ. അതിനിടെ വിദ്യാർത്ഥികളുടെ ആശങ്ക ഇരട്ടിപ്പിച്ച് കാനഡ ഉപരിപഠനത്തിന് വായ്പ അനുവദിക്കുന്ന കാര്യത്തിൽ ബാങ്കുകളും അതീവ ജാഗ്രത പുലർത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. പലപ്പോഴും വിദ്യാർത്ഥികൾ വിദ്യാഭ്യാസ വായ്പയെടുത്താണ് കാനഡയിലേക്ക് പറക്കാറുള്ളത്. കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതിനോട് കാഡഡ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കരുതലോടെയാണ് ബാങ്കുകളുടേയും നടപടികൾ.
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 79 വ്യത്യസ്ത രാജ്യങ്ങളിലായി 1.3 ദശലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ പഠനം തുടരുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. ഈ വിദ്യാർത്ഥികളിൽ 180,000-ത്തിലധികം പേർ കാനഡയിലാണ് പഠിക്കുന്നത്. വിസ അനുവദിക്കുന്നതിൽ നിലവിൽ തടസം ഉണ്ടാകുന്നില്ലെങ്കിലും സമീപഭാവിയിൽ പ്രതിസന്ധി നേരിട്ടേക്കാമെന്നാണ് ചില ബാങ്കുകൾ ആശങ്കപ്പെടുന്നത്.

ഇന്ത്യൻ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക ഈ വർഷം 17 ശതമാനം വർധിച്ചുവെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. അതായത് മുൻവർഷത്തെ 82,723 കോടി രൂപയിൽ നിന്ന് 96,847 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും, ഇന്ത്യൻ ബാങ്കുകളെ ആശ്രയിക്കാത്ത വായ്പാ ദാതാക്കളെ സംബന്ധിച്ച് ഇപ്പോഴത്തെ കാനഡ-ഇന്ത്യ പ്രതിസന്ധി ബാധിച്ചിട്ടില്ല.
'വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഞങ്ങൾ വായ്പ അനുവദിക്കുന്നുണ്ട്.ബിസിനസ്സിനും STEM ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് കൂടുതലാണ് ലോൺ അപേക്ഷകൾ വരുന്നത്.യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ, കാൽഗറി യൂണിവേഴ്സിറ്റി, ഒട്ടാവ യൂണിവേഴ്സിറ്റി, സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ എഞ്ചിനീയറിംഗ് മാസ്റ്റേഴ്സ് കോഴ്സുകളിലേക്കും വായ്പ വിപുലീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്',
പ്രോഡിജി ഫിനാൻസിലെ ഗ്ലോബൽ അക്വിസിഷൻ വൈസ് പ്രസിഡന്റ് ഫോയൽ ഫ്രിശ്ച് പറഞ്ഞു. 2024-ൽ 300-ലധികം കോഴ്‌സുകൾക്ക് ലോൺ അനുവദിക്കാനാണ് ഞങ്ങളുടെ പദ്ധതി', അദ്ദേഹം പറഞ്ഞു.
അതേസമയം കനേഡിയൻ വിസയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ അതിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കൺസൾട്ടൻസികൾ പറയുന്നത്. ജനുവരിയിൽ വരാനിരിക്കുന്ന ഇൻടേക്കിൽ അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. സ്ഥിതിഗതികൾ എങ്ങനെ മുൻപോട്ടു പോകുന്നുവെന്നും വിസ പ്രോസസിംഗ് കാര്യക്ഷമമായി തുടരുമോ എന്നുള്ള കാര്യങ്ങളും കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications