ലക്ഷങ്ങള്‍ ശമ്പളമെന്ന് കേട്ട് കാനഡയിലേക്ക് പറക്കല്ലേ: പണി കിട്ടും..; മുന്നറിയിപ്പ് ഇതാ
വിദേശത്ത് ഒരു ജോലി ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. അതും കാനഡയിലേക്കാണെങ്കിലോ? ഇത് കേള്‍ക്കുന്നതോടെ മുന്നും പിന്നും നോക്കാതെ ആളുകള്‍ ചാടിയിറങ്ങും. ഈ രീതിയില്‍ എടുത്ത് ചാടുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരം തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് നോർക്ക റൂട്ട്സും ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസും (NLHS).
കാനഡയിലേക്ക് നഴ്സിംങ് റിക്രൂട്ട്മെന്റ് നടത്തുന്ന അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നോർക്ക മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എന്‍ എല്‍ എച്ച് എസ് അറിയിച്ചു.

തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. കാനഡ റിക്രൂട്ട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല.
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ എന്നിവ പരിഗണിച്ച് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റൊരു ഏജന്‍സിയേയോ വ്യക്തികളേയോ കാനഡ റിക്രൂട്ട്മെന്റിനായി എന്‍ എല്‍ എച്ച് എസ് ചുമതലപ്പെടുത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ അംഗീകൃതമല്ലാത്ത റിക്രൂട്ട്മെന്റ് ഏജന്‍സികളുടേയും വ്യക്തികളുടേയും പരസ്യങ്ങളിലോ വാദ്ഗാനങ്ങളിലോ വഞ്ചിതരാകരുതെന്നും എന്‍ എല്‍ എച്ച് എസ് (NLHS) അറിയിച്ചു. അംഗീകൃതമല്ലാത്ത ഏജന്‍സികളുടെ പരസ്യങ്ങളോ വാഗ്ദാനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ [email protected] എന്ന ഇ-മെയിലിലോ , സി ഇ ഒ, നോര്‍ക്ക റൂട്ട്സ്, തൈയ്ക്കാട് തിരുവനന്തപുരം-695014 (ഫോണ്‍-0471-2770500) എന്ന വിലാസത്തിലോ അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജരുടെ ഫോണ്‍ നമ്പറിലോ 0471-2770531 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) ഇ-മെയിലിലോ [email protected] അറിയിക്കാവുന്നതാണ്.
യുകെയില്‍ ഒഴിവ്
യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയിൽസ് എന്‍.എച്ച്.എസ്സില്‍ ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 24 മുതല്‍ 26 വരെ തീയ്യതികളിലാണ് അഭിമുഖം.
വേദി-താജ് വിവാന്ത, ബെഗംപേട്ട്. മെഡിക്കല്‍ പഠനത്തിനുശേഷം കുറഞ്ഞത് 12 വര്‍ഷത്തെയും, ഇതില്‍ കുറഞ്ഞത് ആറു വര്‍ഷം സൈക്യാട്രി സ്പെഷ്യാലിറ്റിയിലും പ്രവര്‍ത്തിപരിചയമുളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജനുവരി 20 നകം അപേക്ഷ നല്‍കേണ്ടതാണ്. വെയില്‍സിലെ മാനസികാരോഗ്യ വിഭാഗത്തില്‍ മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്‍മാര്‍ക്ക് അവസരം.












Click it and Unblock the Notifications