കാനഡ: വാടക കൊടുക്കുന്നതിലും ലാഭം വിമാന യാത്ര, വിദ്യാർത്ഥി കോളേജില്‍ പോകുന്നത് വിമാനത്തില്‍
കാനഡയില്‍ താമസ പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പാർപ്പിട പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയില്‍ പഠിക്കുന്ന (യുബിസി) ഒരു വിദ്യാർത്ഥി വാടക പ്രതിസന്ധി രൂക്ഷമായതോടെ ആഴ്ചയിൽ രണ്ടുതവണ തൻ്റെ കോളേജിലേക്ക് വിമാന യാത്ര ചെയ്യുന്നുവെന്ന കാര്യമാണ് വാർത്തകളില്‍ ഇടം പിടിച്ചത്. കാൽഗറിയിലെ താമസക്കാരനായ ടിം ചെൻ ആണ് ആ വിദ്യാർത്ഥി. വാൻകൂവറിൽ പ്രതിമാസ വാടക നൽകുന്നതിനേക്കാൾ ലാഭകരം കോളേജുകളിലേക്ക് വിമാന യാത്ര നടത്തുന്നതെന്നാണ് ടിം ചെൻ പറയുന്നത്.

സർവകലാശാലയിൽ ആഴ്ചയിൽ രണ്ട് ക്ലാസുകൾ മാത്രമാണ് അദ്ദേഹത്തിനുള്ളത്. വിദ്യാർത്ഥി ഒരു റൗണ്ട് ട്രിപ്പിന് ഫ്ലൈറ്റിന് ഏകദേശം 150 ഡോളറാണ് നല്‍കുന്നത്. എന്നാല്‍ വാന്‍കൂറില്‍ താമസിക്കണമെങ്കില്‍ പ്രതിമാസം 2100 ഡോളർ (174358) നല്‍കണം. കാല്‍ഗറിയിലാണെങ്കില്‍ വാടക പ്രതിമാസം 1200 ഡോളർ (99,631 രൂപ) മാത്രമേ വരികയുള്ളു. വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയാലും കാല്‍ഗറിയിലെ താമസമാണ് ലാഭകരമെന്നും വിദ്യാർത്ഥി പറയുന്നു.
"ഞാൻ യുബിസിയിലെ ഒരു വിദ്യാർത്ഥിയാണ്, ഞാൻ കാൽഗറിയിലാണ് താമസിക്കുന്നത്. എനിക്ക് ക്ലാസ്സിനായി കോളേജില്‍ പോകേണ്ട രണ്ട് ദിവസങ്ങളുണ്ട് (ചൊവ്വ, വ്യാഴം). ഈ ദിവസങ്ങളില്‍ രാവിലെ വാൻകൂവറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയും രാത്രി കാൽഗറിയിലേക്ക് മടങ്ങുകയും ചെയ്യുന്നു." - വിദ്യാർത്ഥി റെഡ്ഡിറ്റില്‍ കുറിച്ചു.
എയർ കാനഡയിലാണ് ഞാന്‍ ഈ യാത്രകളെല്ലാം ചെയ്യുന്നത്. ജനുവരിയിൽ ഞാൻ ഇതുപോലെ 7 റൗണ്ട് ട്രിപ്പുകൾ നടത്തി. യൂട്ടിലിറ്റികൾക്കായി വെറുതെ പണം നൽകുന്നതൊഴിച്ചാൽ കാൽഗറിയിൽ (എൻ്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്) വാടക നൽകേണ്ടതില്ല എന്നതിനാൽ വാടക ഇനത്തില്‍ വലിയ ലാഭം ഉണ്ടെന്ന് ഞാന്‍ കണ്ടെത്തി. വാന്‍കൂറില്‍ താമസിക്കുകയാണെങ്കില്‍ വലിയ തോതില്‍ വാടക നല്‍കേണ്ടി വരുമെന്നും വിദ്യാർത്ഥി പറയുന്നു.
വിദ്യാർത്ഥിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിലർ ഈ തീരുമാനത്തെ അനുകൂലിക്കുകയും വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ മറ്റ് ചിലർ അഭിപ്രായപ്പെടുന്നത് പതിവ് വിമാന യാത്രകൾ വളരെ തിരക്കേറിയതും സമയമെടുക്കുന്നതുമാണെന്നുമാണ്.
''ആധുനിക പ്രശ്നത്തിന് ആധുനിക പരിഹാരങ്ങൾ ആവശ്യമാണ്'' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. കാനഡയിലെ നിലവിലെ താമസ പ്രതിസന്ധി വ്യക്തമാക്കുന്ന കാര്യമാണ് ഇതെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. വിദേശ വിദ്യാർത്ഥികളുടെ കടന്ന് വരവോടെ രാജ്യത്ത് താമസ പ്രതിസന്ധി വളരെ രൂക്ഷമായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications