കാനഡയിൽ ഇപ്പോൾ ഉപരിപഠനത്തിന് പോകല്ലേ; കാരണം..വിദഗ്ദരുടെ നിർദ്ദേശം ഇങ്ങനെ
നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരൻമാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ തീരുമാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. കാനഡയും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അഡ്മിഷൻ ലഭിച്ചിരുന്നവർക്ക് ഉപരിപഠനത്തിനായി കാനഡയിൽ പോകാൻ സാധിക്കില്ലേയെന്നാണ് പലരും ഉയർത്തുന്ന ചോദ്യം.
ഇന്ത്യ വിസ നിയന്ത്രണം കടുപ്പിച്ചെങ്കിലും കാനഡ പക്ഷേ അത്തരത്തിലൊരു കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സ്റ്റുഡന്റ് വിസകൾ കാനഡ അനുവദിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിൽ കാലതാമസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതായത് നേരത്തെ തന്നെ കാനഡയിൽ ഉള്ളവരോ കാനഡയിലേക്കുള്ള പഠന വിസ നേടിയവരോ ആയ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അർത്ഥം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോഴും തങ്ങളെ സംബന്ധിച്ച് നിലനിൽ രാജ്യത്ത് പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നത്. 'ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പ്രദേശവാസികൾ എല്ലാവരും തന്നെ നല്ല സഹകരണമാണ് കാണിക്കുന്നത്. ഞങ്ങൾ മറ്റൊരു രാജ്യത്ത് നിന്ന് ഇവിടെ പഠിക്കാൻ വന്നരാണെന്ന് അവർ മനസിലാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ആളുകൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവിടെ കഴിയുന്നവരെ സംബന്ധിച്ച് നിലവിൽ ബുദ്ധിമുട്ടുകളില്ല', കാനഡ ആസ്ഥാനമായുള്ള മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (MYSO) അംഗം ഖുഷ്പാൽ ഗ്രെവാൾ പറഞ്ഞു.
അതേസമയം അടുത്ത ആഴ്ചകളിലെ സാഹചര്യം എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രം കാനഡ ആസ്ഥാനമായുള്ള സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതാകും ഉചിതമെന്നാണ് വിദ്യാർത്ഥികളോട് വിദഗ്ദർ നിർദ്ദേശിക്കുന്നത്.അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ചില മുന്നറിയിപ്പുകളും വിദഗ്ദർ നൽക്കുന്നുണ്ട്.
' വിസ അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കനേഡിയൻ സർവ്വകലാശാലകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ സമ്മർ ഇൻടേക്കിന് പകരം വിദ്യാർത്ഥികൾ അടുത്ത വർഷം സെപ്റ്റംബർ/ഒക്ടോബർ ഇൻടേക്കിന് അപേക്ഷിക്കുന്നതാകും ഉചിതം', ലിവറേജ് എഡുവിന്റെ സ്ഥാപകനും സിഇഒയുമായ അക്ഷയ് ചതുർവേദി പറഞ്ഞു.
കാനഡയിൽ സമ്മർ ഇൻടേക്ക് മെയ് മാസത്തിലാണ് നടക്കുക. ജനവരിയിലാണ് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുക.
അതേസമയം തൊഴിൽ, ഭവന പ്രതിസന്ധി, നയതന്ത്ര തർക്കങ്ങൾ കൂടി ഉടലെടുത്തതോടെ കാനഡയ്ക്ക് പകരമായി യുഎസ്, യുകെ, ഓസ്‌ട്രേലിയ, അയർലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളേയും ഇന്ത്യൻ വിദ്യാർത്ഥികൾ ആശ്രയിച്ച് തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.












Click it and Unblock the Notifications