പ്ലംബറും ഡ്രൈവറും മുതല്‍ അധ്യാപകർ വരെ വേണം: കാനഡയിലേക്ക് കുടിയേറാന്‍ ഇതാ മികച്ച അവസരം
കാനഡ കുടിയേറ്റം ലക്ഷ്യമിടുന്നവർക്ക് സുവർണാവസരമായി കനേഡിയന്‍ സർക്കാറിന്റെ പുതിയ വിസ പരിഷ്കാരങ്ങള്‍. നിശ്ചിത ജോലികളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധരായ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് സർക്കാർ നീക്കം. മികച്ച ഭാഷാ പ്രാവീണ്യവും നിശ്ചിത മേഖലകളില്‍ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നീക്കം മികച്ച അവസരമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് ശ്രദ്ധേയം.
കുടിയേറ്റ വകുപ്പ് മന്ത്രി സീൻ ഫ്രേസറാണ് കഴിഞ്ഞയാഴ്ച രാജ്യത്തെ മുൻനിര ഇക്കണോമിക് ഇമിഗ്രേഷൻ മാനേജ്‌മെന്റ് സംവിധാനമായ എക്‌സ്‌പ്രസ് എൻട്രി സംബന്ധിച്ച നിർണ്ണായകമായ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ പ്രത്യേക മേഖലകളില്‍ മതിയായ യോഗ്യതയുള്ളവർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമാക്കുന്നു.

എന്താണ് എക്സ്പ്രസ് എൻട്രി
കാനഡയിലെ പൗരന്മാരോ സ്ഥിര താമസക്കാരോ ആകാൻ ആഗ്രഹിക്കുന്ന തൊഴില്‍ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്കുള്ള പ്രധാന പാതയാണ് എക്സ്പ്രസ് എൻട്രി. പ്രായം, ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിലുള്ള വൈദഗ്ധ്യം, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കോർ നിശ്ചയിക്കുന്നത്.
ഏകദേശം രണ്ടാഴ്ച കൂടുമ്പോൾ, കനേഡിയൻ സർക്കാർ വിജയികളായ ഉദ്യോഗാർത്ഥികളെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ക്ഷണിക്കുന്നു. എക്സ്പ്രസ് എൻട്രിക്കുള്ള ചിലവ് വിവിധ സാഹചര്യങ്ങള്‍ അനുസരിച്ച് വ്യത്യസ്തപ്പെട്ടുകിടക്കുന്നു. 2021-ൽ എക്‌സ്‌പ്രസ് എൻട്രി വഴിയുള്ള അനുമതികളില്‍ 50 ശതമാനത്തിലധികം ഇന്ത്യൻ പൗരന്മാർക്കാണ് നൽകിയത് എന്നതാണ് ശ്രദ്ധേയം. കൂടുതലും ഫെഡറൽ സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിലായിരുന്നു.
ഏതൊക്കെ തൊഴിലാളികളെ വേണം
ലോകമെമ്പാടുമുള്ള വിദഗ്ധരായ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായി എക്‌സ്പ്രസ് എൻട്രി വിസയ്ക്ക് മുൻഗണന ലഭിക്കുന്ന തൊഴിലുകളുടെ ഒരു പട്ടികയും സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്. വിവിധ മേഖലകളില്‍ വിദഗ്ധരായ തൊഴിലാളികളെ കൊണ്ടുവന്ന് തൊഴില്‍ വിപണയിലെ ആവശ്യമായ ഒഴിവ് നികത്തുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സീൻ ഫ്രേസർ വ്യക്തമാക്കുകയും ചെയ്തു.

ആരോഗ്യ മേഖല, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, അധ്യാപകർ, ആശാരിമാർ, പ്ലംബർമാർ, ഡ്രൈവർമാർ, കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലയില്‍ പ്രവർത്തിപരിചും വൈദഗ്ധ്യവുമുള്ളവർക്കാണ് എക്സ്പ്രസ് എന്‍ട്രിയില്‍ മുന്‍ഗണന ലഭിക്കുക. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
മേല്‍പ്പറഞ്ഞ മേഖലകളില്‍ രാജ്യം നിലവില്‍ വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം വലിയ തോതില്‍ നേരിടുന്നുണ്ട്. ഇത് എത്രയം പെട്ടെന്ന് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സ്ഥിതി സങ്കീർണ്ണമാവും. ഈ സാഹചര്യത്തിലാണ് എക്സ്പ്രസ് എന്‍ട്രീ വീസകളില്‍ പരിഷ്കാരം വരുത്താന്‍ കനേഡിയന്‍ സർക്കാർ തയ്യാറായത്.
എന്താണ് പിഎന്‍പി
അതേസമയം, കാനഡ കുടിയേറ്റത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട മാർഗ്ഗമാണ് പിഎന്‍പി. കാനഡയിലെ പതിമൂന്ന് പ്രവിശ്യകളും പ്രദേശങ്ങളും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയും മാനിറ്റോബയും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 900 പേരേയാണ് പിഎന്‍പിയിലൂടെ കുടിയേറ്റ അനുമതി നല്‍കിയത്.
പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവർ തന്നെ തീരുമാനിക്കുന്നതും അവരുടെ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായവയാണ്. എക്സ്പ്രസ് എന്‍ട്രിയില്‍ ആവശ്യമായ പോയിന്റുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് കനേഡിയൻ സ്ഥിരതാമസത്തിലേക്കുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് പിഎൻപികളാണ്.
രണ്ട് തരം വർക്ക് പെർമിറ്റ്
വർക്ക് പെർമിറ്റ് വഴിയും ഇന്ത്യൻ പൗരന്മാർക്ക് കനേഡിയയിലേക്ക് കുടിയേറാന്‍ സാധിക്കും. ഒപ്പണ്‍ വർക്ക് പെർമിറ്റ്, എംപ്ലോയർ സ്പെഫിക് വർക്ക് പെർമിറ്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള വർക്ക് പെർമിറ്റുകൾ കാനഡയില്‍ ലഭ്യമാണ്. ഒരു ഓപ്പൺ വർക്ക് പെർമിറ്റ് നിങ്ങളെ കാനഡയിലെ യോഗ്യരായ ഏതൊരു തൊഴിലുടമയ്ക്കും വേണ്ടി പ്രവർത്തിക്കാനും അനുവദിക്കുന്നു.
എംപ്ലോയർ സ്പെഫിക് വർക്ക് പെർമിറ്റ് നേടുന്നയാള്‍ക്ക് കാനഡയിലെ ഒരൊറ്റ സ്ഥലത്ത് ഒരു പ്രത്യേക തൊഴിൽദാതാവിന് വേണ്ടി മാത്രം ജോലി ചെയ്യാനേ അനുമതിയുണ്ടാവൂ. അതേസമയം, നിങ്ങൾ പഠിക്കാനായിട്ടാണ് കാനഡയിലേക്ക് മാറുന്നതെങ്കില്‍, പ്രത്യേക വർക്ക് പെർമിറ്റ് ഇല്ലാതെ പാർട്ട് ടൈം ജോലി ചെയ്യാൻ നിങ്ങളുടെ സ്റ്റഡി പെർമിറ്റ് നിങ്ങളെ അനുവദിക്കും.












Click it and Unblock the Notifications