കാനഡ കുടിയേറ്റം സ്വപ്നം കാണുന്നവർക്ക് ആശങ്കയായി പുതിയ റിപ്പോർട്ട്: തൊഴിലുകള്‍ കിട്ടാതാവുമോ?
കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിവിധ പ്രതിസന്ധികളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാർപ്പിടം മുതല്‍ പാർട്ട് ടൈം ജോബ് വരെ കിട്ടാനില്ലാത്ത കഥയാണ് ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള പല വിദേശികള്‍ക്കും പറയാനുള്ളത്. ഇപ്പോഴിതാ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞിരിക്കുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരിക്കുകയാണ്.
രാജ്യത്ത് തൊഴില്‍ ഒഴിവുകളുടെ എണ്ണം ജുലൈയില്‍ 5.8 ശതമാനായി കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സമീപ വർഷങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2021 മെയ് മാസത്തിലാണ് ഇതിലും താഴേക്ക് തൊഴില്‍ അവസരങ്ങളുടെ നിരക്ക് എത്തിയത്.ഇതോടെ തൊഴില്‍ ക്ഷാമം രൂക്ഷമായേക്കുമെന്ന ആശങ്കയും ശക്തമായി.

കഴിഞ്ഞ വർഷം ജൂൺ മുതൽ സ്ഥിരമായ താഴോട്ടുള്ള പ്രവണത തുടരുന്ന ജോലി ഒഴിവുകളുടെ എണ്ണം ജുലൈ മാസത്തിൽ 43,100 കുറഞ്ഞ് 701,300 ത്തില്‍ എത്തിയാതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിൽ ഒഴിവുകളുടെ എണ്ണം വർഷം തോറും 28.1 ശതമാനം അല്ലെങ്കിൽ 273700 എണ്ണം കുറഞ്ഞുവെന്നാണ് കണക്ക്.
റീട്ടെയിൽ വ്യാപാര മേഖലയില്‍ ജോലികളുടെ എണ്ണം 10800 അല്ലെങ്കിൽ 12.8 ശതമാനമായും താമസ, ഭക്ഷണ സേവന മേഖലയിൽ 10400 അല്ലെങ്കിൽ 11.6 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് പല മേഖലകളിലും സമാനമായ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെല്‍ത്ത് കെയർ, ഐടി പോലുള്ള എതാനും മേഖലകള്‍ മാത്രമാണ് പിടിച്ച് നില്‍ക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം തന്നെ, കനേഡിയൻ സ്വപ്നം ഇന്ത്യക്കാർക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ പ്രതിസന്ധിയായി മാറുന്നുവെന്ന റിപ്പോർട്ടുകളും അടുത്ത ദിവസങ്ങളിലായി പുറത്ത് വരുന്നുണ്ട്. നേരെ മറുവശത്ത് 2023-ൽ, 900,000 അന്തർദ്ദേശീയ വിദ്യാർത്ഥികളോടൊപ്പം തന്നെ 500,000 സ്ഥിര താമസക്കാരെയും സ്വാഗതം ചെയ്യാനുള്ള നീക്കത്തിലാണ് കാനഡ. സാമ്പത്തിക വളർച്ചയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കനേഡിയൻ ഗവൺമെന്റ് കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കുന്നത്.
കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന ഈ നയം തന്നെയാണ് നിലവില്‍ കാനഡയില്‍ എത്തിയവർക്കും തിരിച്ചടിയാവുന്നത്. കൂടുതല്‍ വിദേശികള്‍ എത്തുന്നതോടെ അവരെയെല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളോ തൊഴില്‍ സാഹചര്യമോ രാജ്യത്തില്ല. ഇതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്.
രാജ്യത്ത് വീടുകളുടെ നിർമ്മാണം വളരെ കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയർന്ന പലിശനിരക്കുകൾ സാധാരണ കനേഡിയൻമാർക്കും പുതിയ കുടിയേറ്റക്കാരേയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം കാനഡയിലുടനീളം കുറഞ്ഞത് 3,45,000 ഭവന യൂണിറ്റുകളുടെ കുറവുണ്ട്.
വീടിന്റെ വാടകയും കുതിച്ചുയർന്നത് വിദ്യാർത്ഥികള്‍ക്കാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പഠനത്തേക്കാള്‍ ഉപരി ഭാവിയില്‍ കനേഡിയന്‍ പൌരത്വം ലക്ഷ്യമിട്ടാണ് പലരുടേയും കുടിയേറ്റം എന്നതിനാല്‍ തന്നെ ഈ പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതയാണ് ഉള്ളത്. 2022-ൽ, 5.5 ലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ 2.26 ലക്ഷം വിദ്യാർത്ഥികൾ, അതായത് മൊത്തം വിദ്യാർത്ഥികളുടെ 40 ശതമാനം ഇന്ത്യയിൽ നിന്നുള്ളവരാണ്. 3.2 ലക്ഷം ഇന്ത്യക്കാരും സ്റ്റുഡന്റ് വിസയിൽ കാനഡയിൽ തങ്ങുന്നുണ്ട്.












Click it and Unblock the Notifications