ഇന്ത്യക്കാർ പ്രതീക്ഷ കൈവിടേണ്ട: കടുത്ത നടപടികള്‍ കാനഡ പിന്‍വലിക്കും? ഇല്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടും
രാജ്യത്തെ താമസ പ്രതിസന്ധി രൂക്ഷമായതോടെയാണ് കാനഡ അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ പ്രവേശന നിയന്ത്രണം പ്രഖ്യാപിക്കുന്നത്. ഇതിലൂടെ തദ്ദേശീയരുടെ അസംതൃപ്തിക്ക് പരിഹാരം കാണാമെന്നാണ് കാനഡയുടെ പ്രതീക്ഷ. എന്നാല്‍ പാർപ്പിട പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് ശരിയായ രീതിയല്ലെന്ന വിമർശനവും കാനഡയില്‍ നിന്ന് തന്നെ ശക്തമാണ്.
കഴിഞ്ഞ രണ്ട് വർഷമായി രാജ്യം വലിയ രീതിയില്‍ ഭവന പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡിന് ശേഷം അന്തർദേശീയ വിദ്യാർത്ഥികളുടെ വരവ് വർധിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ പാർപ്പിട മേഖലയില്‍ വില കുത്തനെ ഉയർന്നു. തദ്ദേശീയർക്കും പോലും വലിയ വില കൊടുത്ത് വീടുകള്‍ സ്വന്തമാക്കേണ്ട അവസ്ഥ വന്നു. ഇതോടെയാണ് സർക്കാറിനെതിരായ അതൃപ്തി രൂക്ഷമാകുന്നത്.

ഫലത്തില്‍ കാനഡയുടെ നിയന്ത്രണം ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികളെയാണ്. വിസ നിയന്ത്രണങ്ങൾ കർശനമാക്കുകയോ വിസകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുന്നത് ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് തകർത്ത് കളയുന്നത്. കാനഡ ലക്ഷ്യം മുന്‍ നിർത്തി ജീവിക്കുന്ന വിദ്യാർത്ഥികളുടെ മാനസിക നിലയെ പോലും ബാധിക്കുന്ന തരത്തിലേക്ക് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
ഭവന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ ദുഷ്പ്രവണതകള്‍ തടയുന്നതിനുമാണ് ഈ നടപടി നടപ്പിലാക്കിയതെന്നാണ് കാനഡയുടെ അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ വേണ്ടത് ശരിയായ ആസൂത്രണമായിരുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രണ്ട് വർഷത്തെ നിയന്ത്രണത്തിന് പുറമെ, വർക്ക് പെർമിറ്റ്, സെക്യുരിറ്റി തുക എന്നിവയിലൊക്കെ കാനഡ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്.
മറ്റ് പശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതുവരെ കാനഡ വിദേശ വിദ്യാർത്ഥികളോട് അനുഭാവ പൂർണ്ണമായ സമീപനമായിരുന്നു സ്വീകരിച്ച് വന്നത്. ഇതിലൂടെ വിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഫീസ് ഗാർഹിക വിദ്യാർത്ഥികളേക്കാൾ ഏകദേശം അഞ്ചിരട്ടി കൂടുതലാണ് എന്നതാണ് ശ്രദ്ധേയം.
താത്കാലിക തൊഴിലാളികളെയും വിദേശ വിദ്യാർത്ഥികളെയും കാനഡയിൽ പ്രവേശിക്കുന്നത് തടയുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കുകയും നിലവിലുള്ള മാന്ദ്യത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പ് ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു. അവർക്കുള്ള വാതിലുകൾ അടയ്ക്കുന്നതിലൂടെ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും മാന്ദ്യത്തിൻ്റെ ആഘാതം ലഘൂകരിക്കാനും സഹായിക്കുന്ന വിലപ്പെട്ട സംഭാവനകൾ കാനഡയ്ക്ക് നഷ്ടമായേക്കാം.
കാനഡയുടെ സമ്പദ്‌വ്യവസ്ഥ 2023 ജൂലൈ മുതൽ സെപ്‌റ്റംബർ വരെ കുതിച്ചുയർന്നിരുന്നു. എന്നാല്‍ 2024 ഏപ്രിൽ മുതൽ ജൂൺ വരെ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത്, രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം അതിൻ്റെ ഏറ്റവും ഉയർന്ന പോയിൻ്റിൽ നിന്ന് 1.1% കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിന്‍വലിച്ചേക്കുമെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications