കാനഡയുടെ പുതിയ തീരുമാനം തിരിച്ചടി തന്നെ, പക്ഷെ അവസരങ്ങള്‍ തുറക്കും: എളുപ്പത്തില്‍ പണി കണ്ടെത്താം
ടൊറന്റോ: വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനം പരസ്യമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ സർക്കാർ. അടുത്ത മാസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സർക്കാർ പുറത്ത് വിടും. രാജ്യത്ത് വർധിച്ച് വരുന്ന പാർപ്പിട പ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കാനഡ തയ്യാറാകുന്നത്.
വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ എതിർപ്പുമായി സർവ്വകലാശാലകളും കോളേജ് ഗ്രൂപ്പുകളും ഇതിനോടകം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പുതിയ നയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സാമ്പത്തിക താല്‍പര്യത്തിനും എതിരാണ്. ഇത് മാത്രമല്ല, വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് രാജ്യത്ത് തൊഴിലാളികളുടെ ക്ഷാമം വർധിക്കാനും ഇടയാക്കിയേക്കും.

വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് ഭക്ഷ്യ സേവന മേഖലയിലും റീട്ടെയിൽ വ്യവസായങ്ങളിലും താൽക്കാലിക തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമാകും. ഈ മേഖലകളിലെ താല്‍ക്കാലിക തൊഴിലാളികളില്‍ അധികവും വിദേശ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ നിലവില്‍ കാനഡയില്‍ ഉള്ളവർക്കും പുതുതായി പ്രവേശനം ലഭിക്കുന്നവർക്കും താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മന്ത്രി മില്ലർ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഒരു വർഷം രാജ്യത്ത് പ്രവേശനം നല്‍കുന്ന വിദ്യാർത്ഥി വിസകള്‍ക്ക് എണ്ണം നിശ്ചയിക്കുന്ന തലത്തിലായിരിക്കും പുതിയ നിയന്ത്രണം. ഈ എണ്ണം എത്രയാണെന്നത് ഇതുവരെ രാജ്യം വ്യക്തമാക്കിയിട്ടില്ല.
കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റുകൾ നേടുന്നത് താരതമ്യേന എളുപ്പമായതിനാൽ കാനഡ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമായി ഉയർന്നു. പ്രതിവർഷം 22 ബില്യൺ കനേഡിയന്‍ ഡോളറാണ് അന്തർദേശീയ വിദ്യാർത്ഥികളിലൂടെ കാനഡയിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തില്‍ ഈ വർഷം 485,000 കുടിയേറ്റക്കാരെയും 2025 ലും 2026 ലും 500,000 കുടിയേറ്റക്കാരെയും കൊണ്ടുവരാൻ സർക്കാറിന് പദ്ധതിയുണ്ടായിരുന്നു.
വിദേശ വിദ്യാർത്ഥികള്‍ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ തോതില്‍ പണം സംഭാവന ചെയ്യുന്നു എന്നത് തന്നെയായിരുന്നു വിദേശ വിദ്യാർത്ഥികളെ പരിധികളില്ലാതെ സ്വാഗതം ചെയ്യാന്‍ കാനഡയെ പ്രേരിപ്പിച്ചത്. എന്നാല്‍ രൂക്ഷമായ ഭവന പ്രതിസന്ധി ഈ നീക്കത്തിന് തിരിച്ചടിയാകുകയായിരുന്നു. ബിബിസിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2022-ൽ 800000ത്തിലധികം വിദ്യാർത്ഥികളായിരുന്നു കാനഡയിലേക്ക് എത്തിയത്.












Click it and Unblock the Notifications