കാനഡ ലക്ഷ്യം കണ്ടു തുടങ്ങി: വന്‍ ഇടിവ്, രാജ്യത്തുള്ളവർക്ക് ചിരി, പുറത്തുള്ളവർക്ക് ദുഃഖവും
രാജ്യത്തെ താമസ പ്രതിസന്ധി അതിരൂക്ഷമായതോടെയാണ് കാനഡ വിദേശ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ നിയന്ത്രണം ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയാണെങ്കിലും കാനഡയെ സംബന്ധിച്ച് തീരുമാനം ഫലം കണ്ട് തുടങ്ങുന്നുവെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഹൗസിങ് യൂണിറ്റുകളുടെ ഡിമാന്‍ഡ് നേരെ പകുതിയായി കുറയുമെന്നാണ് പഠനം.
കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം 2024-ൽ 100000 മാത്രമായിട്ടായിരിക്കും വർദ്ധിക്കുക. അതായത് കഴിഞ്ഞ വർഷത്തെ മൊത്തം വർദ്ധനവിനേക്കാൾ 55% കുറവായിരിക്കും ഇത്. രാജ്യത്തേക്ക് വരുന്ന വിദ്യാർത്ഥികളേടേതിന് സമാനമായ രീതിയിലായിരിക്കും പുറത്തേക്ക് പോകുന്ന പോകുന്നവരുടേയും എണ്ണം. ഇതോടൊപ്പം പുതിയ നിയന്ത്രണം കൂടെ വരുമ്പോള്‍ വീടുകളുടെ ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞേക്കും.

2023 നെ അപേക്ഷിച്ച് ഈ വർഷം പുതിയ വാടകയ്‌ക്ക് വേണ്ടിയുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഡിമാൻഡ് പകുതിയായി കുറയുമെന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയിലെ സാമ്പത്തിക വിദഗ്ധയായ റേച്ചൽ ബറ്റാഗ്ലിയ അഭിപ്രായപ്പെടുന്നത്. അനുവദിക്കപ്പെടുന്ന വിസകളുടെ എണ്ണത്തില്‍ നിലവിലെ തോത് നിലനിർത്തുകയാണെങ്കില്‍ , 2026 ൽ രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായേക്കാം. ഈ സമയത്ത് രാജ്യത്ത് എത്തുന്നതിനേക്കാള്‍ കൂടുതല്‍ വിദ്യാർത്ഥികള്‍ പുറത്തേക്ക് പോകുമെന്നും ബറ്റാഗ്ലിയ പറയുന്നു.
നിലവിലെ നിയന്ത്രണങ്ങള്‍ കാനഡ പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയേക്കാം. എങ്കിലും ദീർഘകാലാടിസ്ഥാനത്തില്‍ ഈ സ്ഥിതി തുടരുന്നത് ഗുണകരമായേക്കില്ല. ഡിമാന്‍ഡ് കുറയുന്ന ഈ സമയത്ത് കൂടുതല്‍ ഭവനങ്ങള്‍ നിർമ്മിച്ച് പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. അതോടെ വിദേശ വിദ്യാർത്ഥികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുകയും ചെയ്യാം.
2024-ൽ ഏകദേശം 360000 വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും കാനഡ വിസ അനുവദിക്കുക. 2025 ലെ പരിധി ഈ വർഷാവസാനം പുനർനിർണയിക്കും. വിദേശ വിദ്യാർത്ഥികളുടെയും താത്കാലിക തൊഴിലാളികളുടെയും കുത്തൊഴുക്ക് രൂക്ഷമായ പാർപ്പിട ക്ഷാമവും തദ്ദേശീയരുടെ അസംതൃപ്തിക്കും ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കൂടി വരുന്നത് കണക്കിലെടുത്ത് സർക്കാർ ഉടന്‍ തന്നെ വിദ്യാർത്ഥികളെ നിയന്ത്രിക്കുകയായിരുന്നു.
ജനസംഖ്യാ വിഹിതത്തെ അടിസ്ഥാനമാക്കിയാണ് പ്രവിശ്യകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒൻ്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലുമാണ് ഏറ്റവും കൂടുതല്‍ നിയന്ത്രണം. ഇവിടങ്ങളിലെ വിദേശ വിദ്യാർത്ഥി പ്രവേശനം താമസക്കാരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും ബറ്റാഗ്ലിയ പറഞ്ഞു. കാനഡയിലെ മൊത്തം അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിൻ്റെ 53 ശതമാനവും ഒൻ്റാറിയോയിലാണ്.
കാനഡ മോർട്ട്ഗേജിൽ നിന്നുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ വാടക അപ്പാർട്ടുമെൻ്റുകളുടെ ഒഴിവുകളുടെ നിരക്ക് നിലവില്‍ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇത് നിലവില്‍ കാനഡയിലുള്ളവർക്കും തദ്ദേശീയർക്കും ഗുണകരമാണെങ്കിലും നിയന്ത്രണം കാരണം വിദേശ മോഹം നഷ്ടപ്പെട്ടവർ നിരവധിയാണ്.












Click it and Unblock the Notifications