കാനഡയെ ഒഴിവാക്കി ഇന്ത്യക്കാരും; ഞെട്ടിച്ച് പുതിയ കണക്കുകൾ, കുത്തനെ കുറഞ്ഞു
ഡൽഹി: ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കുടിയേറുന്ന വിദേശ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. ആയിരക്കണക്കിന് പേരാണ് പ്രതിവർഷം ഇന്ത്യയിൽ നിന്നും കാനഡയിൽ എത്തി പിആർ നേടുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റത്തിൽ വൻ ഇടിവ് സംഭവിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളാണ് കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കിന് തടയിട്ടതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2023 ൽ 62 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള (IRCC) കണക്കുകൾ വ്യക്തമാക്കുന്നത്. 2022 ൽ 16796 അപേക്ഷകൾ ഉണ്ടായിരുന്നത് 2023 ൽ 6,329 ആയി കുറഞ്ഞു. 2023-ൻ്റെ അവസാന പാദത്തിൽ ഇന്ത്യക്കാരുടെ അപേക്ഷകൾ 35,7537-ൽ നിന്ന് 19,000 ആയി കുറഞ്ഞുവെന്നും കണക്കുകൾ പറയുന്നു.

സപ്റ്റംബറിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വന്നത്. ഈ മാസങ്ങളിലുള്ള കണക്കുകളിലെ ഇടിവ് തന്നെയാണ് നയതന്ത്ര പ്രശ്നങ്ങളാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നത്. അതേസമയം ജനവരി മുതൽ സപ്റ്റംബർ വരെ പിആർ അപേക്ഷകളിൽ വലിയ വർധനവ് ഉണ്ടായിരുന്നു. 2023 ൽ 90,215 പിആർ അപേക്ഷകളായിരുന്നു ഉണ്ടായിരുന്നത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവങ്ങളുമായിരുന്നു ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം.നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്. അതേസമയം പ്രശ്നങ്ങൾക്ക് പിന്നാലെ കാനഡും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. ഏകദേശം 41 ഓളം ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ കാരണമായി.
അതേസമയം ഭാവിയിൽ പിആർ കൂടുതൽ അനുവദിക്കില്ലെന്ന് കാനഡ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2024ൽ 485,000 പേർക്കും 2025ൽ 500,000 പേർക്കും പിആർ നൽകുമെന്നാണ് കാനഡ വ്യക്തമാക്കിയത്. അതേസമയം 2026 മുതൽ 50,000 എന്ന നിലയിൽ കണക്കുകൾ നിശ്ചയിക്കുമെന്നും കാനഡ വിളദീകരിച്ചിരുന്നു.
അതിനിടെ വിദേശ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് ഫീസ് വർധിപ്പിച്ചത് അടക്കമുളള നടപടികൾ രാജ്യത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനേയും ബാധിച്ചിട്ടുണ്ട്. കാനഡയ്ക്ക് പകരം യൂറോപ്യൻ രാജ്യങ്ങളെയാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രധാനമായും ആശ്രയിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.












Click it and Unblock the Notifications