കാനഡയിലേക്ക് വിട്ടോളൂ, 300,000 ഒഴിവുകൾ, കനേഡിയൻ പ്രവൃത്തി പരിചയം വേണ്ട; വൻ പ്രഖ്യാപനം
ഒറ്റാവ: വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു എഞ്ചിനിയറിംഗ് ബിരുദധാരിയാണോ നിങ്ങൾ? എന്നാൽ ഇതാ കാനഡയിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ശുഭ വാർത്തയാണ്. കനേഡിയൻ പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ മികച്ച ജോലി സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് കൈവന്നിരിക്കുന്നത്. ഒന്റാറിയോ പ്രവിശ്യയിലാണ് അവസരം തുറന്നിരിക്കുന്നത്. വിശദമായി അറിയാം
കനേഡിയൻ പ്രവൃത്തി പരിചയം ഇനി മുതൽ എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് ആവശ്യമില്ലെന്നാണ് പ്രൊഫഷണൽ എൻജീനിയേഴ്സ് ഒന്റാറിയോ (പിഇഒ) അസോസിയേഷൻ തീരുമാനമെന്ന് തൊഴിൽ നൈപുണ്യ മന്ത്രി മോണ്ടെ മക്നോട്ടൺ അറിയിച്ചു. തീരുമാനം 'ഗെയിം ചെയ്ഞ്ചർ' ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ തേടിയെത്തുന്ന പുതുമുഖങ്ങൾക്ക് മാത്രമല്ല ബിസിനസുകൾക്കും തീരുമാനം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒന്റാറിയോയിൽ അന്താരാഷ്ട്ര പരിശീലനം ലഭിച്ച കുടിയേറ്റക്കാരിൽ നാലിലൊന്ന് പേർ മാത്രമാണ് പഠിച്ച തൊഴിലുകൾ ചെയ്യുന്നത്. ഇത് അവരോട് ചെയ്യുന്ന അനീതിയാണ്. കുടിയേറ്റക്കാരുടെ എണ്ണം ഉയർത്തുകയെന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഇതുവഴി തൊഴിലാളികളുടെ ക്ഷാമം നികത്താനും സമ്പദ് വ്യവസ്ഥയുടെ വർച്ച വേഗത്തിലാക്കാനും കഴിയും', മന്ത്രി പറഞ്ഞു.
കാനഡയിൽ 48 മാസത്തെ പ്രവൃത്തി പരിചയമുള്ള എഞ്ചിനിയർമാർക്ക് മാത്രമായിരുന്നു പ്രവിശ്യയിൽ എഞ്ചിനിയറിംഗ് ജോലി നേടാൻ സാധിക്കുക. ഇതോടെ നിരവധി കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമായിരുന്നു. പുതിയ തീരുമാനത്തോടെ യോഗ്യതയുള്ള നിരവധി പേർക്ക് തങ്ങളുടെ കരിയർ കെട്ടിപടുക്കാനുള്ള അവസരത്തിന്
വഴിയൊരുങ്ങുമെന്ന് അധികൃതർ പറഞ്ഞു.
ലൈസൻസ് ഉള്ള 85,649 എഞ്ചിനിയർമാരാണ് നിലവിൽ ഒന്റാറിയോയിൽ ഉള്ളത്. ഇതിൽ തന്നെ നിരവധി വിദേശികളും ഉൾപ്പെടുന്നുണ്ട്. അതേസമയം പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയെങ്കിലും എല്ലാ പ്രൊഫഷണൽ എഞ്ചിനീയർമാരും കർശനമായ ലൈസൻസിംഗ് യോഗ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് പിഇഒ പ്രസിഡന്റ് റോയ്ഡൻ ഫ്രസേർ പറഞ്ഞു.
പ്രൊഫഷണൽ എഞ്ചിനീയറിംഗ് ലൈസൻസുകൾക്കായുള്ള പുതിയ അപേക്ഷ നടപടികൾ കാര്യക്ഷമവും സുതാര്യവും നീതിയുക്തവുമായിരിക്കുമെന്നും അപേക്ഷ സമർപ്പിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ മിക്ക അപേക്ഷകൾക്കും രജിസ്ട്രേഷൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
ഒന്റാറിയോയിൽ നിലവിൽ 300,000ത്തോളം എഞ്ചിനിയർമാരുടെ ആവശ്യം ഉണ്ടെന്നാണ് കണക്കുകൾ. പുതിയ നടപടിയുടെ ഭാഗമായി യോഗ്യതയുള്ള വിദേശ എഞ്ചിനിയർമാർക്കുള്ള ലൈസൻസിംഗ് പ്രക്രിയ വേഗത്തിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 48 മാസത്തെ കനേഡിയൻ പ്രവൃത്തി പരിചയം ഒഴിവാക്കിയെങ്കിലും ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗിൽ 48 മാസത്തെ പ്രൊഫഷണൽ അനുഭവം ഉണ്ടായിരിക്കണമെന്നും നൈതികത, പ്രൊഫഷണൽ പ്രാക്ടീസ്, എഞ്ചിനീയറിംഗ്, നിയമം എന്നിവ ഉൾപ്പെടുന്ന പ്രൊഫഷണൽ പ്രാക്ടീസ് പരീക്ഷയിൽ വിജയിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
എഞ്ചിനിയറിംഗിൽ മാത്രമല്ല കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയിൽ നിലവിൽ നിയന്ത്രിത തൊഴിലുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒന്റാറിയോ തുടക്കക്കാരായ ഉദ്യോഗാർത്ഥികൾക്കുള്ള അക്രഡിറ്റേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് കനേഡിയിൽ പ്രവിശ്യകളിൽ ഉള്ള നഴ്‌സുമാർക്ക് അധിക രജിസ്ട്രേഷൻ ഇല്ലാതെ തന്ന ഒന്റാറിയോയിൽ ജോലി ചെയ്യാൻ അനുമതി നൽകിയ തീരുമാനം ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു. നേരത്തേ കൊവിഡിന്റെ പശ്ചാത്തലത്തിൽ കനേഡിയിൽ പ്രവൃത്തി പരിചയം ആവശ്യമുള്ള ചില തൊഴിൽ മേഖലകളോട് ഇത്തരം നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനും തൊഴിൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കാനും ഒന്റാറിയോ സർക്കാർ നിർദ്ദേശിച്ചിരുന്നു .












Click it and Unblock the Notifications