ഇന്ത്യക്കാർക്ക് ഇനി വേണ്ട,തിളക്കം നഷ്ടപ്പെട്ട് കാനഡ; തിരിച്ചടച്ചത് ഇക്കാര്യങ്ങൾ.. കണക്കുകൾ പുറത്ത്
ഇന്ത്യക്കാർ കൂടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപ് ഒന്നാം സ്ഥാനത്തായിരുന്നു കാനഡ. ബിരുദ-ബിരുദാന്തര കോഴ്സുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ മികച്ച ജോലിയും ജീവിതവും എളുപ്പം ലഭിക്കുമെന്നതാണ് ഇവിടേക്ക് ആളുകളുടെ കൂട്ട ഒഴുക്കിന് കാരണമായത്. എന്നാൽ ഇന്ത്യക്കാർക്കിടയിൽ കാനഡയോടുള്ള താത്പര്യം കുത്തനെ കുറയുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 20 വർഷത്തിന് മുൻപ് ഉണ്ടായിരുന്ന കാനഡയിലേക്കുള്ള ഒഴുക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നാണ് സ്റ്റാറ്റസ്റ്റിക്സ് കാനഡ റിപ്പോർട്ടിൽ പറയുന്നത്.
1996 മുതൽ 2021 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം പൗരത്വം തേടുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തിൻറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദശകത്തിലാണ് ഏറ്റവും കുറവ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2016 മുതൽ 2021 വരെയാണ് ഏറ്റവും കുറവ് കുടിയേറ്റങ്ങൾ ഉണ്ടായത്.

കുറഞ്ഞ വരുമാനമുള്ളവരേക്കാൾ (10,000 കനേഡിയൻ ഡോളറിൽ താഴെ) ഉയർന്ന വരുമാന നിലവാരമുള്ള കുടിയേറ്റക്കാർ ( 50,000-100,000 കനേഡിയൻ ഡോളർ) പൗരത്വം സ്വീകരിക്കാനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ ഏഷ്യയിൽ നിന്നുളളവരാണ് ഏറ്റവും കുറവ് കുടിയേറ്റം നടത്തുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിൽ നിന്നും 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ദക്ഷിണേഷ്യയിൽ 40.7 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്ന് 29.3 ശതമാനത്തിന്റെ ഇടിവും കിഴക്കൻ യൂറോപ്പിൽ നിന്ന് 28.9 ശതമാനം ഇടിവും ഉണ്ടായി. മധ്യ അമേരിക്കയിൽ നിന്ന് 28.2 ശതമാനത്തിൻറെ കുറവാണ് ഉണ്ടായതെന്നും കണക്ക് വ്യക്തമാക്കുന്നു.
2006 മുതൽ 2016 വരെയുള്ള കാലയളവിലെ നയപരമായ മാറ്റങ്ങൾ, കഠിനമായ പൗരത്വ പരിശോധന നടപടികൾ, ഭാഷാ വൈദഗ്ധ്യ പരിശോധനകൾ കർശനമാക്കിയത് , ഉയർന്ന അപേക്ഷാ ഫീസ് എന്നിവയെല്ലാം പൗരത്വം തേടുന്നവരുടെ എണ്ണം കുത്തനെ കുറയാൻ കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2016 മുതൽ 2021 വരെയുള്ള പൗരത്വ നിരക്കുകളിലെ 40 ശതമാനം ഇടിവിന് കൊവിഡും കാരണമായിട്ടുണ്ടാകാം എന്നും പഠനം പറയുന്നു.
തൊഴിലില്ലായ്മ നിരക്ക് കൂടിയതടക്കം മറ്റ് രാജ്യങ്ങളിലേക്ക് പറക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ജർമ്മനി,യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ പ്രധാനമായും ആളുകൾ പോകുന്നത്. മികച്ച ജീവിത സാഹചര്യങ്ങളും തൊഴിൽ അവസരങ്ങളുമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.












Click it and Unblock the Notifications