കാനഡയിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണോ? വെല്ലുവിളിയായി പുതിയ നിയമങ്ങൾ; ഇന്ത്യക്കാർ പാടുപെടും
വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ചേക്കേറുന്ന രാജ്യമാണ് കാനഡ. പ്രതിവർഷം ലക്ഷക്കണക്കിന് പേരാണ് ഇവിടേക്ക് കുടിയേറുന്നത്. മികച്ച ജോലി, ജിവിതം, പഠന സാഹചര്യങ്ങൾ എന്നിങ്ങനെ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന നിരവധി അവസരങ്ങൾ ഉണ്ടെന്നത് തന്നെയാണ് ഇവിടേക്കുള്ള ഒഴുക്കിന് കാരണമായത്. എന്നാൽ 2024 ൽ അന്തരാഷ്ട്ര വിദ്യാർത്ഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് കാനഡ. ഭവന-തൊഴിൽ പ്രതിസന്ധികൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് കാനഡ പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കിയത്. എന്തൊക്കെ നിയമങ്ങളാണ് കാനഡ നടപ്പാക്കിയതെന്ന് വിശദമായി അറിയാം
പുതിയ നിയമങ്ങൾ അനുസരിച്ച് കാനഡ സ്റ്റുഡൻ്റ് വിസ അപേക്ഷകൾക്കൊപ്പം തന്നെ വിദ്യാർത്ഥികൾ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (പിഎഎൽ) അറ്റാച്ചുചെയ്യേണ്ടതുണ്ട്. 2024-ൽ സ്റ്റഡി വിസ അപേക്ഷയ്‌ക്കൊപ്പം പിഎഎൽ ഇല്ലെങ്കിൽ അത്തരം അപേക്ഷകൾ നിരസിക്കപ്പെടാൻ കാരണമാകും. ബിരുദ അല്ലെങ്കിൽ ബിരുദ ഡിപ്ലോമ / ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കാണ് പ്രധാനമായും പി എ എൽ ആവശ്യം.മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് പിഎഎൽ അപേക്ഷയോടൊപ്പം ആവശ്യമില്ല.

അതേസമയം പുതിയ നിർദ്ദേശങ്ങൾ പ്രകാരം 2024-ൽ മാസ്റ്റേഴ്സ് പ്രോഗ്രാം പഠിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് 3 വർഷത്തേക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസ ലഭിക്കും.ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കാനഡയിൽ ജോലി പരിചയം നേടുന്നതിന് ഇത് വലിയ രീതിയിൽ സഹായകമാകും.
2024-ൽ കാനഡയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള മറ്റ് പുതിയ നിയമങ്ങളിലൊന്ന് പോസ്റ്റ്-സ്റ്റഡി വർക്ക് വിസയുമായി ബന്ധപ്പെട്ടുള്ളതാണ്. മുമ്പ് വിദ്യാർത്ഥികൾക്ക് കാനഡയിലെ ഒരു സ്വകാര്യ കോളേജിലോ സ്ഥാപനത്തിലോ പഠിച്ചൽ തന്നെ ഈ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് കാനഡയിലെ പൊതു കോളേജിൽ നിന്ന് പ്രോഗ്രാം പൂർത്തിയാക്കിയതായി പ്രസ്താവിക്കുന്ന ഔദ്യോഗിക ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2024-ൽ ഇത്തരം പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ കഴിയുമെങ്കിലും , ഇവർക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ലഭിക്കാൻ അവർക്ക് യോഗ്യതയുണ്ടാകില്ല. വെറുതെ പഠനം മാത്രം ലക്ഷ്യവെച്ച് പോകുന്നവരെങ്കിൽ നിങ്ങളെ പുതിയ നിർദ്ദേശം ബാധിക്കില്ല. എന്നാൽ പഠനത്തിന് ശേഷം മികച്ചൊരു ജോലിയും കൂടി നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ തീർച്ചയായും പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾക്ക് യോഗ്യതയുള്ള പ്രോഗ്രാമുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
പങ്കാളി വിസയിലും കാനഡ മാറ്റം വരുത്തിയിട്ടുണ്ട് .പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളുകൾക്ക് മാത്രമാണ് ഇനി ലഭിക്കുക. അതേസമയം പുതിയ മാറ്റങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ ഇടിവ് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 35 ശതമാനത്തോളം കുറവെങ്കിലും രേഖപ്പെടുത്തിയേക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.












Click it and Unblock the Notifications