കാനഡയ്ക്കാണ് തിരിച്ചടി, 'നടപടി കരുതലോടെ വേണമായിരുന്നു'; ഇനി സംഭവിക്കുന്നത്, മുന്നറിയിപ്പുമായി സർവ്വകലാശാലകൾ
ഓട്ടവ; വിദ്യാർഥി വിസകൾ വെട്ടിക്കുറക്കാനുള്ള കാനഡയുടെ തീരുമാനത്തിൽ കടുത്ത ആശയങ്ക അറിയിച്ച് കനേഡിയൻ സർവ്വകലാശാലകളും കോളേജുകളും. തീരുമാനം സാമ്പത്തിക തിരിച്ചടി മാത്രമല്ല ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
364,000ഓളം സ്റ്റഡി പെർമിറ്റുകളായി പരിധി നിശ്ചയിക്കുമെന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നും വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കുമെന്നും മാർക്ക് മില്ലർ അറിയിച്ചു.

അതേസമയം മുൻകൂട്ടി അറിയാക്കാതെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും പുതിയ സംവിധാനങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം വേണമെന്നുമാണ് സർവ്വകാശാലകളും കോളേജുകളും പറയുന്നത്. പെർമിറ്റുകളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് കീഴിൽ അനർദേശീയ വിദ്യാർത്ഥികൾക്ക് അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന പ്രവിശ്യകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിക്കുന്നയാൾ ഈ പുതിയ പ്രൊവിൻഷ്യൽ പരിധിക്ക് ഉള്ളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ കത്തുകൾ. എന്നാൽ നിലവിൽ അത്തരത്തിൽ അറ്റസ്റ്റേഷൻ നൽകുന്ന സംവിധാനവും പ്രക്രിയയും പ്രവിശ്യകൾക്കില്ലെന്നാണ് കനേഡിയൻ കോളേജുകൾ പറയുന്നത്. അറ്റസ്റ്റേഷൻ ലെറ്ററുകളുടെ ആവശ്യകത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എല്ലാ പുതിയ ആപ്ലിക്കേഷനുകളും പെട്ടെന്ന് നിർത്തലാക്കാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഉന്നയിച്ച് ഇവർ ഇമിഗ്രേഷൻ മന്ത്രിക്ക് കത്തയച്ചു.
പുതിയ നടപടികൾക്കായി തയ്യാറെടുക്കാൻ തങ്ങൾക്ക് കൂടുതൽ സമയം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അറ്റസ്റ്റേഷൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ വിദ്യാർത്ഥികളുടെ എന്റോൾമെന്റിനെ ബാധിക്കുന്നുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് പഠനാനുമതി ലഭിക്കുന്നതിന് ഇത് തടസമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കാനഡയുടെ ആഗോള പ്രശസ്തി തന്നെ അപകടത്തിലാക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ നടത്തേണ്ടത് നിർണായകമാണെന്നും ഇവർ പറഞ്ഞു. നിർദ്ദിഷ്ട പരിധി ചില കോളേജുകളും സർവ്വകാലാശാലകളും അടച്ചുപൂട്ടാൻ കാരണമാകുമെന്ന ആശങ്കയും ഇവർ പങ്കിടുന്നു.
അതേസമയം പുതിയ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് സി ഐ സി വ്യക്തമാക്കുന്നത്. പിരിച്ചുവിടൽ, അടച്ചുപൂട്ടൽ, ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് തീരുമാനം കാരണമായേക്കും. കാനഡയേയും അന്താരാഷ്ട്ര വീദ്യാർത്ഥികളേയും ഇത് ഒരുപോലെയാകും ബാധിക്കുകയെന്നും സി ഐ സി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications