'ആശങ്കയുണ്ട്, പക്ഷെ കാനഡ കൈവിടില്ല': ഈ വർഷം 900000 അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരുമെന്ന് സർക്കാർ
കാനഡയില്‍ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നുവെന്ന വാർത്തകളാണ് സമീപ ദിവസങ്ങളിലായി പുറത്ത് വരുന്നത്. ആവശ്യമായ പാർട് ടൈം ജോലി ലഭിക്കാതിരിക്കുക, വീടുകളുടെ വാടകയിലുള്ള കുത്തനേയുള്ള വർധനവ് തുടങ്ങി നിരവധി വെല്ലുവിളികളാണ് വിദേശ വിദ്യാർത്ഥികള്‍ക്ക് മുമ്പിലുള്ളത്. ഇക്കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും കൂടതല്‍ വിദേശ വിദ്യാർത്ഥികള്‍ക്ക് രാജ്യത്ത് അവസരം നല്‍കാനുള്ള നീക്കത്തിലാണ് കാനഡ സർക്കാർ.
ഈ വർഷം 900000 അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള പാതയിലാണ് കാനഡയെന്നാണ് രാജ്യത്തെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക്ക് മില്ലർ ഒരു അഭിമുഖത്തിനെ പറഞ്ഞത്. ഇതോടെ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തും. ഒരു ദശാബ്ദം മുമ്പ് രാജ്യത്ത് പ്രവേശിച്ചതിന്റെ ഏകദേശം മൂന്നിരട്ടിയിലേറെ വിദ്യാർത്ഥികളെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വ്യക്തം.

ലക്ഷക്കണക്കിന് അന്തർദ്ദേശീയ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള സമഗ്രതയെക്കുറിച്ച് കാനഡ ആശങ്കാകുലരാണെന്നും മില്ലർ പറഞ്ഞു. വിദേശ വിദ്യാർത്ഥികളെ കൊണ്ടുവരുന്ന സർവ്വകലാശാലാ രീതി "വളരെ ലാഭകരമാണ്, ഇത് ചില വികലമായ പ്രത്യാഘാതകങ്ങളും ചില തട്ടിപ്പുകളും സൃഷ്ടിക്കുന്നു. ചില ആളുകൾ കാനഡയിലേക്കുള്ള ഒരു പിൻവാതിൽ പ്രവേശനമായി ഇതിനെ മുതലെടുക്കുന്നു," അദ്ദേഹം പറഞ്ഞു.
സ്വകാര്യ, പൊതു സർവ്വകലാശാലകൾ വിദേശത്ത് നിന്ന് പഠിക്കാൻ വരുന്നവരിൽ നിന്ന് പ്രതിവർഷം 20-30 ബില്യൺ കനേഡിയന്‍ ഡോളർ വരുമാനം ഉണ്ടാക്കുന്നു. ചില ആളുകൾ നിയമപരമായി അതിൽ നിന്ന് ധാരാളം പണം സമ്പാദിക്കുന്നു, ചില ആളുകൾ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു സിസ്റ്റത്തിന്റെ ആ സമഗ്രതയിലാണ് എന്റെ പ്രധാന ആശങ്കയെന്നും കുടിയേറ്റ വകുപ്പ് മന്ത്രി വ്യക്തമാക്കി.
തന്റെ ആശങ്ക പൊതു സർവ്വകലാശാലകളെ കുറിച്ചല്ല, മറിച്ച് കാനഡയുടെ വിവിധ ഭാഗങ്ങളിൽ കുതിച്ചുയരുന്ന സ്വകാര്യ കോളേജുകളെക്കുറിച്ചണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭവന പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഓരോ വർഷവും അനുവദിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കണോ എന്ന് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഭവന വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വിദ്യാർത്ഥികളുടേയും ജോലിക്കാരായി എത്തുന്നവരേടേയും എണ്ണം ക്രമാതീതമായി വർധിച്ചതോടെ വീടുകള്‍ക്കുള്ള വാടക കാനഡയില്‍ കുത്തനെ ഉയർന്നിരുന്നു. ചെറിയ സൗകര്യങ്ങളുള്ള ഒറ്റമുറികള്‍ക്ക് പോലും വലിയ വാടകയാണ് നല്‍കേണ്ടത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താനുള്ള കാനഡ മറുവശത്ത് ആലോചിക്കുന്നത്.
'വർദ്ധിച്ചുവരുന്ന ഭവന ചെലവിന്റെ സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമീപ വർഷങ്ങളിൽ കുതിച്ചുയരുന്ന വിദേശ വിദ്യാർത്ഥി വിസകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് കനേഡിയന്‍ സർക്കാർ പരിഗണിച്ചേക്കും' എന്നായിരുന്നു പുതിയ ഭവന വകുപ്പ് മന്ത്രി സീൻ ഫ്രേസർ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.












Click it and Unblock the Notifications