പാർപ്പിട സൗകര്യം കൂട്ടും, വീട് വാങ്ങുന്നവർക്ക് ആനുകൂല്യം: 9 ലക്ഷം വിദ്യാർത്ഥികളെ കാത്ത് കാനഡ
കൊച്ചി: കൂടുതല്‍ വിദേശ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള പദ്ധതിയുമായി കാനഡ. വിദേശ വിദ്യാർത്ഥികളുടെ കടന്ന് വരവ് രാജ്യത്ത് പല തരത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് സർക്കാറിന്റെ പുതിയ പ്രഖ്യാപനം. ഈ വർഷം മാത്രം 9 ലക്ഷം വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് കൊണ്ടു വരാനാണ് കാനഡ ലക്ഷ്യമിടുന്നത്.
പത്ത് വർഷം മുമ്പ് കാനഡയില്‍ പഠിക്കാനായി ആകെ എത്തിയവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം പേരെയാണ് കാനഡ ഒരു വർഷം കൊണ്ട് മാത്രം രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്. ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കൂടുതല്‍ വിദേശ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള അനുകൂല സാഹചര്യമാണ് ഇതെന്നാണ് ഭരണ കൂടത്തിന്റെ വിലയിരുത്തല്‍.

കാനഡയിലെ വ്യവസായമേഖല അതിവേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമാണ് ഇത്. അതുകൊണ്ട് തന്നെ വിദേശ വിദ്യാർത്ഥികള്‍ക്ക് പഠനശേഷം മികച്ച തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നാണു വിലയിരുത്തലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കാനഡയില്‍ ഈ വർഷം അഞ്ച് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വളർച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടി, എൻജിനീയറിങ്, ആരോഗ്യസേവനം, ഫിനാൻസ്- അക്കൗണ്ടിങ്, നിർമാണമേഖല എന്നിങ്ങനെയാണ് ആ അഞ്ച് മേഖലകള്‍. ഈ മേഖലകളില്‍ ഈ വർഷം വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. അത് ഇനിയും തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
ആരോഗ്യസേവനം, കൃഷി, ഐടിയും എൻജിനീയറിങ്ങും ഉൾപ്പെടുന്ന ടെക് മേഖല എന്നിവയിലാണ് വിദേശ വിദ്യാർത്ഥികള്‍ക്കും വിദേശത്ത് നിന്ന് കുടിയേറുന്നവർക്കും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇടക്ക് ചില ഇടിവുണ്ടായെങ്കിലും തൊഴില്‍ വീണ്ടും വർധിച്ചേക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
വർധിച്ചുവരുന്ന ഭവന ചെലവുകളുമായി ബന്ധപ്പെട്ട സമ്മർദ്ദം അതിജീവിക്കാന്‍ വിദേശ വിദ്യാർത്ഥികള്‍ക്ക് കാനഡ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള പരാമർശങ്ങളുമായി കനേഡിയന്‍ ഭവന വകുപ്പ് മന്ത്രി അടുത്തിടെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്.
രാജ്യത്ത് പാർപ്പിട സൗകര്യം വർധിപ്പിക്കുന്നതിനായി വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. ആദ്യമായി വീട് വാങ്ങുന്നവർക്കായി നികുതി രഹിത അക്കൗണ്ട് പദ്ധതി അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 40,000 കനേഡിയൻ ഡോളർ വരേ വീട് വാങ്ങുന്നവർക്ക് ലാഭിക്കാന്‍ കഴിയും.
പ്രത്യേക റസിഡൻസി വ്യവസ്ഥകള്‍ പാലിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്കൊപ്പം തന്നെ വിദേശ വിദ്യാർത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭ്യമായേക്കും. രാജ്യത്ത് സ്വന്തമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് വളരെയേറെ ആശ്വാസം നല്‍കുന്ന നടപടിയാണ് ഇത്. ഇത്തരം നടപടികളിലൂടെ കൂടുതല്‍ വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് എത്തിക്കാനാണ് കാനഡ ശ്രമിക്കുന്നത്.












Click it and Unblock the Notifications