ഇന്ത്യക്കാരുടെ കാനഡ മോഹത്തിന് തിരിച്ചടിയോ? പുതിയ നയം, ട്രൂഡോ വന്നതിന് ശേഷം ഇതാദ്യം
ടൊറന്റോ: ഭവന പ്രതിസന്ധി രൂക്ഷമായതോടെ കുടിയേറ്റത്തില്‍ നിയന്ത്രണം ഏർപ്പെടുത്താന്‍ കാനഡ ഒരുങ്ങുന്നതായി റിപ്പോർട്ട്. പണപ്പെരുപ്പവും കനേഡിയന്‍ സർക്കാറിന്റ തീരുമാനത്തില്‍ നിർണ്ണായകമായി. 2015ൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ഇമിഗ്രേഷൻ നിലവാരം ഉയർത്താതിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഉയർന്ന തോതിലുള്ള കുടിയേറ്റത്തിനെതിരെ രാജ്യത്ത് പൊതുജനാഭിപ്രായം തിരിയുന്നതിനാൽ 2026 മുതൽ സ്ഥിരതാമസക്കാരുടെ പ്രവേശനം വർദ്ധിപ്പിക്കില്ലെന്നാണ് കനേഡിയൻ സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ൽ 485,000 സ്ഥിര താമസക്കാരും 2025-ൽ 500,000-ഉം എന്ന ലക്ഷ്യമാണ് ഒട്ടാവ നിലനിർത്തുന്നത്. "2026 മുതൽ, സർക്കാർ സ്ഥിരതാമസക്കാരുടെ എണ്ണം 500,000 ആയി സ്ഥിരപ്പെടുത്തും. അതേസമയം കാനഡയുടെ തൊഴിൽ വിപണി വർദ്ധിപ്പിക്കുന്നത് തുടരും." , ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യിൽ നിന്നുള്ള ഒരു പ്രസ്താവന വ്യക്തമാക്കുന്നു.

2024-ൽ എക്‌സ്‌പ്രസ് എൻട്രിയിലൂടെ ലക്ഷ്യമിടുന്നത് 110,700 സ്ഥിരതാമസക്കാരെയാണ്. 2025-ലും 2026-ലും ഇത് 117,500 ആയി വർധിക്കും. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പ്രകാരം 2024-ൽ 110,000 കുടിയേറ്റക്കാരായിരിക്കും അനുവദിക്കുക. എന്നാൽ 2025-ലും 2026-ലും 120,000 ആയി ഉയരും.
താത്കാലിക തൊഴിലാളികൾ, അന്തർദ്ദേശീയ വിദ്യാർത്ഥികൾ തുടങ്ങിയ പുതുമുഖങ്ങളുടെ മറ്റ് വിഭാഗങ്ങളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകാം. "ഞങ്ങളുടെ ഈ നിലപാട് ഉറപ്പാക്കുന്നതിന് താൽക്കാലിക റസിഡന്റ് പ്രവേശനങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാൻ സർക്കാർ അടുത്ത വർഷം നടപടിയെടുക്കും. ഇമിഗ്രേഷൻ സംവിധാനവും സുസ്ഥിരമായി തുടർന്നുകൊണ്ടിരിക്കുകയാണ്' വകുപ്പ് വ്യക്തമാക്കുന്നു.
അധിക തോതിലുള്ള കുടിയേറ്റം പാർപ്പിട മേഖലയില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാർപ്പിടം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ സമ്മർദ്ദങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
"കുടിയേറ്റക്കാരുടെ എണ്ണം സ്ഥിരപ്പെടുത്തുന്നതിലൂടെ, പാർപ്പിടം, അടിസ്ഥാന സൗകര്യ ആസൂത്രണം, സുസ്ഥിര ജനസംഖ്യാ വളർച്ച എന്നിവ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഞങ്ങൾ തിരിച്ചറിയുന്നു," ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അതേസമയം തന്നെ "പുതുമുഖങ്ങൾ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനും പ്രാദേശിക ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും പിന്തുണയ്‌ക്കുന്നതിനും സഹായിക്കുന്നതിന് നിർണ്ണായകമാണ്" എന്നും ഐആർസിസി റിലീസ് കൂട്ടിച്ചേർക്കുന്നു.
കാനഡയുടെ പുതിയ തീരുമാനം ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ളവർക്ക് തിരിച്ചടിയായേക്കും. കുടിയേറ്റത്തിനെ വർധിച്ച് വരുന്ന വികാരം കണക്കിലെടുത്താണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്. 'പത്തിൽ നാലിൽ കൂടുതൽ കനേഡിയൻമാരും ഇപ്പോൾ ശക്തമായി (23%) അല്ലെങ്കിൽ ഒരു പരിധിവരെ (21%) 'കാനഡയിലേക്ക് വളരെയധികം കുടിയേറ്റമുണ്ട്' എന്ന പ്രസ്താവനയോട് യോജിക്കുന്നു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 17 ശതമാനം പോയിന്റ് വർധനയും ഈ ചോദ്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു വർഷത്തെ മാറ്റവുമാണ് ഇത്' ഒരു സർവ്വെ വ്യക്തമാക്കുന്നു.












Click it and Unblock the Notifications