പുതിയ നയം; കാനഡയില്‍ നിന്നും ഇന്ത്യക്കാർ കൂട്ടത്തോടെ മടങ്ങേണ്ടി വരുമോ? വിദ്യാർത്ഥികള്‍ക്ക് നേരിയ ആശ്വാസം
കുടിയേറ്റ ജനസംഖ്യ കുറയ്ക്കാന്‍ കാനഡ വീണ്ടും കടുത്ത നടപടികളിലേക്ക്. ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള ലക്ഷക്കണക്കിന് വരുന്ന താല്‍ക്കാലിക തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനമാണ് കാനഡ ഏറ്റവും അവസാനമായി നടത്തിയിരിക്കുന്നത്. വിദേശ പൗരന്മാരുടെ കൈവശമുള്ള അഞ്ച് ദശലക്ഷത്തോളം താൽക്കാലിക പെർമിറ്റുകൾ 2025 അവസാനത്തോടെ അവസാനിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.
കാലാവധി കഴിയുന്ന താൽക്കാലിക പെർമിറ്റുകൾ പുതുക്കാന്‍ കഴിയാതിരിക്കുകയോ പിആർ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് പോകേണ്ടി വരും. പെർമിറ്റ് കാലാവധി കഴിയുന്നവരില്‍ പലരും സ്വന്തം ഇഷ്ടപ്രകാരം തിരിച്ച് പോയേക്കാമെന്നും മാർക്ക് മില്ലർ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു. സ്വയം തിരിച്ച് പോകാത്തവർക്കെതിരെ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താല്‍ക്കാലിക വർക്ക് പെർമിറ്റുകള്‍ക്ക് പുറമെ 2025 ഡിസംബറോടെ ഏകദേശം 766000 സ്റ്റഡി പെർമിറ്റുകളും കാലഹരണപ്പെടും. ഇത്തരം വിദ്യാർത്ഥികളില്‍ പലരും അവരുടെ പെർമിറ്റുകൾ പുതുക്കുകയോ ബിരുദാനന്തര വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയോ ചെയ്യും. ഇതിലൂടെ കൂടുതൽ കാലം കാനഡയിൽ തുടരാൻ അവർക്ക് കഴിയുമെന്നും മാർക്ക് മില്ലർ പറഞ്ഞു. മന്ത്രിയുടെ അനുകൂലമായ ഈ പ്രസ്താവന കുടിയേറ്റ വിദ്യാർത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.
കുടിയേറ്റ ജനസംഖ്യ വലിയ തോതില്‍ വർധിച്ചതോടെ പാർപ്പിടം, ആരോഗ്യ സംരക്ഷണം, തൊഴില്‍ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് കാനഡയില്‍ അടുത്ത കാലത്ത് രൂപപ്പെട്ടത്. വാടക വീടുകളുടെ നിരക്ക് വലിയ തോതില്‍ ഉയരുകയും തൊഴില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്നും കുടിയേറ്റ ജനതയ്ക്കെതിരേയും സ്വന്തം സർക്കാറിനെതിരേയും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന് വന്നു. ഈ സാഹചര്യത്തിലാണ് കുടിയേറ്റ ജനസംഖ്യ നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളുമായി കനേഡിയന്‍ ഭരണകൂടം മുന്നിട്ടിറങ്ങിയത്.
താത്കാലിക വിദേശ തൊഴിലാളികളുടേയും വിദ്യാർത്ഥികളുടേയും എണ്ണത്തില്‍ വരും വർഷങ്ങളില്‍ കാര്യമായി കുറവ് വരുത്തുകയെന്നതാണ് കാനഡയുടെ നയം. 2026 ഓടെ താത്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 40% വും അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം 10% കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബറില്‍ പുറത്ത് വന്ന ഒരു റിപ്പോർട്ട് പ്രകാരം കാനഡയിൽ 1689055 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. പിആർ നേടിയവരെ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെങ്കിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി താൽക്കാലിക വിസയിലുള്ള ഇന്ത്യൻ തൊഴിലാളികളെ വലിയ തോതില്‍ ബാധിച്ചേക്കും.












Click it and Unblock the Notifications