കാനഡയില്‍ നിന്നൊരു ആശ്വാസ വാർത്ത: വർക്ക് പെർമിറ്റുകള്‍ക്ക് പുതിയ ഇളവ്
ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി കാനഡ കുടിയേറ്റം ലക്ഷ്യമിടുന്നവർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാനഡയില്‍ തൊഴില്‍ പ്രതിസന്ധിയും താമസ പ്രതിസന്ധിയും രൂക്ഷമാകുന്നതിനിടയിലാണ് നയതന്ത്ര പ്രതിസന്ധിയും ഉയർന്ന് വരുന്നത്. ആവശ്യമായ തൊഴിലോ താമസ ഇടങ്ങളോ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കാനഡിിലേക്ക് പോയവർക്ക് നാട്ടില്‍ നിന്നും പണം അങ്ങോട്ട് അയച്ച് നല്‍കേണ്ട സാഹചര്യവുമുണ്ട്.
താമസ പ്രതിസന്ധി രൂക്ഷമായതോടെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടിയിലേക്ക് ഉള്‍പ്പെടെ കാനഡ കടന്നേക്കുമെന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. എന്നാല്‍ വർക്ക് പെർമിറ്റുകളുടെ കാര്യത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കാനഡ സ്വീകരിക്കുന്നത്. എക്സ്പ്രസ് എന്‍ട്രി വിസകളുടെ കാര്യത്തില്‍ പുതിയ ഇളവുകള്‍ കാനഡ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫെഡറൽ സ്‌കിൽഡ് വർക്കർ ക്ലാസ് (എഫ്‌എസ്‌ഡബ്ല്യുസി), ഫെഡറൽ സ്‌കിൽഡ് ട്രേഡ്‌സ് ക്ലാസ് (എഫ്‌എസ്‌ടിസി) എന്നിവയിലൂടെ സാമ്പത്തിക കുടിയേറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഉപയോഗിക്കുന്ന സംവിധാനമാണ് എക്സ്പ്രസ് എൻട്രി. ഇതുവഴി അപേക്ഷിക്കുന്നവർക്ക് ഒരു മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റ് ഇതുവരെ നിർബന്ധിതമായിരുന്നു.
മെഡിക്കല്‍ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഈ നിബന്ധനയിലാണ് കാനഡ ഇപ്പോള്‍ വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഒന്ന് മുതൽ, എക്‌സ്‌പ്രസ് എൻട്രിക്ക് അപേക്ഷിക്കുന്ന സമയത്ത് മുൻകൂർ മെഡിക്കൽ പരിശോധനകൾ ആവശ്യമില്ല. ഇത്തരം അപേക്ഷകൾ അപൂർണ്ണമായതിനാൽ തള്ളരുതെന്ന് പ്രോസസിംഗ് ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എപ്പോൾ ഇമിഗ്രേഷൻ മെഡിക്കൽ എക്സാമിനേഷൻ (IME) ആവശ്യമായി വരും എന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടും.
പുതിയ നിർദേശം വന്നതോടെ എക്‌സ്‌പ്രസ് എൻട്രി അപേക്ഷകർ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു മുൻകൂർ മെഡിക്കൽ പരിശോധന (യുഎഫ്‌എം) പൂർത്തിയാക്കി സമർപ്പിക്കേണ്ടതില്ല. മറ്റ് ഘടകങ്ങള്‍ പരിഗണിച്ച് അവസാനമായിട്ടായിരിക്കും മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുക. നേരത്തെ തന്നെ മെഡിക്കല്‍ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെങ്കില്‍ ആ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കാനും അവസരമുണ്ടാകും.
ഫലത്തില്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഇല്ലാതെ സമർപ്പിക്കുന്ന വർക്ക് പെർമിറ്റുകള്‍ ഇമിഗ്രേഷന്‍ വകുപ്പ് തള്ളുകയില്ല. എന്നാല്‍ മറ്റ് കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടുന്നവർക്ക് മെഡിക്കല്‍ സർട്ടിഫിക്കറ്റിന് കൂടി പണം മുടക്കേണ്ടി വരില്ല. എക്സ്പ്രസ് എൻട്രിയിൽ, സ്ഥിര താമസത്തിനായി അപേക്ഷകർ ഒരു പൂർണ്ണ ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള ക്ഷണം ഇഷ്യൂ ചെയ്ത 60 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് ചെയ്യേണ്ടത്.












Click it and Unblock the Notifications