കാനഡയിലെ ഉപരി പഠനം; ഇനി ആശങ്ക വേണ്ട..നിർണായക നീക്കത്തിനൊരുങ്ങി സർക്കാർ
വ്യാജ അഡ്മിഷൻ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ശക്തമായ നടപടിക്ക് ഒരുങ്ങി കാനഡ. സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ടു ടയർ മോഡൽ നടപ്പാക്കാനാണ് ഇമിഗ്രേഷൻ റഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡയുടെ നീക്കം (ഐആർസിസി). ഇതോടെ ഐആർസിസിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന നിയുക്ത പഠന സ്ഥാപനങ്ങളിൽ (ഡിഎൽഐ) അന്തർദേശീയ വിദ്യാർത്ഥികൾക്ക് വേഗത്തിലുള്ള സ്റ്റഡി പെർമിറ്റ് അടക്കമുള്ള നടപടികളുടെ പ്രയോജനം ലഭിക്കും (അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കാനഡയിലെ പ്രവിശ്യാ, പ്രാദേശിക ഗവൺമെന്റുകൾ അധികാരപ്പെടുത്തിയ കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഡിഎൽഐകൾ).
പുതിയ ചട്ടകൂടുകളും മാനദണ്ഡങ്ങളും എന്ത്?
പുതിയ ചട്ടക്കൂടുകൾ സംബന്ധിച്ച് ഇതുവരെ സർക്കാരിൽ നിന്നും വ്യക്തമായ നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ സുസ്ഥിരമായ പ്രവേശനം,അർഹതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിയൽ, വിദ്യാർത്ഥികളെ നിരീക്ഷിക്കുകയം റിപ്പോർട്ട് ചെയ്യുകയും ചെയ്യൽ, രാജ്യാന്തര വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വത്തിനൊപ്പം അനുഭവപ്രദമായ സാഹചര്യം നല്കൽ തുടങ്ങിയ കാര്യങ്ങളിൽ ഡിഎൽഐകൾ വിശ്വസിക്കാൻ കഴിയുന്നവരാണ് എന്ന് ഐആർസിസി പരിശോധിക്കും.

വിശ്വസനീയ സ്ഥാപനമെന്ന നിലയിലുള്ള പരിഗണന ലഭിക്കുന്നതിനായി ഡിഎൽഐകൾ ഐആർസിസിയിലേക്ക് ചില വിവരങ്ങ
ളും കൈമാറേണ്ടതുണ്ട്. അവ പരിശോധിക്കാം-
റിടെൻഷൻ റെയ്റ്റ്- ആദ്യ വർഷത്തിന് ശേഷവും പഠിക്കുന്ന കോഴ്സുകളിൽ തന്നെ തുടരുന്ന മൾട്ടി-ഇയർ സ്റ്റഡി പ്രോഗ്രാമിലെ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ശതമാനം
ഓൺ-ടൈം പ്രോഗ്രാം പൂർത്തീകരണ നിരക്ക്- പഠന കാലയളവിനുള്ളിൽ തന്നെ കോഴ്സുകൾ പൂർത്തിയാക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ശതമാനം
അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള ട്യൂഷൻ വരുമാനത്തിന്റെ ശതമാനം-വികസിത രാജ്യങ്ങളിൽ നിന്നുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ: യുഎൻ ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന മൊത്തം സ്കോളർഷിപ്പുകളുടെയും ഗ്രാന്റുകളുടെയും മൂല്യവും ശതമാനവും
അന്തർദ്ദേശീയ വിദ്യാർത്ഥി പിന്തുണയ്‌ക്കുള്ള ധനസഹായം-മാനസികാരോഗ്യ സേവനങ്ങൾ, തൊഴിൽ, തൊഴിൽ കൗൺസിലിംഗ്, ഇമിഗ്രേഷൻ കൗൺസിലിംഗ് എന്നിവ ഉൾപ്പെടെ.
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കായി DLI-നിയന്ത്രിത ഭവനത്തിന്റെ ലഭ്യത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള വീടുകളുടെ ആകെ എണ്ണവും ശതമാനവും
അധ്യാപക-വിദ്യാർത്ഥി അനുപാതം- അന്തർദേശീയ വിദ്യാർത്ഥികളുടെ ഏറ്റവും ഉയർന്ന സംഖ്യാ എൻറോൾമെന്റുള്ള 10 കോഴ്സുകളുടെ ശരാശരി അധ്യാപക-വിദ്യാർത്ഥി അനുപാതം
ഈ വർഷം 900000 അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരുമെന്ന് സർക്കാർ
വിദേശ വിദ്യാർത്ഥികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് കാനഡ. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, താരതമ്യേന കുറഞ്ഞ ജീവിത ചെലവ്, മികച്ച ജീവിത നിലവാരം, ജോലി സാധ്യതകൾ, കുടിയേറ്റം എന്നിവയെല്ലാമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2022-ൽ, 184 രാജ്യങ്ങളിൽ നിന്നുള്ള 551,405 അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് ഐആർസിസി രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. അതേസമയം 2019 ൽ ഇത് വെറും 637,860 മാത്രം ആയിരുന്നു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ എത്തുന്നതാകട്ടെ ഇന്ത്യ,ചൈന, ഫിലിപ്പീൻസ്,,ഫ്രാൻസ്, നൈജീരിയ, ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ,മെക്സിക്കോ, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും.
അതേസമയം ജോലി പ്രതിസന്ധിയും വീടുകളുടെ വാടകയിലുള്ള കുത്തനേയുള്ള വർധനവും വിദേശ വിദ്യാർത്ഥികളുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ഈ വർഷം 900000 അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് സർക്കാർ എന്നാണ് ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക്ക് മില്ലർ അടുത്തിടെ വ്യക്തമാക്കിയത്.












Click it and Unblock the Notifications