കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ മോഹം മാറ്റിവെയ്ക്കണോ? ടി പി ശ്രീനിവാസന്‍ പറയുന്നത് ഇങ്ങനെ
നയതതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതിനോട് കാഡഡ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മറുപടിയെന്ന നിലയിൽ ഇന്ത്യക്കാർക്കുള്ള വിസയും കാനഡ നിർത്തലാക്കിയാൽ അത് ഇന്ത്യയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്ര കടുത്ത നടപടിയിലേക്ക് കാനഡ കടക്കാൻ സാധ്യത ഇല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം
'കാനഡക്കാർക്ക് അവർ തെറ്റ് ചെയ്തെന്ന ബോധം ഉള്ളത് കൊണ്ടാണ് അവർ ഇന്ത്യക്കാരെ പുറത്താക്കാൻ ഒന്നും ശ്രമിക്കാത്തത്. പല കനേഡിയൻ കമ്പനികൾക്കും ഇന്ത്യക്കാർ ഇല്ലാതെ, പ്രത്യേകിച്ച് മലയാളികൾ ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കില്ല. അതുകൊണ്ട് അവർ എല്ലാവരേയും പറഞ്ഞയക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകില്ല. കുറച്ച് പേരുടെ ജോലി പോയെന്ന് വരാം. അല്ലെങ്കിൽ വേറൊരു കമ്പനിയിലേക്ക് പോകേണ്ടി വന്നേക്കാം. പക്ഷേ നേരത്തേ വിസയുള്ളവരോ പുതിയ വിസ ലഭിക്കുമെന്നുള്ളവരോ ഓടിപ്പോയതായി ഞാൻ കേട്ടിട്ടില്ല.

കനേഡിയൻ പൗരൻമാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയത് തീർച്ചയായും അവരെ ബാധിക്കും. കനേഡിയൻ പൗരൻമാരുടെ ബന്ധുക്കൾക്കൊന്നും ഇങ്ങോട്ട് വരാനോ യാത്ര ചെയ്യാനോ ഒന്നും സാധിക്കുന്നില്ല. കഴിയുന്നതും വേഗം നിയന്ത്രണം ഇന്ത്യ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം നിയന്ത്രണം തുടർന്നാൽ ബിസിനസുകാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം യാത്ര ചെയ്യാൻ സാധിച്ചേക്കില്ല.
ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലാണ് പരിഹരിക്കേണ്ടത്. നയതന്ത്ര ബന്ധം ഇനിയും വഷളായാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. കാനഡയിൽ നമ്മുടെ ധാരാളം ആളുകൾ ഉണ്ട്. കാനഡയുമായി നമ്മുക്ക് വ്യാപാര ബന്ധമുണ്ട്. അതൊക്കെ പക്ഷേ എക്സ്ട്രീം അവസ്ഥയിലാണ്. അതിന് മുൻപ് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരുപക്ഷെ നമ്മൾ ചെയ്തത് പോലെ അവരും വിസ നിയന്ത്രിച്ചേക്കാം. അത് ഡിപ്ലോമസിയിലെ ഒരു ഭാഗമാണ് , ഒരാൾ ചെയ്യുന്നത് തിരിച്ച് ചെയ്യുകയെന്നത്. എന്നാൽ എക്സ്ത്രീം അവസ്ഥയിലേക്ക് പോകാതിരുന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രശ്നം. അവർക്ക് ചിലപ്പോൾ അഡ്മിഷൻ കിട്ടില്ല, താമസ സൗകര്യം കിട്ടിയേക്കില്ല. ചിലപ്പോൾ ചിലവ് കൂടുതലായിരിക്കാം, ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ നേരിട്ടേക്കാം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications