കാനഡയുടെ തീരുമാനങ്ങള്‍ പാരയായി തുടങ്ങി: ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
കാനഡയിൽ പഠിക്കാനുള്ള ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വിസ അപേക്ഷകളുടെ എണ്ണത്തിൽ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. വീസ ചട്ടങ്ങള്‍ ശക്തമാക്കിയതും കുടിയേറ്റ ജനതയ്ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതുമായ കനേഡിയന്‍ സർക്കാറിന്റെ നടപടികളാണ് വിദ്യാർത്ഥി വിസയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2023-ന്റെ അവസാന പകുതിയിൽ ഏകദേശം 40% കുറവാണ് വിസ അപേക്ഷകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ സാമ്പത്തിക ചിലവിലെ വർദ്ധനവ് സംബന്ധിച്ച കനേഡിയന്‍ സർക്കാറിന്റെ സമീപകാല പ്രഖ്യാപനങ്ങളും വിദ്യാർത്ഥി വിസകളിലെ വെല്ലുവിളികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ തുടർന്നും വിസകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാകാനാണ് സാധ്യത.

2024 ജനുവരി 1 മുതൽ, സ്റ്റഡി പെർമിറ്റുകൾക്കുള്ള ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐപി) പരിധി 20635 കനേഡിയന്‍ ഡോളറായിട്ടാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ ഇത് പതിനായിരം ഡോളർ മാത്രമായിരുന്നു. ഈ വർധനവ് മലയാളികള്‍ അടങ്ങുന്ന വിദ്യാർത്ഥികളെ നേരിട്ട് തന്നെ ബാധിക്കും. താമസ വാടക, ട്യൂഷന്‍ ഫീസ് എന്നിവയിലെ വർധനവിന് പിന്നാലെയാണ് ജി ഐ പിയും ഉയർത്തിയിരിക്കുന്നത്.
പാർട് ടൈം ജോലി കണ്ടെത്തിയാണ് പലരും കാനഡയില്‍ ട്യൂഷന്‍ ഫീസിനും മറ്റുമുള്ള തുക കണ്ടെത്തിയിരുന്നത്. ജോലി കണ്ടെത്താന്‍ പലരും വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ നേരിട്ടതോടെ ഇവിടെ നിന്നും മക്കള്‍ക്ക് അങ്ങോട്ട് തുക അയച്ച് നല്‍കേണ്ടി വരുന്ന രക്ഷിതാക്കളുമുണ്ട്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള കണക്കുകൾ പ്രകാരം, കാനഡയിൽ പഠിക്കാനുള്ള ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വിസ അപേക്ഷകളിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ നാല്‍പ്പത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ 86,562 അപേക്ഷകൾ മാത്രമാണ് പുതിയ പഠന പെർമിറ്റിന് വേണ്ടി വന്നത്. മുന്‍ കാലയളവില്‍ ഇത് 145881 ആയിരുന്നു.
2021-ൽ ആകെ 236,077 അപേക്ഷകളും 2022-ൽ 363,541 അപേക്ഷകളും ഉണ്ടായിരുന്നെങ്കിൽ, 2023 ഒക്‌ടോബറോടെ എണ്ണം 261,310 ആയി കുറഞ്ഞു. കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ പകുതിയോളം പേർ ഇന്ത്യക്കാരാണ്. ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐപി) 10,000 ഡോളറിൽ നിന്ന് 20,635 ഡോളറായി ഉയർത്തുന്നത് വിദ്യാർത്ഥി വിസയിൽ കാനഡയിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കനേഡിയൻ മൈഗ്രേഷൻ ലോയേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ സിംഗ് സന്ധുവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസും റിപ്പോർട്ട് ചെയ്യുന്നു.
പന്ത്രണ്ടാം ക്ലാസിന് ശേഷം ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നവരെ അപേക്ഷിച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിന് മികച്ച അവസരങ്ങളുണ്ടെന്നും രണ്ടാമത്തേത് വെറും ഒരു ശതമാനം സാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സംഘർഷങ്ങൾ, കനേഡിയൻ അധികാരികളിൽ നിന്നുള്ള വിസ നിരസനം, ജോലി അവസരങ്ങളുടെ അഭാവം, ഉയർന്ന വാടക ചെലവുകൾ തുടങ്ങിയ ഘടകങ്ങൾ കാനഡയിൽ പഠിക്കാനുള്ള വിദ്യാർത്ഥികളുടെ താൽപര്യം കുറയുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications