'കാനഡയിൽ പഠിച്ചത് മെഡിസിൻ ,ചെയ്യുന്നത് കാബ് ഡ്രൈവറുടെ ജോലി'; കാനഡ വേണോ?, ഇന്ത്യക്കാർക്കൊരു മുന്നറിയിപ്പ്
കാനഡയിൽ ഉന്നത പഠനം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ജോലി കിട്ടുമെന്നാണ് ഇന്ത്യയിൽ നിന്ന് പറക്കുന്ന ഒരു വലിയ വിദ്യാർത്ഥികളുടേയും പ്രതീക്ഷ. അതുകൊണ്ട് തന്നെ കൈയ്യിലുള്ളതെല്ലാം വിറ്റും ലക്ഷങ്ങൾ വായ്പയെടുത്തുമെല്ലാമാണ് പലരും കാനഡയിലേക്ക് പറക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 226,450 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിൽ എത്തിയത്. 2022 ഡിസംബർ അവസാനത്തോടെ ഏകദേശം 320,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.
എന്നാൽ ജോലിയും ഉയർന്ന ശമ്പളവുമൊക്കെ വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് പറയുകയാണ് വിദ്യാർത്ഥികൾ. ബിദുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ട് പോലും ജോലി ലഭിക്കുന്നില്ലെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിശദമായി വായിക്കാം

'ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്റെ ഭാവിയെക്കുറിച്ച് എനിക്ക് കൂടുതൽ ആശങ്കയും ഉത്കണ്ഠയും ഉണ്ട്. ഇവിടെ ജോലിക്ക് വലിയ ക്ഷാമമുണ്ട്, പഠനം പൂർത്തിയാക്കിയാൽ എനിക്ക് ജോലി ലഭിക്കുമോയെന്നതാണ് ഇപ്പോഴത്തെ എന്റെ പ്രധാന ആശങ്ക', ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം നേടിയിട്ടും ജീവിക്കാൻ ക്യാബുകൾ ഓടുക്കേണ്ട സ്ഥിതിയിലാണ് പലരുമെന്നും ചില മെഡിക്കൽ വിദ്യാർത്ഥികൾ പറഞ്ഞു.
'ഇവിടെ മെഡിക്കൽ ബിരുദം നേടിയ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ എനിക്കറിയാം, അവർക്ക് മാന്യമായ ശമ്പളമുള്ള ജോലി കണ്ടെത്താൻ സാധിക്കുന്നില്ല. ബില്ലുകൾ അടക്കാനുമൊക്കെയായി ക്യാബുകൾ റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുകയുമാണവർ. ഞങ്ങളെ സംബന്ധിച്ച് വളരെ അധികം വെല്ലുവിളി നിറഞ്ഞൊരു സാഹചര്യമാണിത്. ഞങ്ങളെ പഠിക്കാൻ കാനഡയിലേക്ക് അയക്കാൻ മാതാപിതാക്കൾ ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്. നല്ല ജോലി കിട്ടുമെന്നും കുടുംബത്തെ നല്ല രീതിയിൽ നോക്കാൻ സാധിക്കുമെന്നൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിനൊന്നും ഇപ്പോൾ സാധിക്കുന്നില്ല', വിദ്യാർത്ഥി പറയുന്നു.
'വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ തന്നെ ജോലി ലഭിക്കുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ ജോലിയില്ലെന്ന് മാത്രമല്ല ജീവിതച്ചെലവ് വളരെയേറെയാണ്. മാത്രമല്ല ,ആരോഗ്യപരിപാലനവും നട്ടെല്ലൊടിക്കുന്നുണ്ട്. രണ്ടറ്റവും കൂട്ടുമുട്ടിക്കാൻ ഞങ്ങൾ കഷ്ടപ്പെടുകയാണ്', ഹരിയാനയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.
ലക്ഷങ്ങളാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾക്ക് ലോണെടുക്കേണ്ടി വരുന്നത്. സ്വത്ത് വിറ്റും ലോണെടുത്തുമെല്ലാമാണ് അവർ ഇത്തരത്തിൽ പണം കണ്ടെത്തുന്നത്. ഇപ്പോൾ ഞങ്ങളുടെ ഭാവിയോർത്ത് അവർ കടുത്ത ആശങ്കയിലാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.












Click it and Unblock the Notifications