മലയാളികൾ കാനഡയിലേക്ക് ഒഴുകുന്നതിന് കാരണമുണ്ട്; മെച്ചങ്ങൾ നിങ്ങൾ കരുതുന്നത് മാത്രമല്ല
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പേർ കുടിയേറുന്ന രാജ്യമേതെന്ന് ചോദിച്ചാൽ കാനഡയെന്നാണ് ഉത്തരം.തൊഴിൽ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ വലിയ വെല്ലുവിളി തീർക്കുമ്പോഴും കാനഡയിലേക്ക് ആളുകൾ ഒഴുകുകയാണ്. എന്തുകൊണ്ടായിരിക്കും ഇപ്പോഴും ആളുകളുടെ ഫസ്റ്റ് ഓപ്ഷൻ കാനഡയയായിരിക്കുന്നത്? മികച്ച ജീവിത നിലവാരവും വിദ്യാഭ്യാസവും മാത്രമാണോ? തീർച്ചയായും അല്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കാനഡ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഒന്നാമത്തെ കാര്യം ചെലവ് കുറഞ്ഞ വിദ്യാഭ്യാസം തന്നെ. ആഗോള തലത്തിൽ തന്നെ മുൻനിരയിലുള്ള നിരവധി സർവ്വകലാശാലകൾ കാനഡയിൽ ഉണ്ട്. ഇവിടങ്ങളിലാവട്ടെ കുറഞ്ഞ ചിലവിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കും. മികച്ച സ്കോളർഷിപ്പുകളും അതോടൊപ്പം തന്നെ ജോലി അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കും. പല കനേഡിയൻ പ്രോഗ്രാമുകളും വർക്ക് പ്ലെയ്‌സ്‌മെന്റുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. ബിരുദം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പ്രവൃത്തിപരിചയം നേടിയെടുക്കാൻ ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ പ്രൊഫഷണൽ ബന്ധങ്ങൾ നേടിയെടുക്കാനും ഗുണകരമാണ്.

പഠനത്തോടൊപ്പം തന്നെ മികച്ച വരുമാനം ഉറപ്പാക്കിക്കൊണ്ടുള്ള പാർട്ട് ടൈം ജോലി നേടാനും കാനഡ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ പരിമിതമായ മണിക്കൂറുകളോളം കാമ്പസിലോ പുറത്തോ ജോലി ചെയ്യാം. ഇത് വിലയേറിയ അനുഭവവും വരുമാനവും പ്രൊഫഷണൽ ലോകവുമായുള്ള ബന്ധങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബിരുദ പഠനം പൂർത്തിയാക്കിയാൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് യോഗ്യത ലഭിക്കും. വലിയ കമ്പനികൾ കനേഡയൻ പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നത് കൊണ്ട് തന്നെ തൊഴിൽപരമായ ഭാവി ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും. കാനഡയിൽ പിആർ നേടുന്നതിന് നിരവധി കടമ്പകൾ ഉണ്ട്. കാനഡയിൽ തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, പ്രായം, കരിയർ, പഠനയോഗ്യത, ഭാഷാപരമായ കഴിവ് തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പിആർ ലഭിക്കാനായി പരിഗണിക്കും. അതുകൊണ്ട് തന്നെ കാനഡയിൽ പഠിച്ചവരെ സംബന്ധിച്ച് പിആറിനുള്ള സാധ്യത ഏറെയാണ്.
ഇംഗ്ലീഷും ഫ്രഞ്ചുമാണ് കാനഡയിലെ ഔദ്യോഗിക ഭാഷകൾ. ഇതിൽ പ്രാവീണ്യം നേടാൻ കാനഡയിലെ ജീവിതം നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ ജോലി സാധ്യതൾ വർധിപ്പിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. കുറഞ്ഞ കുറ്റകൃത്യ നിരക്കും സുസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും കാനഡയെ മികച്ചതാക്കുന്നു. അതിമനോഹരമായ ഭൂപ്രകൃതിയും ആളുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു.
അതേസമയം നിലവിൽ കടുത്ത തൊഴിൽ പ്രതിസന്ധിയാണ് രാജ്യത്ത് നേരിടുന്നത്. ഈ സാഹചര്യം ഉടൻ മാറുമെന്ന പ്രതീക്ഷയിലാണ് കാനഡ മോഹികൾ.












Click it and Unblock the Notifications