കാനഡ ഇനി എന്ത് ചെയ്യും? വിദ്യാർത്ഥികൾ പണികൊടുത്ത് തുടങ്ങി..യാഥാർഥ്യം വെളിപ്പെടുത്തി കൺസൾട്ടൻസികളും
ഡൽഹി: മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ സ്വപ്ന ഭൂമിയാണ് കാനഡ. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്നത്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ. എന്നാൽ ഒക്ടോബർ മുതൽ കാര്യങ്ങൾ മാറി മറിഞ്ഞു. പഠനാനുമതി ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു.ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 86 ശതമാനത്തിന്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.
2022 ൽ ഇതേ കാലയളവിൽ 1,08,940 പേർക്കായിരുന്നു കാനഡയിൽ പഠനാനുമതി ലഭിച്ചത്. എന്നാൽ 2023 ൽ ഇത് 14,910 മാത്രമാണെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയത്. എന്തുകൊണ്ടായിരിക്കും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തരത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയത്? ഇമിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ കൺസൾട്ടന്റുമാർ പറയുന്നത് ഇതാണ്.

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയിൽ 41 ശതമാനത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് .2022ൽ പഠനാനുമതി ലഭിച്ച 2,25,450 ഇന്ത്യൻ വിദ്യാർത്ഥികളിൽ 1.36 ലക്ഷം പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. പഞ്ചാബ് മേഖലയിൽ നിന്നുള്ള 3.4 ലക്ഷം വിദ്യാർത്ഥികൾ നിലവിൽ കാനഡയിൽ പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ. പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ മാത്രം ഉപരിപഠനത്തിനായി പ്രതിവർഷം 68,000 കോടി രൂപയാണ് ഇവിടെ ചെലവഴിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്
അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും നിലവിലെ രാജ്യത്തിൻ്റെ ഭവന, തൊഴിൽ പ്രതിസന്ധികൾക്കും അവർ ഉത്തരവാദികളാണെന്ന് കൺസൾട്ടന്റുമാർ ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ വാടകച്ചെലവ് താങ്ങാനാവാത്ത അവസ്ഥയിലെത്തി നിൽക്കുന്നകയാണ്. 2030 ഓടെ താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ ലഭിക്കണമെങ്കിൽ രാജ്യത്തിന് 3.5 ദശലക്ഷം ഹോം യൂണിറ്റുകൾ ആവശ്യമാണെന്നാണ് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഭവന പ്രതിസന്ധി അന്താരാഷ്ട്ര വിദ്യാർത്ഥികളെ വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നതിന് കാരണമായെന്നും കൺസൾട്ടന്റുമാർ ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് ഇത് രൂക്ഷമായി ബാധിച്ചത്. പാർട്ട് ടൈം ജോലി ചെയ്ത് പഠന ചെലവ് കണ്ടെത്താൻ ലക്ഷ്യം വെച്ച് കാനഡയിലേക്ക് എത്തിയ പലരും ഇതോടെ പ്രതിസന്ധിയിലായി. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ പലരും നിർബന്ധിക്കപ്പെട്ടു. അതേസമയം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും മാത്രമായിരിക്കും ഇനി രാജ്യത്ത് വർക്ക് പെർമിറ്റ് ലഭിക്കുക. ഇത് ബിരുദ പഠനത്തിന് എത്തിയവരുടെ അവസ്ഥ കൂടുതൽ പരിതാപകരമാക്കും.
ഫീസ് കുത്തനെ കൂട്ടിയതും കാനഡയെ കൈവിടാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്. 2024 ജനുവരി 1 മുതൽ വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് പരിധി (minimum cost of living financial requirement) 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 കനേഡിയൻ ഡോളറായിട്ടായിരുന്നു ഉയർത്തിയത്. അതായത് ഫീസടക്കം ഏകദേശം 23 ലക്ഷം വരെയാണ് ഇതോടെ വിദ്യാർത്ഥികൾ കണ്ടെത്തേണ്ടി വരുന്നത്. ഇതോടെ ബിരുദ പഠനത്തിനായി മക്കളെ കാനാഡയിലേക്ക് അയക്കാൻ മാതാപിതാക്കൾ താത്പര്യപ്പെടുന്നില്ലെന്ന് ഇവർ പറയുന്നു. മാത്രമല്ല പിആറും വർക്ക് പെർമിറ്റും ലഭിക്കില്ലെന്നതും കാനഡയെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇനി മുതൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ. ഈ സാഹചര്യത്തിൽ ഇനി അഡ്മിഷൻ ലഭിക്കണമെങ്കിൽ തന്നെ മത്സരം കൂടിയേക്കും. കഷ്ടപ്പെട്ട് കാനഡയിലെത്തിയാലും ദുരിതം തീരില്ലെന്ന ചിന്ത കൂടി വിദ്യാർത്ഥികൾക്കുണ്ട്. ഇതോടെ മറ്റ് പല രാജ്യങ്ങളും തേടുകയാണ് വിദ്യാർത്ഥികൾ. യുഎസ് , യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ വിദ്യാർത്ഥികൾ പോകാൻ തയ്യാറെടുക്കുന്നതെന്ന് കൺസൾട്ടന്റുമാർ വ്യക്തമാക്കി. ഇതുവരെ കാനഡയിൽ ഉപരിപഠനം എന്ന് മാത്രം ബോർഡുകൾ വെച്ചിരുന്ന സ്ഥാപനങ്ങൾ പലരും അതെടുത്ത് മാറ്റി ഇപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളുടെ ബോർഡുകളാണ് സ്ഥാപിക്കുന്നതെന്നും ഇവർ പറഞ്ഞു. അതേസമയം നികുതി അടിത്തറ വർധിപ്പിക്കാൻ കുടിയേറ്റത്തെ ആശ്രയിക്കുന്ന കാനഡയ്ക്ക് ഇപ്പോഴത്തെ സാഹചര്യം പ്രതിസന്ധി തീർത്തേക്കുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.












Click it and Unblock the Notifications