'കാനഡയിലേക്ക് കുടിയേറാനും പിആറിനും 45 ലക്ഷം രൂപ': യുവതിക്ക് ലഭിച്ച ഓഫർ, പിന്നാലെ നടന്നത്
പശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുകയെന്ന സ്വപ്നവുമായി കഴിയുന്ന നിരവധി യുവതി-യുവാക്കളാണ് നമുക്ക് ചുറ്റുമുള്ളത്. കാനഡ, യുകെ പോലുള്ള രാജ്യങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യ സ്ഥാനം. സ്റ്റുഡന്‍ന്റ് വിസയിലെത്തി പഠനം പൂർത്തിയാക്കി അവിടെ തന്നെ സ്ഥിരതാമസമാക്കുകയാണ് പലരുടേയും ലക്ഷ്യം. ജോബ് വിസയില്‍ എത്തുന്നവരും കുറവല്ല.
വിദേശ കുടിയേറ്റ താല്‍പര്യങ്ങള്‍ വർധിച്ചതോടെ ഇവരെ ലക്ഷ്യമിട്ട് നിരവധി റിക്രൂട്ടിങ് ഏജന്‍സികളും നാട്ടില്‍ കൂണുപോലെ മുളച്ച് പൊന്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു റിക്രൂട്ടിങ് ഏജന്‍സി വഴി കാനഡ യാത്രക്ക് ശ്രമിച്ച ഒരു യുവതി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ തട്ടിപ്പിന്റെ വക്കില്‍ നിന്നുമാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

കാനഡയിലേക്ക് കുടിയേറുന്നതിനായി നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് ഏജന്‍സി യുവതിയോട് ചോദിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത യുവതി തന്റെ അനുഭവം വ്യക്തമാക്കുന്നത്. വാട്സാപ്പിലൂടെയായിരുന്നു റിക്രൂട്ടിങ് ഏജന്‍സിയിലെ ഒരു വ്യക്തി തന്നെ ബന്ധപ്പെടുന്നതെന്ന് യുവതി പറയുന്നു.
"ഈ ഒരാൾ എനിക്ക് മെസേജ് അയയ്‌ക്കുന്നു. കാനഡയിലേക്ക് മാറാൻ താനും പദ്ധതിയിട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം എന്റെ പ്രൊഫൈലില്‍ ഞാനും സൂചിപ്പിച്ചിരുന്നു. രണ്ട് ദിവസം സംഭാഷണം തുടർന്നതിന് ശേഷാണ് ആളുകളെ കുടിയേറ്റത്തിന് സഹായിക്കുന്ന ഒരു കമ്പനിക്ക് വേണ്ടി താൻ ഫ്രീലാൻസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നത്" യുവതി റെഡ്ഡിറ്റില്‍ എഴുതുന്നു.
തുടർന്ന് ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായി 45 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ട വ്യക്തി താൻ ജോലി ചെയ്യുന്ന കൺസൾട്ടൻസി കമ്പനിയിലെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. "അവൻ എന്നെ അവന്റെ കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെടുത്തി, അവിടെയുള്ള സ്ത്രീയായിരുന്നു സംസാരിച്ചത്. ഞാനുമായി ബന്ധപ്പെട്ട വ്യക്തിയുടെ ജൂനിയറാണ് അവളെന്നായിരുന്നു വെളിപ്പെടുത്തിയത്." യുവതി കൂട്ടിച്ചേർക്കുന്നു.
45 ലക്ഷം രൂപ അടച്ചാല്‍ എന്റെ പിആറിന് അധിക പോയിന്റുകൾ നേടാമെന്നായിരുന്നു അവരുടെ വാഗ്ധാനം. ഇത് ഉഫയോഗിച്ച് നഗരത്തിന് പുറത്ത് ഒരു സ്ഥലം വാങ്ങാമെന്നും അവർ പറഞ്ഞു. എന്നാല്‍ എനിക്ക് ആ തുക താങ്ങാന്‍ കഴിയുമായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലായതെന്നും യുവതി പറഞ്ഞു.
ഇടപാടുകളിൽ നീതിയും സുതാര്യതയും ഉറപ്പാക്കുന്ന ഒരു ഫീസ് ഷെഡ്യൂൾ കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റ്സ് റെഗുലേറ്ററി കൗൺസിൽ ഇടാക്കുന്നുണ്ടെങ്കിലും കുടിയേറ്റം ലക്ഷ്യമിടുന്നവരെ ചൂഷണം ചെയ്തുകൊണ്ട് നിരവധി തട്ടിപ്പുകളും ഈ മേഖലയില്‍ സജീവമാണ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന ക്രുണാൽ നികം, ആശിഷ് ഗാവ്‌ലി, വികാസ് പട്ടേൽ എന്നിവരാണ് പിടിയിലായത്. വിസ പ്രോസസ്സിംഗ് ഫീസിന്റെയും വർക്ക് പെർമിറ്റിന്റെയും മറവില്‍ ഉദ്യോഗാർത്ഥികളില്‍ നിന്നും ലക്ഷങ്ങളായിരുന്നു ഇവർ തട്ടിയത്.












Click it and Unblock the Notifications