ലക്ഷങ്ങള്‍ ലോണെടുത്ത് കാനഡയിലെത്തി: പക്ഷെ ജോലിയില്ല, വിദ്യാർത്ഥികള്‍ ലഹരിയുടെ പിടിയിലേക്ക്
തൊഴിലില്ലായ്മ മൂലമുണ്ടാകുന്ന സമ്മർദ്ദത്തെ നേരിടാനുള്ള മാർഗ്ഗമെന്ന നിലയിൽ വിദ്യാർത്ഥികൾ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി പോലുള്ള ഹാലുസിനോജെനിക് മരുന്നുകൾ, ഫെൻ്റനൈൽ പോലുള്ള ഒപിയോയിഡുകൾ എന്നിവയിലേക്ക് തിരിയുകയാണെന്നാണ് കൗൺസിലർമാർ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായ പ്രതിമാസം ശരാശരി അഞ്ച് മുതൽ എട്ട് വരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബിരുദധാരികളായ സീനിയർ വിദ്യാർത്ഥികള്‍ പോലും മണിക്കൂറിന് ശമ്പളം നൽകുന്ന ഗിഗ് തൊഴില്‍ തേടിപ്പോകേണ്ടി വരുന്ന എന്നുള്ള വാർത്തകള്‍ തന്നെ മാനസികമായി വളരെ അധികം താഴ്ത്തിയെന്നാണ് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥി വ്യക്തമാക്കുന്നത്. നിലവിൽ പരിസ്ഥിതി ശാസ്ത്രത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ ബർണാബില്‍ പഠിക്കുകയാണ് ഈ വിദ്യാർത്ഥി.

"എൻ്റെ രണ്ടാം സെമസ്റ്ററിൽ, എനിക്ക് ചുറ്റുമുള്ള സീനിയർ വിദ്യാർത്ഥികള്‍ താത്കാലിക ജോലികൾ ചെയ്യുന്നത് ഞാൻ കണ്ടു. ഇത് എന്നെ വളരെ അധികാം സമ്മർദ്ദത്തിലാക്കി. എനിക്കും സമാനമായ ഒരു വിധി നേരിടേണ്ടിവരുമെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. ഇതോടെ ഞാൻ പുകവലി തുടങ്ങി, പിന്നെ മദ്യം, ഒടുവിൽ കഞ്ചാവും ഉപയോഗിച്ചു" 25-കാരൻ പറഞ്ഞു.
ഒരു സെമസ്റ്റർ തോറ്റതിനെ തുടർന്ന് ഈ വിദ്യാർത്ഥി മനശാസ്ത്രജ്ഞൻ്റെ വിദഗ്ധ സഹായം തേടുകയും ഇപ്പോൾ ചികിത്സയിലാണ്. കാനഡയിലെ തെറാപ്പി സെഷനുകളും വളരെ ചെലവേറിയതാണ് . ഓരോ സെഷനും 70 മുതൽ 150 വരെ കനേഡിയന്‍ (4,249 രൂപ മുതൽ 9000 രൂപ വരെ) ഡോളറോ അതില്‍ കൂടുതലോ നല്‍കേണ്ടി വരും.
"നേരത്തെ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിലായിരുന്നു ലഹരി കേസുകൾ കൂടുതലും. ഇപ്പോൾ, ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ചികിത്സ സഹായത്തിനായി എത്തുന്നത് ഞങ്ങൾ കാണുന്നു, "ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്മണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ വംശജനായ കൗൺസിലറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കനേഡിയൻ ബ്യൂറോ ഫോർ ഇൻ്റർനാഷണൽ എജ്യുക്കേഷൻ്റെ കണക്കനുസരിച്ച് നിലവിൽ ഏകദേശം 3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികള്‍ കാനഡയിലുണ്ട്. അവരിൽ പലരും കാനഡയിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ചേരുന്നതിന് ശരാശരി 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വായ്പ എടുത്താണ് വന്നിരിക്കുന്നത്. എന്നാല്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 6.1% ആയിരുന്നതിനാൽ കാമ്പസിൽ നിന്ന് തൊഴില്‍ മേഖലയിലേക്കുള്ള മാറ്റം ദുഷ്കരമാണ്. ഇത് പല വിദ്യാർത്ഥികളേയും മാനസികമായി തളർത്തുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications