കാനഡ റെയില്‍വെ മേഖലയില്‍ അവസരം: പക്ഷെ നാട്ടിലുള്ളവർ കൊതിക്കണോ? ആർക്കെല്ലാം അപേക്ഷിക്കാം, സാലറി എത്ര?
കുടിയേറ്റ ജനസംഖ്യ വർധിച്ചതോടെ കാനഡയില്‍ തൊഴില്‍, പാർപ്പിടം തുടങ്ങിയ മേഖലകളിലെല്ലാം വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് വലിയ വായ്പകളൊക്കെ എടുത്ത് കാനഡയിലേക്ക് കുടിയേറിയ വിദ്യാർത്ഥി സമൂഹമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അവകാശപ്പെടുന്നത് പോലെയുള്ള പാർട്ട് ടൈം ജോലികള്‍ ലഭിക്കാത്തതാണ് പലരേയും പ്രതിസന്ധിയിലാക്കുന്നത്.
പഠനം കഴിഞ്ഞവർക്കാവട്ടെ വിചാരിക്കുന്ന മേഖലയില്‍ ജോലി ലഭിക്കാത്ത സാഹചര്യവും ശക്തമാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് പഠിച്ചിട്ടും പലരും മറ്റ് പല മേഖലകളിലുമാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കാനഡയിലെ ഒരോ ജോലി സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ നിലവില്‍ കാനഡയിലുള്ളവർക്ക് സഹായകരമാവുന്ന, റെയില്‍ വേ മേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാനും തൊഴില്‍ സാധ്യതകളെകുറിച്ചാണ് ഇവിടെ പറയുന്നത്.

തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളിലും ഔദ്യോഗിക വെബ്സൈറ്റിലും റെയില്‍ കമ്പനി ഈ ജോലികള്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലോയർ, പൊലീസ് കോണ്‍സ്റ്റബിള്‍, ക്രൂ മാനേജ്മെന്റ് സെന്റർ ഓഫീസർ, സ്റ്റോർ അറ്റൻഡർ, സ്റ്റേഷന്‍ സർവ്വീസ് അറ്റന്‍ഡന്റ്, മെക്കാനിക്കല്‍ എഞ്ചിനീയർ- സ്ട്രെക്ച്ചർ, മെക്കാനിക്കല്‍ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് കമ്പനി ജോലിക്കാരെ തേടുന്നത്.
ഇതില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് കനേഡിയന്‍ പൗരൻ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റ് മേഖലകളില്‍ ആവശ്യമായ യോഗ്യതകളുള്ള ആർക്കും അപേക്ഷിക്കാം. എന്നിരുന്നാലും കനേഡിയന്‍ പൗരന്മാക്കായിരിക്കും മുന്‍ഗണന ലഭിക്കുക എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.
സ്റ്റേഷൻ സർവീസ് അറ്റൻഡർ
ടൊറന്റോ, ഒന്റാറിയോ തുടങ്ങിയ പ്രൊവിന്‍ഷ്യകളിലേക്കായിട്ടാണ് നിയമനം. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം ഉള്ളവർക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. ടൂറിസം ഹോട്ടല്‍ മേഖലയിലോ എയർലൈൻ വ്യവസായത്തില്‍ പരിചയമുള്ളവർക്ക് മുന്‍ തൂക്കം ലഭിക്കും. ഡ്രൈവർ ലൈസന്‍സ് നിർബന്ധമാണ്. ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂർ മുതല്‍ 40 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടി വരുമെന്നും കമ്പനി അറിയിക്കുന്നു.
രാവിലെ 5:45 മുതൽ അർദ്ധരാത്രി വരെ വിവിധ ഷിഫ്റ്റുകളിലായിട്ടാവും ജോലി. വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഉൾപ്പെടെ ജോലി എടുക്കേണ്ടി വരും. ഒരു സ്റ്റേഷൻ ഏജന്റ് എന്ന നിലയിൽ, നിങ്ങൾ റിസർവേഷനുകൾ നിയന്ത്രിക്കുകയും യാത്രക്കാരെ സഹായിക്കുകയും സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കുകയും ബാഗേജ് കൈകാര്യം ചെയ്യുകയും വേണം. മണിക്കൂറിന് ഏകദേശം 30 ഡോളർ പ്രതിഫലം ലഭിക്കിമെന്നുമാണ് കമ്പനി അറിയിക്കുന്നത്.
ക്രൂ മാനേജ്മെന്റ് സെന്റർ - ഓഫീസർ
മോൺട്രിയൽ, ക്യൂബെക്ക് മേഖലയിലേക്കാണ് ക്രൂ മാനേജ്മെന്റ് സെന്റർ - ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ക്രൂ മാനേജ്മെന്റ് സെന്റർ ഓഫീസർ എന്ന നിലയിൽ, ദിവസേനയുള്ളതും താൽക്കാലികവുമായ ഒഴിവുകൾ കൈകാര്യം ചെയ്യുന്നതിനും എല്ലാത്തരം പ്രധാനപ്പെട്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും വ്യക്തിഗത ഫയലുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതുമായിരിക്കും നിങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം.
അപേക്ഷകർക്ക് ട്രാൻസ്പോർട്ടേഷനിൽ കോളേജ് ഡിപ്ലോമയോ ട്രാന്‍സ്പോർട്ടേഷന്‍ വ്യവസായത്തിലെ പ്രവർത്തനങ്ങളിൽ ഏകദേശം അഞ്ച് വർഷത്തെ പരിചയമോ ഉണ്ടായിരിക്കണം. മൊത്തത്തിൽ, വിവിധ സംവിധാനങ്ങളെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദഗ്ദ്ധനായ ഒരു വ്യക്തിയെയാണ് കമ്പനി തിരയുന്നത്. ഫ്രഞ്ചിലും ഇംഗ്ലീഷിലും ദ്വിഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. 70943 ഡോളർ മുതലായിരിക്കും പ്രതിവർഷ സാലറി.
ഈ ഒഴിവുകളിലേക്കെല്ലാം തന്നെ നിങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ ജോലി അവസരങ്ങളെക്കുറിച്ചും അതേകുറിച്ചുള്ള വിശദമായ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications