നിറയെ അവസരങ്ങളുമായി കാനഡ വിളിക്കുന്നു: പക്ഷെ യാഥാർത്ഥ്യം എന്ത്, ഡ്രൈവറായി മാറിയ ടെക്കി പറയുന്നു
ഉയർന്ന സാങ്കേതിക വൈദഗ്ധ്യമുള്ള കൂടുതല്‍ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡ അമേരിക്കയിലെ H-1B വിസയുള്ളവർക്ക് മൂന്ന് വർഷത്തെ ഓപ്പൺ വർക്ക് പെർമിറ്റ് വാഗ്ദാനം അവതരിപ്പിക്കുന്നത്. ജുലൈ 16 നാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഒരു വർഷം അല്ലെങ്കിൽ 10,000 അപേക്ഷകൾ ലഭിക്കുന്നത് വരെ എന്നതായിരുന്നു കാനഡ മുന്നോട്ട് വെച്ച സമയപരിധി. എന്നാല്‍ പദ്ധതി നിലവില്‍ രണ്ട് ദിവസത്തില്‍ തന്നെ 10000 അപേക്ഷകളിലേറെ ലഭിച്ച് കഴിഞ്ഞു.
ഇതോടെ രണ്ട് ദിവസം കൊണ്ട് തന്നെ കാനഡക്ക് പ്രത്യേക സ്കീം അവസാനിപ്പിക്കേണ്ടിയും വന്നു. കാനഡയുടെ സാങ്കേതിക മേഖല നേരത്തെ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മികച്ച തൊഴിലാളികള്‍ പലപ്പോഴും യുഎസിലേക്ക് കുടിയേറുകയാണ് ചെയ്തിതിരുന്നത്, ഇത് പ്രാദേശിക കമ്പനികളെ വലിയ ബുദ്ധിമുട്ടിലാക്കി. എന്നാൽ അമേരിക്കൻ ടെക് കമ്പനികൾ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകൾ കാനഡയ്ക്ക് വീണ്ടും അവസരം നൽകി.

കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ, H1B വിസ ഉടമകളെ ആകർഷിക്കുന്നതിനുള്ള മികച്ച അവസരമായി ഈ സാഹചര്യം കാണുകയും, അവർക്ക് കാനഡയിൽ സ്ഥിരതയാർന്ന പുതിയ തൊഴിൽ സാധ്യതകളും വാഗ്ദാനം ചെയ്തു. പദ്ധതി അവരുടെ അടുത്ത കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ചു, അവരെ രാജ്യത്ത് ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുകയാണ് കാനഡ ചെയ്തത്.
എന്നാല്‍ കാനഡ മികച്ച അവസരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ തൊഴില്‍ കണ്ടെത്തുക എന്നുള്ളത് പലപ്പോഴും വിഷമകരമായ കാര്യമാണെന്നാണ് കാനഡയിലെത്തിയ ഒരു മുൻ ടെക്കിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടെക്നോളജി മേഖലയില്‍ മികച്ച ജോലിക്കായി ദീർഘനാള്‍ അന്വേഷണം നടത്തിയെങ്കിലും അവസരം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇന്ന് ദീർഘദൂര ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇന്ന് ഈ ടെക്കി.
" വരുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരു സാങ്കേതിക രംഗം ഇന്ന് കാനഡയ്ക്കില്ല. ഇവിടെ ടെക് ജോലികൾ എന്ന് വിളിക്കപ്പെടുന്ന മിക്കതും നോൺ-ടെക് കമ്പനികൾക്കുള്ള ഐടി പിന്തുണയാണ്. അടിസ്ഥാനപരമായി ഒരു കമ്പനിക്ക് ഒന്നോ രണ്ടോ ജോലികൾ ചെയ്യേണ്ടി വരും. ജോലി ലഭിച്ചാലും വലിയ പ്രതിഫലം നൽകുന്നില്ല. " പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
"ഞാൻ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി ജോലി ചെയ്തു, എന്നാൽ ഞാൻ ഇവിടെ വന്നപ്പോൾ, എന്റെ അനുഭവത്തിനും പ്രതീക്ഷകൾക്കും യോജിച്ച ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ ഒരു സുഹൃത്താണ് ട്രക്ക് ഡ്രൈവിങ് ജോലി നിർദ്ദേശിക്കുന്നു. അങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്. ഐടി ജോലികളിൽ ഒരു മാസത്തേക്ക് എനിക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ വലുതായിരുന്നു ഈ ജോലിയിലെ ആദ്യ രണ്ടാഴ്ചത്തെ ഏന്റെ ശമ്പളം.
"ആ 10,000 അപേക്ഷകൾ ഇത്ര വേഗത്തിൽ വന്നത് എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്, H1B-യിൽ നിന്ന് ഗ്രീൻ കാർഡിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ നീണ്ട കാത്തിരിപ്പ് പട്ടികയുണ്ട്. എന്നാൽ കാനഡയിൽ വന്ന് തൊഴിൽ അന്വേഷിക്കുന്നതോടെ അവർ ഞെട്ടിപ്പോവും. കനേഡിയൻ ടെക് കമ്പനികള്‍ സിലിക്കൺ വാലി ടെക് കമ്പനികള്‍ നല്‍കുന്നതിന്റെ പകുതി ശമ്പളം മാത്രമേ നൽകുന്നുള്ളൂ, ഇവിടെ റിയൽ എസ്റ്റേറ്റ് ബേ ഏരിയ പോലെ ചെലവേറിയതാണ്, "മുൻ ടെക്കി പറഞ്ഞു.
ജോലി ലഭിക്കാന്‍ കഴിയാതിരിക്കുന്നത്, വലിയ രീതിയിലുള്ള സാമൂഹിക അരക്ഷിതാവസ്ഥകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സംഘടിത ട്രക്ക് മോഷണ സംഘത്തിൽ ഏർപ്പെട്ടതിന് കഴിഞ്ഞയാഴ്ച, ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) പതിനഞ്ച് ഇന്തോ-കനേഡിയൻമാരെ അറസ്റ്റ് ചെയ്തിരുന്നു. ട്രക്ക് യാർഡുകളിലെ വേലി മുറിച്ച് വാഹനങ്ങളും ചരക്കുകളും മോഷ്ടിച്ചതായും പിന്നീട് കരിചന്തയില്‍ വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications