കാനഡ മടുക്കാന്‍ എന്താണ് കാരണം, ഇന്ത്യന്‍ വിദ്യാർത്ഥികളെ ചൂഷണം ചെയ്തോ? തുടക്കം മെയ് മാസത്തില്‍
വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് മുന്നിലുള്ള ജനപ്രിയ രാജ്യങ്ങളിലൊന്നായിരുന്ന കാനഡ. എന്നാല്‍ അടുത്തിടെ വിവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ കാനഡയുടെ ജനപ്രീതി ഇടിയുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകൾ കുറഞ്ഞതോടെ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ കുതിപ്പ് അവസാനിക്കുകയാണെന്ന് കാനഡയിലെ ഏറ്റവും വലിയ ഇൻഡിപെൻഡന്റ് ഹൗസിംഗ് ന്യൂസ് ഔട്ട്‌ലെറ്റായ ബെറ്റർ ഡ്വെലിങ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം കാനഡയില്‍ എത്തിയ മുഴുവന്‍ അന്താരാഷ്ട്ര വിദ്യാർത്ഥികളുടേയും കണക്ക് എടുക്കുമ്പോള്‍ ഇതില്‍ 40% വും ഇന്ത്യക്കാരാണ്. 2021-ൽ സമർപ്പിച്ച എല്ലാ അഞ്ച് സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ രണ്ടിലും (43%) ഇന്ത്യക്കാരുടേതായിരുന്നു. 2022-ൽ, അത് പകുതിയിലധികം (49%) ആയി വർദ്ധിക്കുകയും ഈ വർഷം സമാനമായ നിരക്കിൽ വളരുകയും ചെയ്തു. 2023 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ, 42% അപേക്ഷകളും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നാണ്. എന്നാല്‍ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞ് തുടങ്ങി.

2022 ജൂലൈ മുതൽ ഒക്ടോബർ വരെ കനേഡിയൻ ഗവൺമെന്റ് ഇന്ത്യൻ പൗരന്മാർക്കായി പഠനാനുമതി തേടുന്ന 146,000 അധിക അപേക്ഷകൾ പ്രോസസ്സ് ചെയ്തു. എന്നാൽ 2023-ൽ ഇതേ കാലയളവിൽ ഇത് കൈകാര്യം ചെയ്തത് 87,000-ത്തിൽ താഴെ മാത്രമാണ്. 41% ശതമനാമാണ് ഈ കണക്കിലെ ഇടിവ്. അതേസമയം, 2023 ജൂലൈ മുതൽ ഒക്ടോബർ വരെ, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഏകദേശം 60,000 വിദ്യാർത്ഥി വിസകൾ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രോസസ്സ് ചെയ്തു.
ഒരു പഠന-വിദേശ ലക്ഷ്യസ്ഥാനമെന്ന നിലയിൽ കാനഡയോടുള്ള ഇന്ത്യയുടെ താൽപര്യം പെട്ടെന്ന് കുറയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളാണുള്ളത്. കാനഡയും ഇന്ത്യയും തമ്മില്‍ സമീപകാലത്ത് ആരംഭിച്ച നയതന്ത്ര തർക്കങ്ങളാണ് വിദ്യാർത്ഥികളുടെ താല്‍പര്യക്കുറവിനെന്ന് തോന്നാമെങ്കിലും അത് പൂർണ്ണമായും ശരിയല്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് സെപ്തംബർ മാസത്തോടെയാണ്. എന്നാല്‍ മെയ് മാസം മുതല്‍ തന്നെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞ മാസം പുറത്ത് വന്നത്. പാർപ്പിടമാണ് പ്രധാന പ്രശ്നം. ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്ന കഥകൾ കൂടുതൽ സാധാരണമാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ മുന്നൂറിലേറെ വിദ്യാർത്ഥികള്‍ തട്ടിപ്പിന് ഇരയായ സംഭവവുമുണ്ടായി. ഈ വിദ്യാർത്ഥികളെ നാടുകടത്താനുള്ള നീക്കം വലിയ പ്രതിഷേധത്തിനിടെയാണ് കാനഡ താല്‍ക്കാലികമായെങ്കിലും നിർത്തിവെച്ചത്. ചുരുക്കത്തില്‍ നയതന്ത്ര വിഷയം വരുന്നതിന് മുമ്പ് തന്നെ കാനഡയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ ജനപ്രീതി കുറയാന്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications