കാനഡയില്‍ പിടിച്ച് നില്‍ക്കാന്‍ വിദ്യാർത്ഥികളുടെ അവസാന ശ്രമം: പിആർ കിട്ടുന്നത് 10 ല്‍ 3 പേർക്ക് മാത്രം
അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് കാനഡ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യക്കാർ അടക്കമുള്ളവർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. സർക്കാറിന്റെ തീരുമാനം കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ തിരിച്ചടി നല്‍കുന്നു.
കനേഡിയൻ അന്തർദേശീയ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കിച്ചനറിലെ കോനെസ്റ്റോഗ കോളേജിനുള്‍പ്പെടെ വിദേശ വിദ്യാർത്ഥി നിയന്ത്രണം പ്രതിസന്ധി സൃഷിട്കിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിലെ ഏറ്റവും വേഗതയേറിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കോളേജാണ് കോനെസ്റ്റോഗ. 2021 ൽ 13000 അന്തർദേശീയ വിദ്യാർത്ഥികളായിരുന്നു ഇവിടെ എത്തിയതെങ്കില്‍ 2023 ൽ ഇത് 30000 ആയി ഉയർന്നു. കാനഡയിലെ മറ്റേതൊരു കോളേജിനെയും മറികടക്കുന്ന ഈ റെക്കോർഡ് സംഖ്യകൾ കോടിക്കണക്കിന് ഡോളറാണ് കോനെസ്റ്റോഗ കോളേജ് മാത്രമാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്.

എന്നാല്‍, അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിയില്‍ സർക്കാർ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ മറ്റ് കോളേജുകൾ കോനെസ്റ്റോഗയ്ക്ക് നേരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമിട്ട് കോനെസ്റ്റോഗ കോളേജ് വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തങ്ങളുടെയൊക്കെ സാധ്യതകളെ ബാധിച്ചുവെന്നാണ് മറ്റുള്ളവരുടെ ആരോപണം.
കോളേജുകള്‍ തമ്മില്‍ കലഹം വിദേശ വിദ്യാർത്ഥികളിലൂടെയുള്ള വരുമാന നഷ്ടത്തിന്റെ പേരിലാണ്. എന്നാല്‍ വിദ്യാർത്ഥികളുടെ കാര്യം ഇതില്‍ നിന്നും നേരെ വ്യത്യസ്തമാണ്. സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ആയിരക്കണക്കിന് ഡോളർ ചെലവഴിച്ച് കാനഡയിലേക്ക് വർഷം തോറും എത്തുന്നത് നിരവധി വിദ്യാർത്ഥികളാണ്.
കാനഡ മുമ്പെന്നത്തേക്കാളും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നുണ്ടെങ്കിലും, വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസൃതമായി പ്രവർത്തിക്കാൻ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് പ്രതിസന്ധി ശക്തമാക്കിയത്. സ്ഥിതിഗതികൾ അനുസരിച്ച്, ഓരോ 10 അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ ഏകദേശം മൂന്ന് പേർക്ക് മാത്രമാണ് സ്ഥിരതാമസാവകാശം ലഭിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ വിദ്യാർത്ഥികള്‍ വലിയ ആശങ്കയിലാണ്. ഇതിന് പരിഹാരമായി പലരും അഭയാർത്ഥികളായി മാറാനുള്ള അപേക്ഷകളും നല്‍കുന്നുണ്ട്. കോനെസ്റ്റോഗ കോളേജിൽ മാത്രം, അത്തരം അപേക്ഷകള്‍ ഒരു വർഷത്തിനുള്ളിൽ 4.5 മടങ്ങ് വർദ്ധിച്ചു. 2022-ൽ 106-ൽ നിന്ന് 2023-ൽ 450 ആയെന്നാണ് വാട്ടർലൂ റീജിയൻ റെക്കോർഡിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അഭയാർത്ഥി പെർമിറ്റിന് അപേക്ഷ നല്‍കുന്നത് തീർച്ചയായും അവസാനത്തെ ആശ്രയം എന്ന നിലയ്ക്കാണ്. വിദ്യാർത്ഥികൾ ആദ്യം പഠനാനുമതി നീട്ടാൻ ശ്രമിക്കുന്നു: കോനെസ്റ്റോഗയിൽ മാത്രം, 6,600-ലധികം പേർ പഠനാനുമതി നീട്ടാനായി അപേക്ഷ കൊടുത്തിട്ടുണ്ട്. ഒരു LMIA (ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെൻ്റ്) ലഭിക്കാൻ ചിലർ കൂടുതൽ പണം ചിലവഴിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications