കാനഡയില്‍ പോയാല്‍ ആരൊക്കെ രക്ഷപ്പെടും: പാർട് ടൈം ജോലിയില്‍ എങ്ങനെ ഉയർന്ന ശമ്പളം നേടാം?
ഓരോ വർഷവും വലിയ തോതില്‍ വിദ്യാർത്ഥികളാണ് ഇന്ത്യയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബികളും മലയാളികളുമാണ്. എന്നാല്‍ സമീപകാലത്തായി ഇവരില്‍ പലരും തൊഴില്‍ നേടുന്നതിനായി വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു തൊഴിലിനായി മാളുകള്‍ക്ക് പുറത്ത് ക്യൂ നില്‍ക്കുന്ന നൂറുകണക്കിന് ആളുകളുടെ വീഡിയോകളും സമീപകാലത്ത് ധാരാളമായി പുറത്ത് വന്നിട്ടുണ്ട്.
വലിയി വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടെങ്കിലും പ്രാഥമികമായി വൈദഗ്ധ്യമില്ലാത്ത മേഖലകളിലാണെങ്കിലും ഒരു ജോലി കിട്ടിയാല്‍ മതിയെന്നാണ് പലരുടേയും ചിന്താഗതി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കുതിച്ചുയരുന്ന ഭവന വാടകയും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഉപജീവനത്തിനായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ പലപ്പോഴും ആശ്രയിക്കുന്ന ഫുഡ് ബാങ്കുകൾ പ്രവേശനം നിയന്ത്രിച്ചതും തിരിച്ചടിയായി.

ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പുതിയ വിദ്യാർത്ഥികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിന് മുമ്പ് വിദ്യാർത്ഥികള്‍ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വർഷവും, വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിൽ എത്തുന്ന ഏകദേശം 5-ലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വിദ്യാർത്ഥികളിൽ ഗണ്യമായ എണ്ണം കാനഡയിൽ ജോലി ചെയ്തുകൊണ്ട് അവരുടെ ജീവിതച്ചെലവിനും ഫീസിനുമുള്ള തുക കണ്ടെത്തുകയുമെന്ന ലക്ഷ്യത്തോടെയുമാണ് വരുന്നത്. ഇതിനായി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നൈപുണ്യമില്ലാത്ത ജോലികളിൽ ഏർപ്പെടുന്നു. വിദ്യാഭ്യാസത്തിന് ശേഷവും ഇവരില്‍ പലരും ഇത് തുടരേണ്ടി വരുന്നു. വിദഗ്‌ദ്ധരല്ലാത്ത തൊഴിലാളികളുടെ തുടർച്ചയായ പ്രവാഹം തൊഴിലവസരങ്ങൾ നൽകാനുള്ള രാജ്യത്തിന്റെ കഴിവിനെ വെല്ലുവിളിച്ചേക്കാമെന്ന് വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാല്‍ തന്നെയും കാനഡയിൽ ആവശ്യമായ വൈദഗ്ധ്യം നേടിയെടുക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് ഉറപ്പുള്ള ജോലികൾ മാത്രമല്ല, നൈപുണ്യമില്ലാത്ത ജോലിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വരുമാനവും നേടാനാകും. ഇത് പാർട്ട് ടൈം അടിസ്ഥാനത്തിൽ പോലും ലഭിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കൃഷി, ഗതാഗതം, ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സേവനങ്ങൾ, ക്ലീനിംഗ് മേൽനോട്ടം, വനം, വാച്ച് അറ്റകുറ്റപ്പണികൾ, കരാർ, മോട്ടോർ റിപ്പയർ, വെൽഡിംഗ്, കേബിൾ സ്ഥാപിക്കൽ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിലായി 370 ഓളം വിദഗ്ധ തൊഴിലാളികൾ കാനഡയ്ക്ക് ആവശ്യമാണ്. ഗ്യാസ് ഫിറ്റിംഗ്, കാബിനറ്റ് നിർമ്മാണം, വിവിധ മെക്കാനിക്കൽ ഫീൽഡുകൾ, ഇലക്ട്രിക്കൽ മെക്കാനിക്സ്, കെയർ ഓപ്പറേഷൻസ്, ഡെക്ക് ഓഫീസർമാർ, വാട്ടർ ആൻഡ് വേസ്റ്റ് ട്രീറ്റ്മെന്റ്, സ്പോർട്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവയിലും ഒഴിവുകളുണ്ട്.
ഈ മേഖലയിലെ കഴിവുകള്‍ വിദ്യാർത്ഥികള്‍ എളുപ്പത്തില്‍ പാർട് ടൈം ജോലികള്‍ കണ്ടെത്താന്‍ സഹായിക്കും. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള ശമ്പളവും നല്‍കും. കൂടാതെ, കാനഡയിലേക്കുള്ള 'എക്‌സ്‌പ്രസ് എൻട്രി'ക്ക് ചില വൈദഗ്ധ്യാധിഷ്ഠിത പ്രോഗ്രാമുകളും അനുകൂലമാണ്. നൈപുണ്യമില്ലാത്ത ജോലികളെ അപേക്ഷിച്ച് ചില കഴിവുകളുള്ള വിദ്യാർത്ഥികൾക്ക് ഉറപ്പുള്ള ജോലിയും മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്ന് കൺസൾട്ടന്റ് ഗുർപ്രീത് സിംഗും അവകാശപ്പെടുന്നു.
ബ്രിട്ടീഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യൂബെക്ക്, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകൾ പ്രവിശ്യാ കുടിയേറ്റത്തിനായുള്ള 'എക്സ്പ്രസ് എൻട്രി' പ്രോഗ്രാമുകൾക്ക് കീഴിൽ വിദഗ്ധ തൊഴിലാളികൾക്കായി വാതിലുകൾ തുറന്നിട്ടുണ്ട്. ഈ പ്രവിശ്യകൾക്കുള്ളിലെ കോളേജുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്, അവശ്യ വൈദഗ്ധ്യങ്ങളോടെ, പഠനം തുടരുമ്പോൾ കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ആസ്വദിക്കാനാകുമെന്ന് കൺസൾട്ടന്റുമാർ കൂട്ടിച്ചേർക്കുന്നു.
വിദ്യാർത്ഥികൾ സാധാരണയായി അവരുടെ പ്ലസ്ടു, അല്ലെങ്കില്‍ ബിരുദ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയാണ്. തൊഴിൽ പരിചയം തീരേയില്ല ഇല്ല. ഇതാണ് അവിദ്ഗധ തൊഴിലിലേക്ക് നയിക്കുന്നത്. ഈ സാഹചര്യം ബുദ്ധിമുട്ടുകൾ, വിഷാദം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയിലേക്കും നയിക്കുന്നു. ഒരു തൊഴില്‍ വൈദഗ്ദ്ധ്യം പഠിക്കുന്നത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, സാമ്പത്തിക സ്ഥിരതയും പ്രദാനം ചെയ്യുന്നുവെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർക്കുന്നു.
കനേഡിയൻ പ്രവിശ്യയിലെ ഉയർന്ന ഡിമാൻഡുള്ള ജോലിയിൽ പ്രാവീണ്യമുള്ള ഒരു വിദ്യാർത്ഥിക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നതിനാൽ, പാർട്ട് ടൈം ജോലിയിലൂടെ ഗണ്യമായ വരുമാനം നേടാനാകും. അതേസമയം, ഒരു തൊഴില്‍ വൈദ്യഗ്ദ്യവും ഇല്ലാതെ എത്തുന്നവരാണ് വലിയ രീതിയില്‍ ബുദ്ധിമുട്ടുന്നത്.












Click it and Unblock the Notifications