കാനഡ മോഹം ഉപേക്ഷിക്കേണ്ടി വരുമോ? ആശങ്കയായി പുതിയ റിപ്പോർട്ട്, തൊഴിലുകള്‍ കുറയുന്നു
കാനഡയില്‍ ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികള്‍ക്ക് മതിയായ പാർട് ടൈം തൊഴിലുകള്‍ ലഭിക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരിക്കുന്നു. ഇപ്പോഴിതാ പാർട് ടൈം തൊഴിലില്‍ മാത്രമല്ല, മുഴുവന്‍ സമയ തൊഴിലുകളില്‍ രാജ്യത്ത് വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കാനഡയിലെ ജോലി ഒഴിവുകൾ ജൂണിൽ 1.2% കുറഞ്ഞ് 753,400 ആയെന്നാണ് അന്തർദേശീയ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസം മുമ്പ് കാനഡയിലെ ജോലി ഒഴിവുകള്‍ 762,300 ആയിരുന്നു. നിലവിലെ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യാഴാഴ്ച പുറത്ത് വിട്ട് റിപ്പോർട്ട് ഉദ്ധരിച്ച് ബ്ലൂംബെർഗ് വ്യക്തമാക്കുന്നത്. മൊത്തത്തില്‍ തൊഴിൽ ഒഴിവുകളുടെ നിരക്ക് 4.2% ആയി കുറഞ്ഞു.

കാനഡയിലെ തൊഴിൽ വിപണി ക്രമാനുഗതമായ രീതിയിൽ ഇടിയുന്നു എന്നതാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ജൂണിലെ ഇടിവ്, 2022 മെയ് മാസത്തിലെ ഒരു മില്യൺ എന്ന റെക്കോർഡ് ഉയർന്ന ഒഴിവുകളിൽ നിന്ന് 249,900 ആയി കുറഞ്ഞു. അതേ സമയം ഏകദേശം 5.7% ആയി ഉയർന്നതിനാൽ ഒഴിവുകളുടെ നിരക്കും കുറഞ്ഞു.
കഴിഞ്ഞ നവംബറിൽ നടന്ന ഒരു പ്രസംഗത്തിൽ, ജോലി ഒഴിവുകളുടെ നിരക്കും തൊഴിലില്ലായ്മ നിരക്കും തമ്മിലുള്ള വിപരീത ബന്ധത്തെ കുറിച്ച് ഗവർണ്ണർ മക്കല്ലവും വ്യക്തമാക്കിയിരുന്നു. ജൂണിലെ ഒഴിവുകളിൽ ഏറ്റവും വലിയ പ്രതിമാസ ഇടിവ് ഫിനാൻസ്, ഇൻഷുറൻസ്, താമസ-ഭക്ഷണ സേവനങ്ങൾ, നിർമ്മാണ വ്യവസായം എന്നിവയിലാണ്.
എന്നാൽ ആരോഗ്യപരിരക്ഷയിലും സോഷ്യല്‍ സർവ്വീസ് മേഖലയിലുമുള്ള ഒഴിവുകൾ വീണ്ടും ഉയർന്നു, കൂടാതെ ഈ മേഖലയിൽ ശമ്പളപ്പട്ടികയിലുള്ള തൊഴിലവസരങ്ങളിൽ ഏറ്റവും വലിയ പ്രതിമാസ വർദ്ധനവും ഉണ്ടായി. "തൊഴിൽ വിപണിയിൽ പ്രതിസന്ധി നേരിടുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. ഇത് ഒഴിവുകളുടെ സമീപകാല താഴോട്ടുള്ള പ്രവണത വർദ്ധിപ്പിക്കുന്നു'' കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കൊമേഴ്‌സിലെ സാമ്പത്തിക വിദഗ്ധയായ കാതറിൻ പറയുന്നു.
നേരത്തെ, പ്രതീക്ഷിച്ചതിനേക്കാൾ 10,000 തൊഴിലവസരങ്ങളായിരുന്നു ഏപ്രിലിൽ കാനഡയിൽ വർദ്ധിച്ചത്. ഇതോടെ കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ടായി. മാർച്ചിൽ 5.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഏപ്രിലിൽ ഇത് 5.7 ശതമാനമായി കുറഞ്ഞു.
ഏപ്രിലിലെ മൊത്തം പുതിയ തൊഴിലവസരങ്ങളിൽ 73,000 പേർ മുഴുവൻ സമയ ജോലിക്കാരായിരുന്നു. സ്വകാര്യ മേഖലയിൽ 84,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 426,000 പുതിയ തൊഴിലവസരങ്ങളാണ് ഇത്തവണ ഏപ്രിലില്‍ ഉണ്ടായിരുന്നത്. അതിൽ 248,000 അവസരങ്ങളും മുഴുവൻ സമയ ജോലികളിലാണ്.
കാനഡയിലെ ഏറ്റവും ജനകീയ പ്രവിശ്യയായ ഒന്റാറിയോയിൽ ഏപ്രിലിൽ പുതുതായി 47,000 പേർക്കാണ് ജോലി ലഭിച്ചത്. 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കും 55 വയസിനും അതിനു മുകളിൽ പ്രായമുള്ളവർക്കും 25 മുതൽ 54 വയസ്സു വരെയുള്ള സ്ത്രീകൾക്കുമാണ് ഏറ്റവും കൂടുതൽ ജോലി ലഭിച്ചിരിക്കുന്നതെന്നുമായിരുന്നു മെയ് മാസം പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് നേരെ വിപരീതമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications