കാനഡയിലേക്ക് കുടിയേറാന്‍ രണ്ട് മാർഗ്ഗങ്ങള്‍: ഏതാണ് കൂടുതല്‍ അനുയോജ്യം, നേട്ടമെന്ത്, കോട്ടമെന്ത്?
കാനഡയിലേക്ക് കുടിയേറാനുള്ള പ്രധാനപ്പെട്ട രണ്ട് മാർഗ്ഗങ്ങളാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും എക്‌സ്‌പ്രസ് എൻട്രിയും. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനാല്‍ തന്നെ ഇതില്‍ ഏത് മാർഗ്ഗമാണ് കാനഡയിലേക്ക് കുടിയേറി സ്ഥിര താമസാവകാശം (പിആർ) ലഭിക്കാന്‍ ഏറ്റവും മികച്ചതെന്ന സംശയം പലർക്കുമുണ്ട്.
കാനഡയിലെ ഭാവി നിർണ്ണയിക്കുന്നതിലും പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കുന്നതിലും തിരഞ്ഞെടുക്കുന്ന മാർഗ്ഗം ഏറെ പ്രധാനപ്പെട്ടതെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ എഴുതിയ ലേഖലനത്തില്‍ രോഹിത് സേതി വ്യക്തമാക്കുന്നത്.
എന്താണ് എക്സ്പ്രസ് എൻട്രി സിസ്റ്റം
കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് എക്സ്പ്രസ് എൻട്രി സിസ്റ്റം. 2015-ൽ ആരംഭിച്ച ഈ സംവിധാനം സാമ്പത്തിക കുടിയേറ്റക്കാരെ സ്ഥിര താമസത്തിനായി തിരഞ്ഞെടുക്കുന്നതില്‍ കുടിയേറ്റ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. റാങ്കിംഗ് സംവിധാനത്തിലൂടെയാണ് എക്സ്പ്രസ് എൻട്രി അനുവദിക്കുന്നത്.

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ദ്ധ്യം, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള കഴിവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാല്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നു എന്നുള്ളതാണ് എക്സ്പ്രസ് എൻട്രി സംവിധാനത്തിന്റെ പ്രത്യേകതകളിലൊന്ന്.
എന്നുവെച്ച് ഇത് വളരെ എളുപ്പമാണ് എന്നല്ല പറഞ്ഞ് വരുന്നത്. എക്സ്പ്രസ് എൻട്രിക്കും അതിന്റേതായ എല്ലാ സങ്കീർണതകളുമുണ്ട് എന്നതും ഓർക്കേണ്ടതാണ്. ചെറിയ കാര്യങ്ങള്‍ പോലും അപേക്ഷകന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധാപൂർവ്വം വേണം എക്സ്പ്രസ് എൻട്രിക്കുള്ള അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാന്‍.
പരിമിതമായ ഒഴിവുകള്‍ക്കായി നിരവധി ഉന്നത വൈദഗ്ധ്യമുള്ള വ്യക്തികൾ മത്സരിക്കുന്നതിനാൽ തന്നെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ കാനഡയിലേക്ക് പ്രവേശിക്കാമെന്നുള്ളത് ഏറെ കടുപ്പമേറിയതാക്കുന്നു. എങ്കിലും നിഷ്കർഷിക്കുന്ന എല്ലാ മേഖലകളിലും മികച്ച നില്‍ക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്കും എക്സ്പ്രസ് എൻട്രി മാർഗ്ഗം വഴി കാനഡയിലേക്ക് കുടിയേറാം.
എന്താണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)?
കാനഡയിലെ പതിമൂന്ന് പ്രവിശ്യകളും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ അല്ലെങ്കിൽ പിഎൻപികൾ എന്ന് വിളിക്കപ്പെടുന്ന സ്വന്തം ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രവിശ്യകൾക്ക് വ്യത്യസ്‌ത ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, അവരുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ സാമ്പത്തികവും ജനസംഖ്യാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായി അവർ തന്നെ തീരുമാനിക്കുക്കയാണ് ചെയ്യുന്നത്.
ഓരോ പ്രവിശ്യയ്ക്കും പ്രദേശത്തിനും അതിന്റേതായ പ്രത്യേക മാനദണ്ഡങ്ങള്‍ ഉള്ളതിനാൽ, പിഎന്‍പി സ്ഥിര താമസത്തിനായി വൈവിധ്യമാർന്ന മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ അഭിലാഷങ്ങൾ, മുൻഗണനകൾ, കരിയർ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുയോജിച്ച നിർദ്ദിഷ്ട പ്രവിശ്യകളിലേക്കോ പ്രദേശങ്ങളിലേക്കോ നേരിട്ടുള്ള പ്രവേശനത്തിന് പിഎന്‍പി അവസരം ഒരുക്കുന്നു.
ചില പ്രവിശ്യകളിൽ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളാണ് വെക്കുന്നത് എന്നതിനാല്‍ തന്നെ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ വേണ്ടത്ര ഉയർന്ന സ്കോർ നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് പിഎൻപിയിലൂടെ ഒരുപക്ഷെ കാനഡ കുടിയേറ്റം സാധ്യമായേക്കും. കുടിയേറ്റ സാധ്യതകളുടെ വിശാലമായ മരുഭൂമിയിൽ മറഞ്ഞിരിക്കുന്ന ഒരു മരുപ്പച്ച കണ്ടെത്തുന്നതിന് തുല്യമാണിതെന്നും രോഹിത് സേതി കുറിക്കുന്നു.
അനുയോജ്യം ഏത് മാർഗ്ഗം
രണ്ട് മാർഗ്ഗങ്ങളുടേയും ഗുണവും ദോഷവും വിശദീകരിച്ച സ്ഥിതിക്ക് ഏത് മാർഗ്ഗമാണ് തിരഞ്ഞെടുക്കേണ്ടത് എന്നതായിരിക്കും അടുത്ത ചോദ്യം. എക്‌സ്‌പ്രസ് എൻട്രിയിൽ ഉയർന്ന സ്‌കോറുകൾ ഉണ്ടെങ്കിലും, നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരു പ്രത്യേക പ്രവിശ്യയുമായോ പ്രദേശവുമായോ ഒത്തുചേരുന്നുവെങ്കിൽ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമായിരിക്കും കാനഡ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യം.
നേരെമറിച്ച്, നിങ്ങൾ സ്ഥിരതാമസത്തിനായുള്ള വേഗത്തിലുള്ള മാർഗ്ഗമാണ് ലക്ഷ്യമിടുന്നതെങ്കില്‍ എക്സ്പ്രസ് എൻട്രിയായിരിക്കും നിങ്ങള്‍ക്ക് അനുയോജ്യം. എക്സ്പ്രസ് എൻട്രി പ്രോഗ്രാമും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും (പിഎൻപി) കാനഡയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കും ലഭ്യമാണ്.
എക്സ്പ്രസ് എൻട്രി ഒരു പോയിന്റ് അധിഷ്ഠിത സംവിധാനമായതിനാല്‍ താഴ്ന്ന റാങ്കിലുള്ള അപേക്ഷകർക്ക് അവരുടെ മൊത്തത്തിലുള്ള സ്കോർ വർദ്ധിപ്പിക്കുന്നതിന് പിഎന്‍പി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റത്തിൽ (CRS) 600 പോയിന്റുകൾ അധികമായി നൽകുന്നതിനാൽ ഒരു പ്രവിശ്യയോ പ്രദേശമോ അവരെ നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, ഐടിഎ (prized Invitation to Apply) നേടാനുള്ള സാധ്യത വർദ്ധിക്കും.
ആത്യന്തികമായി, എക്സ്പ്രസ് എൻട്രിക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഓരോന്നും അതുല്യമായ സാഹചര്യങ്ങളിലേക്ക് വഴിതുറക്കുന്നു. സമഗ്രമായ ഗവേഷണം നടത്തുകയും പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യുന്നത് ഏത് മാർഗ്ഗം തിരഞ്ഞെടുക്കാനും നല്ലതാണ്. ഏത് മാർഗ്ഗം തിരഞ്ഞെടുക്കുമ്പോഴും നിങ്ങളുടെ താല്‍പര്യവുമായി ചേർന്ന് നില്‍ക്കുന്നതാണെന്നാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.












Click it and Unblock the Notifications