കാനഡ: ഞെട്ടിച്ച് ഇന്ത്യക്കാരുടെ പുതിയ കണക്ക്, കുത്തനെ ഇടിഞ്ഞു, ആശ്വസിക്കാനും നേരിയ വകയുണ്ട്
കഴിഞ്ഞ കുറച്ച് വർഷങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ കുടിയേറുന്ന രാജ്യമായി കാനഡ മാറിയിരുന്നു. പഠനത്തിന് ശേഷം ജോലിയും പിആറും നേടി കാനഡയില്‍ തന്നെ സ്ഥിരതാമസമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും കുടിയേറിയിരുന്നത്. എന്നാല്‍ സമീപകാലത്ത് കാനഡയില്‍ ഉയർന്ന് വന്ന പ്രതിസന്ധികള്‍ ഇന്ത്യക്കാരുടെ കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ തോതില്‍ ഇടിവ് വരുത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കനേഡിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരാനുള്ള ഇന്ത്യക്കാരിൽ നിന്നുള്ള പഠന പെർമിറ്റ് അപേക്ഷകൾ 2022 നെ അപേക്ഷിച്ച് 2023 ൽ 15% കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തോടൊപ്പം രാജ്യത്ത് ഉയർന്ന് വന്ന ഭവന പ്രതിസന്ധിയും അതേതുടർന്ന് സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങളും ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം കുറയാന്‍ ഇടയാക്കി.

കാനഡയുടെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പില്‍ നിന്നുള്ള വിവരം അനുസരിച്ച്, 2023 ലെ പഠന അനുമതി അപേക്ഷകൾ മുൻ വർഷത്തെ 363484 ൽ നിന്ന് 307603 ആയി കുറഞ്ഞിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. 2023 ലെ അവസാന പാദത്തിലാണ് അപേക്ഷകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായത്. 2022 ൽ രേഖപ്പെടുത്തിയ 119923 ൽ നിന്ന് 69203 ആയി ഇടിഞ്ഞു. അതായത് 42% കുറവാണ് ഉണ്ടായിരിക്കുന്നത്.
അപേക്ഷകളുടെ എണ്ണം കുറഞ്ഞപ്പോൾ, ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന യഥാർത്ഥ പഠനാനുമതി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 225820 ആയിരുന്നത് റെക്കോർഡ് നിരക്കായ 278860 ആയി ഉയർന്നു. 2022-ൽ ആകെ അനുവദിച്ച 548720 സ്റ്റഡി പെർമിറ്റ് ഉടമകളിൽ 41% ഇന്ത്യൻ വിദ്യാർത്ഥികളാണ്. 2023-ൽ ഇത് 684385 ആണ്.
ഇന്ത്യയിൽ നിന്നുള്ള ഏകദേശം 300,000 അന്തർദേശീയ വിദ്യാർത്ഥികൾ നിലവിൽ കാനഡയിലുണ്ടെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ പറയുന്നത്. കാനഡ വിദേശ വിദ്യാർത്ഥികളുടെ മേല്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതിനാല്‍ 2024 മുതല്‍ പഠനാനുമതികളുടെ എണ്ണം വീണ്ടും കുറഞ്ഞേക്കും.
അതേസമയം, അന്താരാഷ്‌ട്ര വിസ നിയന്ത്രണങ്ങളില്‍ നിന്ന് ചില വിദ്യാലയങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ഒരു പ്രവിശ്യ തന്നെ കാനഡയില്‍ രംഗത്ത് വന്നിട്ടുണ്ട്. ട്രക്കിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ പ്രധാന ജോലികൾക്കായി ആളുകളെ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് കൊളംബിയ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ ജോലി നികത്താൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാതിരിക്കാന്‍ സർക്കാർ ശ്രദ്ധിക്കണമെന്ന് ബിസി പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ലിസ ബിയർ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ട്രക്കിംഗ്, ബാല്യകാല വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവയുൾപ്പെടെ, "ഡിമാൻഡ് ഏരിയകൾക്കായി ബിസിയുടെ ലെറ്റർ ഓഫ് അറ്റസ്റ്റേഷൻ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണം തുടരുന്നതിന്" ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറുമായി താൻ കൂടിക്കാഴ്ച നടത്തുമെന്നും ബെയർ പറഞ്ഞു.












Click it and Unblock the Notifications